ഭാര്യയെ കാമുകന് കൈപിടിച്ചുകൊടുത്ത് ഭർത്താവ്; സ്‌കൂൾകാലത്ത് തുടങ്ങിയ പ്രണയത്തിന് പോലീസ് സ്റ്റേഷനിൽ ഹാപ്പി എൻഡിങ്

#ന്യൂസ് ഡെസ്ക്
സൊണാലിയും കാമുകനും
സൊണാലിയും കാമുകനും

ലഖ്നൗ: 'എനിക്ക് നിങ്ങളോടൊപ്പം വരണ്ട, കാമുകനൊപ്പം ജീവിച്ചാൽ മതി..' സ്വന്തം ഭാര്യയുടെ ഈ വാക്കുകൾ ഒരു നിമിഷം വിക്കിയുടെ ഹൃദയത്തിൽ തുളഞ്ഞുകയറി. കുറച്ചുനേരമെടുത്തു വിക്കിക്ക് ആ തരിപ്പിൽനിന്നും മോചിതനാകാൻ, പക്ഷേ ആ സമയത്തിനുള്ളിൽ അയാൾ ഒരു തീരുമാനം കൈക്കൊണ്ടിരുന്നു - ഭാര്യയെ കാമുകനൊപ്പം ചേർത്തുവയ്ക്കുക. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നാണ് കൗതുകമുള്ള ഈ വാർത്ത വരുന്നത്.

ലഖ്നൗവിലെ പ്രാന്തിയ രക്ഷക് ദൾ (പിആർഡി) ജവാനായ വിക്കിയാണ് തന്റെ ഭാര്യ സൊണാലിയെ അവളുടെ കാമുകന് കൈപിടിച്ചുകൊടുത്തത്. 1948-ൽ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച ഉത്തർപ്രദേശിലെ ഒരു സുരക്ഷാ സേനയാണ് പ്രാന്തിയ രക്ഷക് ദൾ. ഈ സേനയിൽ ജവാനായ വിക്കി ഒരു വർഷം മുമ്പാണ് സൊണാലി എന്ന യുവതിയെ വിവാഹം കഴിച്ചത്.

ഈ മാസം അഞ്ചാംതീയതി സൊണാലിയെ ഭർതൃഗൃഹത്തിൽ നിന്നും പെട്ടെന്ന് കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലടക്കം സൊണാലി പോകാൻ സാധ്യതയുള്ള എല്ലായിടങ്ങളിലും വീട്ടുകാർ അവളെ തിരഞ്ഞു. എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാകുമോ എന്ന ആശങ്കയിൽ ഗ്രാമം മുഴുവൻ അരിച്ചുപെറുക്കി. എന്നാൽ സൊണാലിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

ആശങ്കാകുലനായ വിക്കി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സമീപ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകുകയും തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു. ഒടുവിൽ സൊണാലിയുടെ ഫോണിന്റെ ലൊക്കേഷൻ ഹർദോയിയിലാണെന്ന് പോലീസ് കണ്ടെത്തി. തുടരന്വേഷണത്തിൽ ബുധനാഴ്ചയോടെ ഹർദോയിയിൽ നിന്ന് കാമുകനൊപ്പം പോലീസുകാർ സൊണാലിയെ കണ്ടെത്തി. പിന്നാലെ വിക്കിയും വീട്ടുകാരും സൊണാലിയുടെ ബന്ധുക്കളുമടക്കം പോലീസ് സ്‌റ്റേഷനിലെത്തി.

പിന്നീടാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സൊണാലിയെ കണ്ടെത്തിയ ആശ്വാസത്തിലും സന്തോഷത്തിലും സ്‌റ്റേഷനിലെത്തിയ വിക്കിയെ കാത്തിരുന്നത് കാമുകനൊപ്പം പോകാനായി കാത്തിരിക്കുന്ന സൊണാലിയാണ്. പിന്നാലെ പോലീസുകാർ കാര്യങ്ങൾ എല്ലാവർക്കുമായി വിശദീകരിച്ചു. സ്‌കൂൾകാലം മുതൽ സൊണാലി ഒരാളുമായി പ്രണയത്തിലായിരുന്നു.

ഇരുവരും ഒരുമിച്ച് പഠിച്ചു വളർന്നവരാണ്. സൗഹൃദം ക്രമേണ പ്രണയമായി മാറുകയായിരുന്നു. ഇരുവർക്കും വിട്ടുപിരിയുവാൻ ആകുമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഏകദേശം ഒരു വർഷം മുമ്പ്, സൊണാലിയുടെ വീട്ടുകാർ പിആർഡി ജവാനായ വിക്കിയുമായി അവളുടെ വിവാഹം നടത്തിയത്. എന്നാൽ വിവാഹശേഷവും സൊണാലി തന്റെ ബാല്യകാല കാമുകനുമായി ബന്ധം പുലർത്തുകയും ഫോണിലൂടെ സംസാരിക്കുന്നത് തുടരുകയും ചെയ്തിരുന്നു.

അങ്ങനെയാണ് സൊണാലി കാമുകനുമായി ചേർന്ന് ഒളിച്ചോടാൻ പദ്ധതിയിട്ടതും നാടുവിട്ടതും. കാര്യങ്ങളെല്ലാം വിശദീകരിച്ചശേഷം പോലീസ് സ്റ്റേഷനിൽ ഇരുഭാഗത്തെയും മുഖാമുഖം ഇരുത്തി മണിക്കൂറുകളോളം ചർച്ചകൾ നടന്നു. ഭർത്താവിന്റെ അടുത്തേക്ക് മടങ്ങാൻ സൊണാലിയെ പ്രേരിപ്പിക്കാൻ കുടുംബാംഗങ്ങളും പോലീസുകാരും സാധ്യമായ എല്ലാ വഴികളും നോക്കിയെങ്കിലും കാമുകനൊപ്പം ജീവിക്കുമെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു.

ഭർത്താവിനൊപ്പം ഒരു നിമിഷം പോലും ജീവിക്കാൻ തനിക്ക് താൽപര്യമില്ലെന്നും കാമുകനൊപ്പം ജീവിതം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും സൊണാലി വ്യക്തമായി പറഞ്ഞു. സൊണാലിയുടെ വാക്കുകൾകേട്ട് വിക്കി കുറച്ചുനേരം സ്തംഭിച്ചുപോയെങ്കിലും അദ്ദേഹം ഉടൻതന്നെ ആത്മസംയമനം വീണ്ടെടുത്തു, സാഹചര്യം മനസ്സിലാക്കി സംസാരിച്ചുതുടങ്ങി.

വിവാഹബന്ധം തുടരാൻ നിർബന്ധിക്കുന്നതിന് പകരം, 'ഇതിൽ നിർബന്ധമൊന്നുമില്ല. ആരുടെ കൂടെയാണോ സന്തോഷമായിരിക്കാൻ സാധിക്കുന്നത്, അവരുടെ കൂടെ ജീവിക്കൂ' എന്ന വിക്കിയുടെ വാക്കുകൾ സൊണാലിയും മറ്റ് ബന്ധുക്കളും ഞെട്ടലോടെയാണ് കേട്ടത്. സൊണാലിയെപ്പോലെ വിക്കിയും തന്റെ നിലപാടിൽ ഉറച്ചുനിന്നതോടെ ഒടുവിൽ ബന്ധുക്കളും അയഞ്ഞു.

ശേഷം ഇരുവിഭാഗവും പരസ്പര സമ്മതത്തോടെ സൊണാലിയുടേയും കാമുകന്റേയും വിവാഹം നടത്തുന്നതിന് ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്ന് ഹിന്ദു ആചാരപ്രകാരം പ്രദേശത്തെ ഒരു ക്ഷേത്രത്തിൽവെച്ച് സൊണാലിയും കാമുകനും ദീപത്തെ ഏഴുതവണ വലംവെച്ച് (സപ്തപദി) വിവാഹിതരായി. വിക്കി തന്നെയാണ് തന്റെ ഭാര്യ സൊണാലിയുടെ കൈപിടിച്ച് കാമുകന് കൈമാറിയത്.

Content Highlights: A man named Vicky from Lucknow allowed his wife Sonali to live with her lover after she expressed her desire to do so, despite being married to Vicky for a year. Sonali had been missing, prompting a police search that eventually located her with her lover in Hardoi; she had planned to elope with him due to their longstanding relationship.