സര്‍ക്കാര്‍ പരസ്യം: 97 കോടി തിരിച്ചടയ്ക്കാന്‍ ഉത്തരവ്; അതുപറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് AAP

അരവിന്ദ് കെജ്‌രിവാള്‍, വി.കെ. സക്‌സേന | Photo : ANI, PTI
അരവിന്ദ് കെജ്‌രിവാള്‍, വി.കെ. സക്‌സേന | Photo : ANI, PTI

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ പരസ്യങ്ങളിലൂടെ പാര്‍ട്ടിയുടെ പ്രചാരണം നടത്തിയ വകയില്‍ ചെലവായ 97 കോടി രൂപ ഉടന്‍ തിരിച്ചടയ്ക്കണമെന്ന് എ.എ.പിയ്ക്ക് ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവ്. പതിനഞ്ച് വര്‍ഷമായി തുടരുന്ന ബി.ജെ.പി. ഭരണം അവസാനിപ്പിച്ച്  തദ്ദേശ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി.) അട്ടിമറിവിജയം നേടിയതിന് പിന്നാലെയാണ് ഗവർണറുടെ ഉത്തരവ്. ഇത്തരമൊരു ഉത്തരവിറക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഗവര്‍ണറുടെ 'പുതിയ പ്രണയലേഖന'മാണ് ഇതെന്നും എ.എ.പി. പ്രതികരിച്ചു.

സര്‍ക്കാര്‍ പരസ്യങ്ങളിലെ ഉള്ളടക്കം സംബന്ധിച്ച് 2015-ല്‍ സുപ്രീം കോടതിയും 2016-ല്‍ ഡല്‍ഹി ഹൈക്കോടതിയും പുറത്തിറക്കിയ ഉത്തരവുകളും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശങ്ങളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന എ.എ.പിക്കെതിരെ നടപടിയെടുത്തത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയ തുക തിരിച്ചുപിടിക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ ഉത്തരവിന്റെ സാധുതയെ സംബന്ധിച്ച് എ.എ.പി. എം.എല്‍.എ. സൗരഭ് ഭരദ്വാജ് ചോദ്യമുയര്‍ത്തി. ബി.ജെ.പി. ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ പരസ്യങ്ങള്‍ ഡല്‍ഹിയിലും പ്രസിദ്ധപ്പെടുത്തിയതായും അതിനുവേണ്ടി ചെലവാക്കിയ 22,000 കോടി രൂപ ബി.ജെ.പിയുടെ പക്കല്‍ നിന്ന് എപ്പോഴാണ് തിരിച്ചുപിടിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. 

ഞങ്ങള്‍ ദേശീയപാര്‍ട്ടിയാവുകയും മുന്‍സിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ വിജയം നേടുകയും ചെയ്തതോടെ  ബി.ജെ.പി. പരിഭ്രമത്തിലായിരിക്കുകയാണ്. ബി.ജെ.പിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഗവർണർ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഡല്‍ഹിയിലെ ജനങ്ങളുടെ പ്രയാസം വര്‍ധിക്കുന്തോറും ബി.ജെ.പിയുടെ ആഹ്‌ളാദവും കൂടും, ഭരദ്വാജ് പറഞ്ഞു.

2017 ലാണ് സര്‍ക്കാര്‍പരസ്യം സംബന്ധിച്ച വിവാദം ആരംഭിക്കുന്നത്. 97.14 കോടി രൂപ എ.എ.പി. സര്‍ക്കാരിന്റെ പരസ്യത്തിനായി ചെലവഴിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയായ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി (ഡി.ഐ.പി.) കണ്ടെത്തിയത്. 42.26 കോടി രൂപ ഖജനാവിലേക്ക് ഉടനടി തിരിച്ചടയ്ക്കണമെന്നാണ് എ.എ.പിയ്ക്ക് ഡി.ഐ.പി. 2017 ല്‍ നിര്‍ദേശം നല്‍കിയത്. ബാക്കി തുകയായ 54.87 കോടി രൂപ മുപ്പത് ദിവസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും എഎപി ഇതിന് തയ്യാറായില്ല.

Content Highlights: Lt Governor, AAP, Pay Rupees 97 Crore For Ads, VK Saxena, Arvind Kejriwal