‘ലവ്‌ലി’യിലെ മലയാളിവിദ്യാർഥികളെ സഹായിക്കുന്നില്ലെന്ന് ആരോപണം; സഹായംതേടിയത് വിദ്യാർഥിയാണോ എന്നറിയില്ലെന്ന് കേരളഹൗസ്

ന്യൂഡൽഹി: സംഘർഷമുണ്ടായ പഞ്ചാബിലെ ‘ലവ്‌ലി’ പ്രൊഫഷണൽ സർവകലാശാലയിലെ ചില മലയാളി വിദ്യാർഥികൾക്ക് ഡൽഹി കേരളഹൗസിൽനിന്ന് ദുരനുഭവം നേരിട്ടതായി പരാതി. സഹായംതേടി കേരളഹൗസിലെത്തിയ വിദ്യാർഥികളെ അധികൃതർ കൈയൊഴിഞ്ഞെന്നാണ് ആരോപണം.
സർവകലാശാലയിലെ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് വിശ്വസിച്ചെത്തിയ നാല് വിദ്യാർഥികളെ ഡൽഹിയിലെ നോർക്ക അധികൃതർ സഹായിച്ചില്ലെന്ന് എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റ് ആദർശ് എം. സജി ആരോപിച്ചു.
‘വിദ്യാർഥികൾക്കായി സർക്കാർ ഇടപെട്ടെന്ന വാർത്തകൾ കണ്ടാണ് ഇവർ കേരളഹൗസിലെത്തിയത്. എന്നാൽ, ബുധനാഴ്ച നോർക്ക അധികൃതരെ സമീപിച്ചപ്പോൾ അവർ സഹായിച്ചില്ല. നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാത്തതിനാൽ ഒരുദിവസത്തേക്ക് താമസത്തിന് സൗകര്യം ചോദിച്ചെങ്കിലും അതും കിട്ടിയില്ല. സഹായം ചോദിച്ചപ്പോൾ നോർക്ക ഓഫീസർ മുറിയിൽനിന്ന് ഇറക്കിവിടുന്ന സാഹചര്യവുമുണ്ടായി. വിദ്യാർഥികളെ സുരക്ഷിതമായി കേരളത്തിലെത്തിക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം', ആദർശ് ആവശ്യപ്പെട്ടു.
ലവ്‌ലി സർവകലാശാലയിലെ പ്രശ്നങ്ങളെത്തുടർന്ന് ഡൽഹിയിലെത്തുന്ന മലയാളി വിദ്യാർഥികൾക്ക് കേരളഹൗസിൽ താമസവും യാത്രാസൗകര്യങ്ങളും അടിയന്തരമായി ഒരുക്കണമെന്നാവശ്യപ്പെട്ട് വി. ശിവദാസൻ എം.പി. മുഖ്യമന്ത്രി വി.ഡി. സതീശന് കത്തുമയച്ചു.
അതേസമയം, ഒരാൾ മാത്രമാണ് സഹായം തേടി സമീപിച്ചതെന്നും അയാൾ വിദ്യാർഥിയാണോ എന്നുപോലും വ്യക്തമായിരുന്നില്ലെന്നും കേരളഹൗസ് അധികൃതർ വിശദീകരിച്ചു. രേഖാമൂലം സൗകര്യങ്ങൾ ആവശ്യപ്പെട്ടിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Malayali students from Lovely Professional University faced neglect at Delhi Kerala House., SFI national president Adarsh M. Saji accused NORKA officials of refusing help and accommodation., MP V. Sivadasan wrote to Chief Minister V.D. Satheesan demanding urgent intervention and facilities., Kerala House authorities clarified that only one person approached them without proper identification or written request.