കൃഷ്ണൻ 'വെണ്ണക്കള്ളനല്ല', അത് സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടം; പ്രചാരണവുമായി മധ്യപ്രദേശ് സർക്കാർ

വെണ്ണയുണ്ണുന്ന ശ്രീകൃഷ്ണൻ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് | Photo: Mathrubhumi library, ANI
വെണ്ണയുണ്ണുന്ന ശ്രീകൃഷ്ണൻ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് | Photo: Mathrubhumi library, ANI

ഭോപ്പാല്‍: ഭഗവാന്‍ ശ്രീകൃഷ്ണനെ വെണ്ണക്കള്ളന്‍ (മഖന്‍ചോര്‍) എന്ന് വിശേഷിപ്പിക്കുന്നതിനെതിരേ ക്യാമ്പയിന്‍ നടത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. വെണ്ണക്കലം ഉടച്ച ശ്രീകൃഷണന്റെ പ്രവൃത്തി മോഷണമായിരുന്നില്ലെന്നും അത് സ്വേച്ഛാധിപത്യത്തിനെതിരായ പ്രതീകാത്മക നിലപാടായിരുന്നു എന്നുമാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ വ്യാഖ്യാനം. 

കൃഷ്ണന്റെ പ്രവൃത്തികള്‍ക്ക് സാധാരണയായി വിശ്വസിക്കുന്നതിനേക്കാള്‍ ആഴത്തിലുള്ള അര്‍ഥമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. ജന്മാഷ്ടമിയോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണന്‍ ഗോകുലത്തില്‍ കഴിഞ്ഞിരുന്ന കാലത്ത്, ആയിരക്കണക്കിന് പശുക്കളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വെണ്ണ, അദ്ദേഹത്തിന്റെ അമ്മാവനും അടിച്ചമര്‍ത്തുന്ന ഭരണാധികാരിയുമായ കംസന്‍ ജീവിച്ചിരുന്ന മഥുരയിലേക്ക് അയച്ചിരുന്നു, മോഹന്‍ യാദവ് പറഞ്ഞു. 

'കൃഷ്ണന്‍ തന്റെ സഹഗോപാലകരോട് പറഞ്ഞു- വെണ്ണ നിങ്ങള്‍ തന്നെ കഴിക്കുക, കലങ്ങള്‍ ഉടയ്ക്കുക. നമ്മുടെ ശത്രുവിലേക്ക് അത് എത്തരുത്. അത് മോഷണമായിരുന്നില്ല, അനീതിക്കെതിരായ ചെറുത്തുനില്‍പ്പിനുള്ള ആഹ്വാനമായിരുന്നു, മോഹന്‍ യാദവ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ കഥ സ്‌നേഹത്തെക്കുറിച്ചും അടിച്ചമര്‍ത്തിലിനെതിരായ ചെറുത്തുനില്‍പ്പിനെക്കുറിച്ചുമുള്ളതാണ്. അല്ലാതെ മോഷണത്തെക്കുറിച്ചുള്ളതല്ല.  ശ്രീകൃഷ്ണന്‍ വളര്‍ന്നത് സമ്പന്നമായ ഒരു കുടുംബത്തിലാണെന്നും അദ്ദേഹത്തിന് മോഷ്ടിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മറ്റുള്ളവരുടെ മുന്നില്‍വെച്ച് വെണ്ണ പരസ്യമായി പങ്കുവെച്ചതിലൂടെ, ആ പ്രവൃത്തി ഒരു കുസൃതി എന്നതിലുപരി ഒരു പ്രതീകാത്മക പ്രതിഷേധമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൃഷ്ണന്‍ വെണ്ണക്കള്ളനല്ലെന്ന സന്ദേശം പ്രചരിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ മധ്യപ്രദേശിന്റെ സാംസ്‌കാരിക വകുപ്പ് ആരംഭിച്ചുകഴിഞ്ഞു. നിലവിലെ പൊതുബോധത്തില്‍ മാറ്റംവരുത്താന്‍ സന്യാസിമാര്‍, പുരോഹിതന്മാര്‍, കഥാകാരന്മാര്‍, മതനേതാക്കള്‍ എന്നിവരെ ഈ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

വെണ്ണക്കലം ഉടയ്ക്കല്‍ കംസന്റെ നയങ്ങള്‍ക്കെതിരായുള്ള കൃഷ്ണന്റെ പ്രതിഷേധമായിരുന്നുവെന്ന് ജനങ്ങളോട് പറയും. സന്യാസിമാരും മഹന്തുമാരും വെണ്ണക്കള്ളന്‍ (മഖന്‍ചോര്‍) എന്ന വിശേഷണം ഒഴിവാക്കാന്‍ സമ്മതിച്ചിട്ടുണ്ട്- മുഖ്യമന്ത്രിയുടെ സാംസ്‌കാരിക ഉപദേഷ്ടാവ് ശ്രീറാം തിവാരി പറഞ്ഞു. സാംസ്‌കാരിക പരിപാടികള്‍, ഉത്സവങ്ങള്‍, മതപരമായ സമ്മേളനങ്ങള്‍ എന്നിവയിലൂടെ ഈ പ്രചാരണത്തിന് പ്രോത്സാഹനം നല്‍കാനാണ് പദ്ധതി.

അതേസമയം, വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പുരാണത്തെ രാഷ്ട്രീയലാഭത്തിനുവേണ്ടി ബിജെപി സര്‍ക്കാര്‍ മാറ്റിയെഴുതാന്‍ ശ്രമിക്കുന്നെന്ന് അവര്‍ ആരോപിച്ചു. 

Content Highlights: madhyapradesh to campaign for dropping makhanchor tag for lord krishna