തമിഴ് രാഷ്ട്രവാദം രാജ്യദ്രോഹമല്ല, ശല്യം മാത്രം -മദ്രാസ് ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
മദ്രാസ് ഹെെക്കോടതി സമുച്ചയം | Photo: Mathrubhumi
മദ്രാസ് ഹെെക്കോടതി സമുച്ചയം | Photo: Mathrubhumi

ചെന്നൈ: തമിഴ്‌നാടിനെ പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പ്രസ്താവനയുടെ പ്രസിദ്ധീകരണം ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കേണ്ട കാര്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. അത്തരം ആവശ്യങ്ങളുയർത്തുന്നയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കരുതിയാൽ മതിയാവും. ശല്യമെന്നതിൽ കവിഞ്ഞ പ്രശ്നങ്ങളൊന്നും അതുകൊണ്ടുണ്ടാവില്ലെന്ന് ജസ്റ്റിസ് ഭരത ചക്രവർത്തിയുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.

തമിഴ്‌നാടിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണമെന്നും അതിനായി ഒളിപ്പോരു നടത്തണമെന്നുമുള്ള ആഹ്വാനത്തെക്കുറിച്ചുള്ള പരാമർശങ്ങളടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചതിന് രണ്ടു പ്രസാധകരുടെ പേരിലെടുത്ത രാജ്യദ്രോഹക്കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി. ‘കഴകം പഠിപ്പകം’ എന്ന പ്രസാധക സ്ഥാപനം 2014-ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേരിലാണ് പോലീസ് രാജ്യദ്രോഹക്കേസ് എടുത്തത്.

തമിഴ്‌നാടിനെ പ്രത്യേക രാജ്യമാക്കി മാറ്റണമെന്നും അതിന് ഒളിപ്പോര് അവലംബിക്കണമെന്നും തമിഴരശൻ എന്നയാൾ 1967-ൽ കോയമ്പത്തൂരിൽവെച്ച് ആഹ്വാനം ചെയ്തെന്ന വിവരം പുസ്തകത്തിലുണ്ട്. പുസ്തകത്തിന്റെ രചയിതാവ് മരിച്ചുപോയി. പ്രസാധകരായ രണ്ടാളുടെപേരിൽ 2019-ൽ പോലീസ് കേസെടുത്തു. മജിസ്‌ട്രേറ്റു കോടതിയുടെ പരിഗണനയിലുള്ള കേസിനെതിരേ പ്രസാധകർ ഹൈക്കോടതിയെ സമീപിച്ചു. കേസ്‌ റദ്ദാക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു.

തമിഴരശൻ തമിഴ് ലിബറേഷൻ ഫ്രന്റിന് രൂപം നൽകിയ 1967-ൽ പ്രത്യേക തമിഴ് രാഷ്ട്രവാദം വിദ്വേഷജനകമായിരിക്കാം. എന്നാൽ, ഹൃദയംകൊണ്ട് ഒന്നായ രാഷ്ട്രമായിക്കഴിഞ്ഞ ഇന്നത്തെ ഇന്ത്യയിൽ അത്തരം പരാമർശങ്ങളെ ശല്യമായി കരുതേണ്ട കാര്യമേയുള്ളൂ. നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങൾ മുൻനിർത്തിയാണ് ഇത്തരം കാര്യങ്ങളെ വിലയിരുത്തേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട് -ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. കേസിലെ തുടർനടപടികൾ സുപ്രീംകോടതി 2022-ൽ സ്‌റ്റേ ചെയ്തിരുന്നു.

Content Highlights: Madras HC quashed sedition charges against publishers of a controversial book., Court ruled that demands for a separate state are not sedition in modern India., Such demands should be viewed as a nuisance rather than a threat to national security., Judicial precedent emphasizes evaluating speech based on current social context.