മയ്യിത്ത് നമസ്‌കാരങ്ങൾക്ക് പാക് സൈന്യം എന്നെ ക്ഷണിക്കാറുണ്ട്; വെളിപ്പെടുത്തലുമായി LeT ഭീകരൻ

ഇസ്ലാമാബാദ്: പാകിസ്താൻ സൈന്യവും തങ്ങളുടെ തീവ്രവാദസംഘടനയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തി ലഷ്‌കറെ ത്വയ്ബ നേതാവ് സൈഫുള്ള കസൂരി. പാക് സൈനികരുടെ പരിപാടികളിൽ പങ്കെടുക്കാൻ തനിക്ക് സ്ഥിരമായി ക്ഷണം ലഭിക്കാറുണ്ടെന്നും അവരുടെ സൈനികരുടെ മയ്യിത്ത് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകാൻ പോകാറുണ്ടെന്നും കസൂരി ഒരു പൊതു ചടങ്ങിൽ തുറന്നുപറഞ്ഞു.

ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്‌കറെ ത്വയ്ബ ഡെപ്യൂട്ടി ചീഫും പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമാണ് സൈഫുള്ള കസൂരി. പാകിസ്താനിലെ ഒരു സ്‌കൂളിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളോട് സംസാരിക്കവേ ഈ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യക്ക് തന്നെ ഭയമാണെന്നും കസൂരി കൂട്ടിച്ചേർത്തു, ഇന്ത്യയ്ക്കെതിരേ പ്രകോപനപരമായ ഭീഷണികളും മുഴക്കി.

'പാകിസ്താൻ സൈന്യം അവരുടെ സൈനികരുടെ മയ്യിത്ത് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകാൻ എന്നെ ക്ഷണിക്കുന്നു’. തങ്ങളുടെ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകൾക്കെതിരെ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പാക് സർക്കാർ ലോക രാജ്യങ്ങളോട് ആവർത്തിച്ചു നടത്തിയ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ് കസൂരിയുടെ വെളിപ്പെടുത്തൽ. കസൂരിയുടെ വാക്കുകൾ പാക് സൈന്യവും നിരോധിത ഗ്രൂപ്പുകളും തമ്മിലുള്ള സഹകരണവും അവരുടെ പങ്കാളിത്തത്തിന്റെ വ്യാപ്തിയും വ്യക്തമാക്കുന്നതാണ്.

ഇന്ത്യ തന്നെ ഭയക്കുന്നുവെന്നും കസൂരി അവകാശപ്പെട്ടു. പാകിസ്താനിലെ ഭീകരവാദ ക്യാമ്പുകളെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നശിപ്പിച്ചുവെന്ന് കസൂരി സമ്മതിച്ചു. തീവ്രവാദികളുടെ ഒളിത്താവളങ്ങളെ മാത്രം ലക്ഷ്യമിട്ട ആക്രമണത്തിലൂടെ ഇന്ത്യ വലിയ തെറ്റു ചെയ്തുവെന്നും കസൂരി പറഞ്ഞു. കശ്മീരിനോടുള്ള സംഘടനയുടെ താൽപ്പര്യം പരസ്യമായി ആവർത്തിക്കുകയും കാശ്മീർ ദൗത്യത്തിൽ നിന്ന് തങ്ങൾ 'ഒരിക്കലും പിന്മാറില്ല' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന ആരോപണം തന്നെ പ്രശസ്തനാക്കിയെന്ന് എൽഇടി റാലിയിൽ പ്രസംഗിച്ച വ്യക്തിയാണ് കസൂരി.

ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്. പഹൽഗാം ആക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും 20 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മേയ് ഏഴിന് നടത്തിയ ആക്രമണത്തിൽ പാകിസ്താനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ തകർത്തു. ഒമ്പത് ഭീകരവാദ ക്യാമ്പുകളിൽ ആക്രമണം നടത്തുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു.

പിന്നാലെ പാകിസ്താൻ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് പാക് വ്യോതാവളങ്ങളുൾപ്പെടെ ഇന്ത്യ ആക്രമിച്ച് തകർത്തത്.

Content Highlights: LeT deputy chief Saifullah Kasuri reveals Pakistan Army invites him to lead funerals for their soldiers, exposing deep links. India`s actions criticized.