മുതലയിറച്ചി കഴിക്കുന്ന വീഡിയോ ഇൻസ്റ്റയിൽ പങ്കുവെച്ച് ഭാര്യ; പുലിവാല് പിടിച്ച് മധ്യപ്രദേശ് ഉദ്യോഗസ്ഥൻ, അന്വേഷണം

ഭോപ്പാൽ: തായ്ലൻഡ് യാത്രയ്ക്കിടെ മുതലയിറച്ചി രുചിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ കുരുക്കിലായി മധ്യപ്രദേശിലെ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ. ഉജ്ജൈൻ മുനിസിപ്പൽ കോർപ്പറേഷനിലെ ബിൽഡിങ് ഓഫീസറായ രാജ്കുമാർ റാത്തോഡാണ് മുതലയിറച്ചി കഴിച്ചതിന് പിന്നാലെ വിവാദത്തിൽ പെട്ടത്. യാത്രയിൽ ഇദ്ദേഹം മുതലയിറച്ചി കഴിച്ചതിന്റെ വീഡിയോ വൻതോതിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതോടെ, സർക്കാർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പുതല നടപടി നേരിടേണ്ടി വന്നത്.
തായ്ലൻഡ് സന്ദർശനത്തിനിടയിൽ രാജ്കുമാർ റാത്തോഡും ഭാര്യയും ചേർന്ന് മുതലയിറച്ചി രുചിക്കുന്ന ദൃശ്യങ്ങൾ ഭാര്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റീൽ ആയി പങ്കുവെച്ചിരുന്നു. "തായ്ലൻഡിൽ ആദ്യമായി മുതലയിറച്ചി പരീക്ഷിക്കുന്നു" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ നിരത്തിവെച്ചിരിക്കുന്ന മുതലകളുടെ ദൃശ്യങ്ങളും ഉൾപ്പെട്ടിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉജ്ജൈൻ മുനിസിപ്പൽ കോർപ്പറേഷനിൽ സോൺ 1, 2, 3 ചുമതലയുള്ള ബിൽഡിങ് ഓഫീസറാണ് രാജ്കുമാർ റാത്തോഡ്. ഒക്ടോബർ 19 മുതൽ 23 വരെ ഇദ്ദേഹം അവധിയെടുത്തിരുന്നു. എന്നാൽ, താൻ വിദേശത്തേക്ക് പോകുകയാണെന്ന കാര്യം അവധിയപേക്ഷയിൽ ഇയാൾ സൂചിപ്പിച്ചിരുന്നില്ലെന്ന് മുനിസിപ്പൽ കമ്മിഷണർ അഭിലാഷ് മിശ്ര വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥർ വിദേശയാത്ര നടത്തണമെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണമെന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചാണ് ഉദ്യോഗസ്ഥൻ വിദേശത്തേക്ക് പോയതെന്ന് വ്യക്തമായതോടെ മുനിസിപ്പൽ കോർപ്പറേഷൻ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിൽ ചട്ടലംഘനം സ്ഥിരീകരിച്ചാൽ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Ujjain Municipal Corporation building officer Rajkumar Rathore ate crocodile meat in Thailand., His wife posted the video reel on Instagram, which went viral and sparked controversy., Rathore did not take prior government permission for his foreign trip, violating service rules., Municipal authorities have ordered a departmental inquiry against the official.