കോവിഡില്‍ നഷ്ടം: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെലവു ചുരുക്കുന്നു; തൊഴിലാളികള്‍ക്കും തിരിച്ചടി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി മൂലമുണ്ടായ നഷ്ടത്തെത്തുടര്‍ന്ന് ചെലവുചുരുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ചെലവ് 25 ശതമാനം കുറക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എ.എ.ഐ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പതിനേഴായിരത്തോളം വരുന്ന തൊഴിലാളികളുടെ അലവന്‍സുകളടക്കമുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.

രാജ്യത്തെ 125 വിമാനത്താവളങ്ങളുടെ ചുമതലയുള്ള എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററാണ്. 2020-21 വര്‍ഷത്തെ കമ്പനിയുടെ വരുമാനത്തെ കോവിഡ് 19 പ്രതികൂലമായി ബാധിച്ചു. സാഹചര്യം മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും കോവിഡിന്റെ രണ്ടാംവരവോടെ വീണ്ടും നഷ്ടത്തിലായെന്നും ഈ വര്‍ഷവും ഇതേ അവസ്ഥയായിരിക്കുമെന്നും എ.എ.ഐ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അറ്റകുറ്റപ്പണികള്‍, നടത്തിപ്പു ചെലവ്, തൊഴിലാളികളുടെ ശമ്പളം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലാവും ആദ്യ ഘട്ടത്തില്‍ ചെലവുചുരുക്കല്‍ നടപ്പാക്കുക. ഇതോടെ അറ്റകുറ്റപ്പണിയിനത്തില്‍ 1266.14 കോടി രൂപയില്‍ നിന്ന് 985 കോടിരൂപയായി ചെലവു ചുരുങ്ങും. മറ്റ് നടത്തിപ്പുചെലവുകള്‍ 842 കോടിയില്‍ നിന്ന് 645 കോടിയാകും. തൊഴിലാളികളുടെ ശമ്പളം അടക്കമുള്ള ചെലവ് 426 കോടിയില്‍ നിന്ന് 266 കോടി രൂപയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

അതേസമയം, തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനുള്ള നടപടിക്കെതിരെ എ.എ.ഐ തൊഴിലാളി സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇത് കമ്പനി മാനേജ്മെന്റിന്റെ പരാജയമാണെന്നും എന്തുകൊണ്ട് ഈ അവസരത്തില്‍ സ്വകാര്യ വിമാന കമ്പനികള്‍ നല്‍കാനുള്ള 25000 കോടിയോളം രൂപ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നില്ലെന്നും തൊഴിലാളി യൂണിയനുകള്‍ ചോദിക്കുന്നു.

Content Highlights: losses due to COVID- AAI implements cost-cutting measures, reduction in staff's allowances

Content Highlights: