'നാളെ എന്റെ മകളുടെ വിവാഹമാണ്'; ലേലം മുടങ്ങി, വിളവെടുത്ത ഉത്പന്നങ്ങൾ വിൽക്കാനാകാതെ കണ്ണീരോടെ കർഷകൻ

ഗുണ (മധ്യപ്രദേശ്): കഠിനാധ്വാനം ചെയ്ത് വിളവെടുത്ത ഉത്പന്നങ്ങൾ വിറ്റഴിക്കാനാവാതെ കണ്ണീരണിഞ്ഞ് കർഷകൻ. മധ്യപ്രദേശിലെ ഗുണ ജില്ലയിലുള്ള നാനാഖേദി കൃഷി ഉപജ് മണ്ഡിയിലാണ് സംഭവം. മണ്ഡിയിലെ ഇൻസ്‌പെക്ടറും കർഷകരും തമ്മിൽ തർക്കമുണ്ടായതോടെ ലേലനടപടികൾ മുടങ്ങിയിരുന്നു. ഇതോടെയാണ് കർഷകന് ഉത്പന്നങ്ങൾ വിൽക്കാനാകാതെ വന്നത്.
ശ്രീപുർചക്കിൽനിന്നുള്ള മല്ലി കർഷകനാണ് തന്റെ വിളവ് വിൽക്കാനാകാതെ വന്നതോടെ വിഷമം പങ്കുവെച്ചത്. നാളെ മകളുടെ വിവാഹമാണെന്നും വിളവെടുത്ത ഉത്പന്നങ്ങൾ വിൽക്കാനായില്ലെങ്കിൽ വിവാഹം മുടങ്ങുമെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.
മണ്ഡിയിലെ ഇൻസ്പെക്ടറായ രാജ്കുമാർ ശർമ ഉൾപ്പെട്ട ഒരു തർക്കത്തെത്തുടർന്നാണ് മണ്ഡിയിലെ ലേലം പൂർണമായും സ്തംഭിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഡ്യൂട്ടിയിലുണ്ടായിരുന്ന രാജ്കുമാർ മദ്യപിച്ചെത്തി ലേല നടപടികളിൽ കൃത്രിമം കാട്ടിയതായി കർഷകർ ആരോപിച്ചു. ഒരു കർഷകന്റെ മല്ലിക്ക് ക്വിന്റലിന് 5700 രൂപ എന്ന ഉയർന്ന നിരക്കിൽ ലേലം ഉറപ്പിച്ചെങ്കിലും, ഇൻസ്പെക്ടർ സ്ലിപ്പിൽ രേഖപ്പെടുത്തിയത് 5400 രൂപ മാത്രമാണെന്നാണ് ആരോപണം. 300 രൂപയുടെ കുറവ് വരുത്തിയതിനെതിരെ കർഷകൻ പ്രതിഷേധിച്ചതോടെയാണ് മണ്ഡിയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്.
തർക്കത്തിനിടെ രാജ്കുമാർ കർഷകനെ അധിക്ഷേപിച്ചതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് വ്യാപാരികൾ ലേല നടപടികളിൽ നിന്ന് പൂർണമായും പിന്മാറുകയും മണ്ഡിയിലെ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുകയുംചെയ്തു. ഇതോടെയാണ് കണ്ണീരണിഞ്ഞ് ഒരു കർഷകൻ തന്റെ ദുഃഖം പങ്കുവെച്ചത്.
ബുധനാഴ്ച നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിനുള്ള പണത്തിനായാണ് ശ്രീപുർചക്ക് ഗ്രാമത്തിൽ നിന്നുള്ള കർഷകൻ മണ്ഡിയിലെത്തിയത്. തന്റെ മകളുടെ വിവാഹം നാളെയാണെന്നും പണം കിട്ടിയില്ലെങ്കിൽ മുടങ്ങിപ്പോകുമെന്നും പറഞ്ഞ് അദ്ദേഹം അധികൃതർക്കും വ്യാപാരികൾക്കും മുന്നിൽ കൈക്കൂപ്പി പൊട്ടിക്കരഞ്ഞു.
ഇതിനിടെ, പ്രകോപിതരായ കർഷകരുടെ പ്രതിഷേധം തെരുവിലേക്ക് വ്യാപിച്ചു. കർഷകർ എ.ബി. റോഡ് ദേശീയപാത ഉപരോധിച്ചതോടെ ഗതാഗതം തടസപ്പെട്ടു. ഏകദേശം അരമണിക്കൂറോളം ദേശീയപാതയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.
അതിനിടെ, കർഷകർ നേരിടുന്ന ഈ അനീതിക്കെതിരെ കോൺഗ്രസ്സ് പ്രക്ഷോഭം ആരംഭിക്കുമെന്ന് മുൻ മന്ത്രി ജയവർദ്ധൻ സിങ് പറഞ്ഞു. എന്നാൽ, സംഭവത്തിൽ മണ്ഡി സെക്രട്ടറി ആർ.പി. സിങ് വിശദീകരണവുമായി രംഗത്തെത്തി. ഇൻസ്പെക്ടർ രാജ്കുമാർ ശർമയുടെ ഇടപെടലുകളാണ് തർക്കത്തിന് കാരണമായതെന്ന് അദ്ദേഹം സമ്മതിച്ചു. ഇൻസ്പെക്ടർ ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിൽ മെഡിക്കൽ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വിവാദത്തിലായ ഇൻസ്പെക്ടറെ ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായും വകുപ്പുതല അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
Content Highlights: A farmer in Guna, MP, faced severe financial distress due to a halted mandi auction., Corruption allegations against a mandi inspector involving price manipulation., Protests erupted leading to a national highway blockade., The accused inspector was suspended pending a medical investigation into alcohol consumption.