എം.എൽ.എ.മാർ രാജിവെച്ച് വീണ്ടും മത്സരിക്കുന്നത് ജനവിധിയെ അപമാനിക്കൽ -ഹൈക്കോടതി

Photo: Screengrab/Mathrubhumi News
Photo: Screengrab/Mathrubhumi News

ചെന്നൈ: തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികം വൈകുംമുൻപേ എം.എൽ.എ.സ്ഥാനം രാജിവെക്കുകയും അതേമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മറ്റൊരു പാർട്ടിക്കുവേണ്ടി വീണ്ടും മത്സരിക്കുകയുംചെയ്യുന്നത് തിരഞ്ഞെടുപ്പു പ്രക്രിയയെയും ജനാധിപത്യത്തെയും അപമാനിക്കുന്നതിനു തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി.

ജനങ്ങൾ വോട്ടുചെയ്ത് വിജയിപ്പിക്കുന്ന എം.എൽ.എ.മാർക്ക് ഭരണഘടനാപരമായി അവരുടെ മണ്ഡലത്തെയും ജനങ്ങളെയും സേവിക്കാനുള്ള ബാധ്യതയുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഉടൻ രാജിവെച്ച് ഉപതിരഞ്ഞെടുപ്പിൽ വീണ്ടുംമത്സരിക്കുന്നത് തടയാൻ നിലവിൽ രാജ്യത്ത് കൃത്യമായനിയമങ്ങളില്ല. ജനാധിപത്യത്തെ പരിഹസിക്കുന്ന ഇത്തരം പ്രവൃത്തികൾ തടയുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗനിർദേശങ്ങൾ രൂപവത്കരിക്കാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യത്തിന്റെ ബെഞ്ച് ചോദിച്ചു.

അണ്ണാ ഡി.എം.കെ. എം.എൽ.എ.മാർ സ്ഥാനം രാജിവെച്ച് ഭരണകക്ഷിയായ ടി.വി.കെ.യിൽ ചേർന്ന് മധുരാന്തകം, ധാരാപുരം ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നതിനെ ചോദ്യംചെയ്തുകൊണ്ട് ചെന്നൈയിലെ അഭിഭാഷകൻ കെ. സുതൻ സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. എം.എൽ.എ.മാർ രാജിവെക്കാനുള്ള യഥാർഥ കാരണവും ഇതുവഴി അവരുണ്ടാക്കുന്ന രാഷ്ട്രീയ നേട്ടങ്ങളും മറ്റും സാധാരണക്കാരായ ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന മധുരാന്തകം, ധാരാപുരം ഉപതിരഞ്ഞെടുപ്പ് തടയാൻ ഹൈക്കോടതി വിസമ്മതിച്ചു. തീയതി പ്രഖ്യാപിക്കുകയും ക്രമീകരണങ്ങൾ ആരംഭിക്കുകയുംചെയ്ത സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് തടയുക പ്രയാസമുള്ള കാര്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി.

Content Highlights: Madras High Court stated that MLAs resigning shortly after winning and contesting under another party insults democracy., The court questioned the Election Commission on the lack of guidelines to prevent such frequent resignations and by-elections., The court refused to stay the upcoming Madurantakam and Dharapuram by-elections scheduled for October 6., Public interest litigation filed by advocate K. Suthan highlighted AIADMK MLAs joining TVK.