ഗോൾവലകാത്ത് ബേബി; കാസ്ട്രോ സ്മരണയിൽ ബൂട്ടിയക്കൊപ്പം ബൂട്ടണിഞ്ഞ് സഖാക്കൾ; ക്യൂബയ്ക്ക് 2.78 കോടി നൽകി

ന്യൂഡല്‍ഹി: വര്‍ഗശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് പാര്‍ട്ടിക്ക് പ്രതിരോധം തീര്‍ക്കാമെങ്കില്‍ ഫുട്ബോളില്‍ ഗോള്‍വല കാക്കുന്നത് എത്ര നിസ്സാരം എന്ന ഭാവത്തിലായിരുന്നു എം.എ. ബേബി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പിതംപുരയിലെ മൈതാനത്ത് ബുധനാഴ്ച രാവിലെ ചുവപ്പ് േജഴ്സിയും നീല ഷോട്സുമണിഞ്ഞെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി ഗോള്‍വലയ്ക്കുമുന്നില്‍ ഉറച്ചുനിന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ ബൂട്ടണിഞ്ഞ ക്യൂബന്‍ സോളിഡാരിറ്റി ടീമിന്റെ ഗോള്‍കീപ്പറായിരുന്നു ബേബി. മറുവശത്ത് ക്യൂബന്‍ അംബാസഡേഴ്സ് ഇലവനില്‍ പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനും ഇറങ്ങി. പ്രദര്‍ശനമത്സരത്തില്‍ ബേബിയുടെ ടീം തോറ്റു, വിജുവിന്റെ ടീം ജയിച്ചു.
ക്യൂബന്‍ നായകന് ഫിഡല്‍ കാസ്ട്രോയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സിപിഎം സംഘടിപ്പിച്ച സൗഹൃദ ഫുട്ബാള്‍ മത്സരത്തിലാണ് ബേബി കളിക്കാരനായത്. ബേബിയടക്കമുള്ള പിബി അംഗങ്ങളും ക്യൂബയുടേതടക്കം വിവിധരാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും അണിനിരന്ന ഫുട്ബാള്‍ പ്രദര്‍ശനമത്സരം കാണികള്‍ക്ക് വിരുന്നായി.
ഇരുപകുതികളിലുമായി 6-6 ഗോളുകള്‍വീതം അടിച്ച് തുല്യനിലയിലായതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക്. അവിടെ ബേബിയുടെ ടീം കീഴടങ്ങി. അംബാസഡേഴ്സ് ഇലവന് 5-4ന്റെ ജയം. എം.എ. ബേബിയായിരുന്നു സോളിഡാരിറ്റി ടീമിന്റെ നായകന്. ''ആദ്യപകുതിയിലാണ് ഞാന്‍ ഗോള്‍കീപ്പറായത്. ഈ സമയത്ത് ആകെ വഴങ്ങിയത് രണ്ടുഗോളുകളാണ്. ബാക്കിയെല്ലാം തടുത്തിട്ടു. രണ്ടാംപകുതിയില്‍ ഞാന്‍ മാറിയപ്പോഴാണ് നാലുഗോളുകള്‍ വീണത്'' -തമാശയായി ബേബി പറഞ്ഞു.
സോളിഡാരിറ്റി ടീമില്‍ ബേബിക്കും ബൂട്ടിയക്കും പുറമേ സിപിഎം പിബി അംഗം അരുണ്‍കുമാര്‍, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ്, ജനറല്‍സെക്രട്ടറി ശ്രിജന്‍ ഭട്ടാചാര്യ തുടങ്ങിയവരും അണിനിരന്നു. ക്യൂബന്‍ അംബാസഡര്‍ ഹ്യുവാന്‍ കാര്‍ലോസ് മര്സാന് അഗ്വിലേറ നയിച്ച അംബാസഡേഴ്സ് ഇലവനില്‍ വെനിസ്വേല, റഷ്യ, യുറഗ്വായ്, മെക്സിക്കോ, ചൈന രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും സിപിഎം പിബി അംഗം വിജു കൃഷ്ണനും കളിച്ചു.
ക്യൂബയ്ക്ക് 2.78 കോടിയുടെ സഹായം കൈമാറി ഐക്യദാര്‍ഢ്യസമിതി ന്യൂഡല്‍ഹി: ക്യൂബയ്ക്ക് 2.78 കോടി രൂപയുടെ സഹായധനവുമായി സിപിഎം ജനറല്‍സെക്രട്ടറി എം.എ. ബേബി കണ്‍വീനറായുള്ള ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി. ഡല്‍ഹിയില്‍ ഫിദല്‍ കാസ്ട്രോ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുനടന്ന ചടങ്ങില്‍ ക്യൂബന്‍ അംബാസഡര്‍ യുവാന്‍ കാര്‍ലോസ് മര്സാന് എം.എ. ബേബി തുക കൈമാറി.
ഇടത് കര്‍ഷക, തൊഴിലാളി സംഘടനകള്‍ സംഭാവനപിരിച്ചാണ് തുക സമാഹരിച്ചത്. കേരളത്തില്‍നിന്നുമാത്രം ഒരു കോടിയിലേറെ രൂപ സമാഹരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയ്ക്ക് ക്യൂബന്‍ ജനതയെ തകര്‍ക്കാന്‍ ഒരിക്കലുമാവില്ലെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത എം.എ. ബേബി പറഞ്ഞു. ക്യൂബയോടുള്ള ഐക്യദാര്‍ഢ്യത്തിന് അംബാസഡര്‍ ഹ്യുവാന്‍ കാര്‍ലോസ് മര്സാന് അഗ്വിലേറ നന്ദി അറിയിച്ചു.
സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍, ആര്‍ജെഡി എംപി മനോജ് ഝാ, സമാജ്്വാദി പാര്‍ട്ടി എംപി ജാവേദ് അലിഖാന്, സിപിഐ എംഎല് പ്രതിനിധി ഗോപാല്‍ പ്രധാന്, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: CPM General Secretary MA Baby played goalkeeper in a friendly football match Fidel Castro