'അദ്ദേഹം പ്രൊമോഷൻ കിട്ടി ലെഫ്. ഗവർണറായി'; കശ്മീരിന് സംസ്ഥാനപദവി വേണമെന്ന് ഒമർ, വേദിയിൽ മോദി

ഒമർ അബ്ദുള്ള, നരേന്ദ്ര മോദി | Photo: PTI, ANI
ഒമർ അബ്ദുള്ള, നരേന്ദ്ര മോദി | Photo: PTI, ANI

ശ്രീനഗര്‍: ജമ്മു കശ്മീരിന് സംസ്ഥാനപദവി വേണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കിട്ടവേദിയില്‍ ഉന്നയിച്ച് ഒമര്‍ അബ്ദുള്ള. കത്ര-ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനച്ചടങ്ങിനിടെ ആയിരുന്നു സംഭവം. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

2014-ല്‍ ജമ്മു കശ്മീരിലെ കത്ര റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടന വേളയില്‍, അന്ന് റെയില്‍വേ സഹമന്ത്രിയായിരുന്ന മനോജ് സിന്‍ഹയും പങ്കെടുത്തിരുന്നു. അന്നത്തേതില്‍നിന്ന് അദ്ദേഹത്തിന് സ്ഥാനക്കയറ്റം കിട്ടുകയും ജമ്മു കശ്മീരിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറാവുകയും ചെയ്തു. എന്നാല്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന തന്റെ പദവി ഇന്ന് കേന്ദ്രഭരണപ്രദേശത്തിന്റെ മുഖ്യമന്ത്രിയായി തരംതാഴ്ത്തപ്പെട്ടുവെന്ന് ഒമര്‍ അബ്ദുള്ള തമാശരൂപേണ പറഞ്ഞു. 

ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ കേന്ദ്രഭരണപ്രദേശത്തെ മുഖ്യമന്ത്രിയുടെ സ്ഥാനം, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവര്‍ണര്‍ക്ക് പിന്നിലാണ്. ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി നഷ്ടമായതോടെയുണ്ടായ മാറ്റത്തെ തമാശരൂപേണ പരാമര്‍ശിക്കുന്നതായിരുന്നു ഒമറിന്റെ വാക്കുകള്‍. ജമ്മു കശ്മീരിലെ റെയില്‍പദ്ധതികളിലെല്ലാം പ്രധാനമന്ത്രി മോദിയുമായി സഹകരിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: lieutenant governor got promotion i got demoted omar abdullah