ബിജെപിയിൽ ചേർന്ന ലിയാൻഡർ പെയ്സിന് 'എക്സ്' കാറ്റഗറി സുരക്ഷയും സ്റ്റാർ കാമ്പെയ്‌നർ പദവിയും

#ന്യൂസ് ഡെസ്ക്
ലിയാൻഡർ പെയ്സ് | Photo: PTI
ലിയാൻഡർ പെയ്സ് | Photo: PTI

ന്യൂഡൽഹി: മുൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പെയ്സ് ബിജെപിയിൽ ചേർന്നതിന് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'എക്സ്' കാറ്റഗറി സുരക്ഷ അനുവദിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥരെയാണ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്റ്റാർ കാമ്പെയ്‌നർമാരുടെ പട്ടികയിൽ ലിയാൻഡർ പെയ്സും ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം മിഥുൻ ചക്രവർത്തി, കങ്കണ റണാവത്ത് തുടങ്ങിയ പ്രമുഖർക്കൊപ്പമാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങുക.

ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിച്ച പെയ്സ് ഈ നീക്കം വെറുമൊരു ചടങ്ങല്ലെന്നും രാജ്യത്തെ സേവിക്കാനുള്ള വലിയൊരു ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ പെയ്സ് പ്രശംസിച്ചു.

താൻ ബംഗാളിൽ ജനിച്ച വ്യക്തിയാണെന്നും ഒളിമ്പ്യന്മാരുടെ ഒരു കുടുംബ പാരമ്പര്യമാണ് തനിക്കുള്ളതെന്നും പെയ്സ് ബിജെപി പ്രവേശന ചടങ്ങിൽ പറഞ്ഞു. യുവജന ക്ഷേമത്തിലും കായിക മേഖലയിലൂടെയുള്ള രാഷ്ട്ര നിർമ്മാണത്തിലുമാണ് താൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാൾ ഇതിലും മെച്ചപ്പെട്ട ഭരണം അർഹിക്കുന്നുണ്ടെന്നും ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ തന്റെ സംഭാവനകൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉറച്ച വിശ്വാസമാണ് തന്നെ ബിജെപിയിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിൽ ചേരുന്നതിന് മുൻപ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) സഹകരിച്ചാണ് പെയ്സ് പ്രവർത്തിച്ചിരുന്നത്. മുൻപ് നടന്ന തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം ടിഎംസിക്കായി പ്രചാരണ രംഗത്ത് സജീവമായിരുന്നു.

Content Highlights: Former tennis legend Leander Paes joins BJP, receives 'X' category security and star campaigner status for the 2026 elections.