'അന്ന് സോണിയ ഗാന്ധി എങ്ങനെ വോട്ടറായി? എന്ത് സംസാരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും'; ലോക്സഭയിൽ വെല്ലുവിളി, തിരിച്ചടി

#ന്യൂസ് ഡെസ്‌ക്
രാഹുല്‍ ഗാന്ധി, അമിത് ഷാ | Photo : ANI
രാഹുല്‍ ഗാന്ധി, അമിത് ഷാ | Photo : ANI

ന്യൂഡല്‍ഹി: എസ്‌ഐആര്‍ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങള്‍. എസ്‌ഐആര്‍ വിഷയത്തില്‍ അമിത് ഷാ പ്രസംഗിച്ചുതുടങ്ങിയതിന് പിന്നാലെയാണ് നാടകീയരംഗങ്ങളുണ്ടായത്. അമിത് ഷായുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇടപെട്ടു. തുടര്‍ന്ന് വോട്ട് ചോരിയില്‍ തങ്ങള്‍ നടത്തിയ പത്രസമ്മേളനങ്ങളില്‍ ചര്‍ച്ചനടത്താന്‍ രാഹുല്‍ ഗാന്ധി മന്ത്രിയെ വെല്ലുവിളിച്ചു. എന്നാല്‍, എന്ത് സംസാരിക്കണമെന്നത് താന്‍ തീരുമാനിക്കുമെന്നായിരുന്നു അമിത് ഷായുടെ മറുപടി.

എസ്‌ഐആറില്‍ കോണ്‍ഗ്രസും പ്രതിപക്ഷവും തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് അമിത് ഷാ സംസാരിച്ചുതുടങ്ങിയത്. വോട്ടര്‍ പട്ടികയില്‍നിന്ന് അനധികൃത കുടിയേറ്റക്കാര്‍ ഇല്ലാതാകുമെന്നതില്‍ എസ്‌ഐആറില്‍ പ്രതിപക്ഷം ആശങ്കാകുലരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ടത്. 'വോട്ട് ചോരി'യുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പത്രസമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. എന്നാല്‍, ശക്തമായ ഭാഷയിലാണ് അമിത് ഷാ ഇതിന് മറുപടി നല്‍കിയത്.

''ഞാന്‍ എന്ത് സംസാരിക്കണമെന്നത് അദ്ദേഹത്തിന് തീരുമാനിക്കാന്‍ കഴിയില്ല. അദ്ദേഹം ക്ഷമയോടെയിരിക്കാന്‍ പഠിക്കണം. എന്റെ പ്രസംഗത്തിന്റെ ക്രമം ഞാന്‍ തീരുമാനിക്കും. എന്ത് സംസാരിക്കണമെന്നും ഞാന്‍ തീരുമാനിക്കും'', അമിത് ഷാ പറഞ്ഞു.

ചില കുടുംബങ്ങള്‍ തലമുറകളായി വോട്ട് മോഷ്ടിക്കുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നെഹ്‌റു കുടുംബത്തെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമര്‍ശം. ഇതോടെ പ്രതിപക്ഷത്തുനിന്ന് ബഹളമുയര്‍ന്നു. എന്നാല്‍, രണ്ട് മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ തടസപ്പെടുത്തരുതെന്നായിരുന്നു അമിത് ഷാ പ്രതിപക്ഷത്തോട് പറഞ്ഞത്. തുടര്‍ന്ന് പ്രസംഗം പുനഃരാരംഭിച്ച അദ്ദേഹം കോണ്‍ഗ്രസ് കാലത്ത് നടന്ന മൂന്ന് വോട്ട് കവര്‍ച്ചയെന്ന് പറഞ്ഞ് ചില സംഭവങ്ങളും വിശദീകരിച്ചു.

''സ്വാതന്ത്ര്യാനന്തരം സര്‍ദാര്‍ പട്ടേലിന് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 28 വോട്ടുകള്‍ കിട്ടിയെങ്കിലും രണ്ട് വോട്ട് കിട്ടിയ നെഹ്‌റുവാണ് പ്രധാനമന്ത്രിയായത്. ഇത് വോട്ട് ചോരിയായിരുന്നു. രണ്ടാമത്തെ വോട്ട് ചോരി ഇന്ദിരാഗാന്ധിയുടേതാണ്. കോടതി അവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടും അവര്‍ സ്വന്തം പ്രതിരോധം സ്വീകരിച്ചു'', അടിയന്തരാവസ്ഥക്കാലം ഓര്‍മിപ്പിച്ച് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് മൂന്നാമത്തെ വോട്ട് ചോരി ആരോപണം അദ്ദേഹം ഉന്നയിച്ചത് സോണിയ ഗാന്ധിക്കെതിരെയായിരുന്നു. ഇന്ത്യന്‍ പൗരയാകുന്നതിന് മുന്‍പ് എങ്ങനെയാണ് സോണിയ ഗാന്ധി വോട്ടര്‍ ആയതെന്നും ഈ വോട്ട് ചോരിയുടെ തര്‍ക്കം കോടതിയിലാണെന്നും അമിത് ഷാ പറഞ്ഞു.

Content Highlights: Lok Sabha witnesses heated SIR debate! Amit Shah and Rahul Gandhi clash over allegations. Discover the unfolding political drama and key arguments.