'ട്രാൻസ്ജെൻഡറാണെന്ന് അവകാശപ്പെട്ടാൽ അംഗീകരിക്കില്ല'; ട്രാൻസ്ജെൻഡർ അവകാശസംരക്ഷണ ഭേദഗതി ബിൽ പാസാക്കി

#ന്യൂസ് ഡെസ്ക്
Photo: Sansad TV via PTI Photo
Photo: Sansad TV via PTI Photo

ന്യൂഡൽഹി: ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണ) ഭേദഗതി ബിൽ ശബ്ദ വോട്ടോടെ ലോക്സഭ പാസാക്കി. പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ഉയർത്തിയ ആശങ്കകളും എതിർപ്പുകളും വകവെക്കാതെയാണ് കേന്ദ്രം ട്രാൻസ്ജെൻഡർ പേഴ്സൺ ഭേദഗതി ബില്ല് പാസാക്കിയത്.

ട്രാൻസ്ജെൻഡർ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ജനനസർട്ടിഫിക്കറ്റിലെ പേരുമാറ്റാൻ ബില്ലിൽ അനുമതി നൽകുന്നുണ്ട്. ജില്ലാ മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ ജില്ലാ മജിസ്ട്രേറ്റ് ആകും ട്രാൻസ്ജെൻഡർ സ്വത്വം അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകുക.  ചീഫ് മെഡിക്കൽ ഓഫീസറോ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറോ നയിക്കുന്നതായിരിക്കണം മെഡിക്കൽ ബോർഡ്. ആവശ്യമെങ്കിൽ കൂടുതൽ മെഡിക്കൽ വിദഗ്ധരുമായി ആലോചിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന് അധികാരമുണ്ടായിരിക്കും.

കേന്ദ്ര സാമൂഹ്യനീതിമന്ത്രി ഡോ. വിരേന്ദ്ര കുമാർ ആണ് ട്രാൻസ്ജെൻഡർ പേഴ്സൺസ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ക്ഷേമപദ്ധതികൾ യഥാർത്ഥ ഗുണഭോക്താക്കളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സർട്ടിഫിക്കറ്റ് നൽകുന്ന രീതി പരിഷ്കരിച്ചതെന്നാണ് സർക്കാർ വിശദീകരണം. കൂടാതെ, സാമൂഹിക സുരക്ഷ, ആരോഗ്യ പരിരക്ഷ, വിവേചനത്തിൽനിന്നുള്ള സംരക്ഷണം എന്നിവ ശക്തിപ്പെടുത്താൻ പുതിയ ഭേദഗതി സഹായിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു. 

ബില്ല് പാസായതോടെ, ഇനി മുതൽ സ്വയം ട്രാൻസ്ജെൻഡർ ആണെന്ന് അവകാശപ്പെട്ടാൽ അംഗീകരിക്കില്ല. ജന്മനായുള്ള ഹോർമോൺ വ്യതിയാനങ്ങൾ, ലൈംഗിക സ്വഭാവ സവിശേഷതകൾ എന്നിവ നോക്കിയാകും സ്വത്വം തീരുമാനിക്കുക.

അതേസമയം, മെഡിക്കൽ പരിശോധന നിർബന്ധമാക്കുന്നത് സുപ്രീം കോടതിയുടെ ചരിത്രപ്രസിദ്ധമായ NALSA (National Legal Services Authority) വിധിക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വിധിയിലൂടെ ലഭിച്ച സ്വന്തം ലിംഗപദവി സ്വയം നിർണ്ണയിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അവർ ആരോപിക്കുന്നു. മെഡിക്കൽ ബോർഡുകളുടെ ഇടപെടൽ ഈ പ്രക്രിയയെ സങ്കീർണ്ണമാക്കുമെന്നും ഉദ്യോഗസ്ഥ മേധാവിത്വത്തിന് വഴിമാറുമെന്നും വിവിധ എൽജിബിടിക്യു പ്ലസ് (LGBTQIA+) സംഘടനകളും ആക്ടിവിസ്റ്റുകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ നീക്കം പിന്തിരിപ്പനാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭ പാസാക്കിയ ബിൽ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് വിടും. അവിടെയും ബില്ലിന്മേൽ വലിയ ചർച്ചകൾ ഉണ്ടാകാനാണ് സാധ്യത. 

Content Highlights: Lok Sabha passed the Transgender Persons Rights Amendment Bill via voice vote., Introduction of a district-level medical board certification process for identity., Mandatory evaluation of hormonal and biological traits for official recognition., Allows name changes on birth certificates for certified transgender individuals.