കൈക്കൂലി ആരോപണം; ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനേക്കൊണ്ട് കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് തീറ്റിച്ച് നാട്ടുകാർ

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ കൈക്കൂലി ആരോപണത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉഗ്യോഗസ്ഥനെ ജനക്കൂട്ടം തടഞ്ഞുവെച്ചു. കാലാവധി കഴിഞ്ഞ ബിസ്ക്കറ്റുകൾ ഉദ്യോഗസ്ഥന്റെ വായിലേക്ക് ബലമായി തിരുകാനും ശ്രമമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രദേശത്തെ കടയിൽ നിന്ന് വാങ്ങിയ സ്നാക്സ് കഴിച്ച രണ്ടുവയസ്സുള്ള കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്നാണ് സംഭവമുണ്ടായത്. കുട്ടിക്ക് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നാട്ടുകാർ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകി. തുടർന്ന് കടയിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകൾ കണ്ടെത്തി പിടിച്ചെടുത്തെങ്കിലും കടയുടമയ്ക്കെതിരെ കർശന നിയമനടപടികളൊന്നും സ്വീകരിക്കാൻ തയ്യാറായില്ല. കുട്ടി കഴിച്ച ലഘുഭക്ഷണം പരിശോധനയ്ക്ക് തൊട്ടുമുമ്പ് കടയിൽ നിന്ന് മാറ്റിയിരുന്നതായും കടയുടമയെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി വിഷയം ഒതുക്കിതീർക്കാൻ ശ്രമിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു.
നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരേ നാട്ടുകാർ പ്രതിഷേധിച്ചത്. നാട്ടുകാർ ഉദ്യോഗസ്ഥനെ വളയുകയും പിടിച്ചെടുത്ത ബിസ്ക്കറ്റുകൾ കഴിക്കാൻ പറ്റുന്നവയാണെങ്കിൽ അദ്ദേഹം തന്നെ അത് തിന്നട്ടെ എന്ന് വെല്ലുവിളിക്കുകയുമായിരുന്നു. തുടർന്നാണ് കാലാവധി കഴിഞ്ഞ ബിസ്ക്കറ്റുകൾ അദ്ദേഹത്തിന്റെ വായിലേക്ക് ബലമായി തിരുകാനും ശ്രമമുണ്ടായത്.
Content Highlights: A food safety officer was intercepted by an angry mob in Chhatrapati Sambhajinagar, Maharashtra., Locals accused the official of taking bribes and protecting a shopkeeper after a toddler fell ill from expired snacks., Protesters forced the official to acknowledge the expired food items by attempting to make him eat them., Video footage of the confrontation has gone viral on social media.