ജമ്മു കശ്മീരിലെ കുടിയേറ്റ തൊഴിലാളികളുടെ കൊലപാതകം; പിന്നിൽ ലഷ്‌കർ കമാൻഡറും സഹായിയുമെന്ന് സൂചന

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: AFP
പ്രതീകാത്മകചിത്രം | Photo: AFP

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുൽഗാമിൽ അടുത്തിടെ രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടതടക്കം, ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ആസൂത്രിത കൊലപാതകങ്ങൾക്ക് പിന്നിൽ ലഷ്‌കറെ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടും കൂട്ടാളിയുമാണെന്ന് വിവരം. ആക്രമണങ്ങൾക്ക് ആവശ്യമായ സഹായങ്ങളും നിരീക്ഷണങ്ങളും (recce) നൽകിയത് ഭട്ടിന്റെ സഹായിയായ വാരിസ് ഷാ ആണെന്ന് സുരക്ഷാ ഏജൻസികൾ സൂചിപ്പിച്ചു.

ചെറിയ തോക്കുകൾ ഉപയോഗിച്ച് പെട്ടെന്ന് ആക്രമണം നടത്തി ജനക്കൂട്ടത്തിനിടയിൽ മറയുന്ന ഹൈബ്രിഡ് ഭീകരരുടെ രീതിയാണ് ഈ കൊലപാതകങ്ങളിൽ പ്രതിഫലിക്കുന്നത് എന്ന് ഔദ്യോഗികവൃത്തങ്ങൾ പറയുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരർ നടത്തിയ വെടിവെപ്പിലാണ് രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢ് സ്വദേശിയായ ദീപക് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഛത്തീസ്ഗഢിൽ നിന്നുള്ള തന്നെ ഭൂപേന്ദർ എന്ന മറ്റൊരു തൊഴിലാളിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ 10 ദിവസത്തിനിടെ കശ്മീരിൽ ഭീകരർ നടത്തുന്ന രണ്ടാമത്തെ ആസൂത്രിത ആക്രമണമാണിത്. കഴിഞ്ഞയാഴ്ച അനന്ത്‌നാഗിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് കശ്മീരിലുടനീളം പോലീസ് കനത്ത സുരക്ഷാ നടപടികൾ ആരംഭിച്ചിരുന്നു.

പ്രാഥമികാന്വേഷണ പ്രകാരം, രണ്ട് ആക്രമണങ്ങളിലും എകെ-47 തോക്കുകൾക്ക് പകരം പിസ്റ്റൾ പോലുള്ള ചെറിയ ആയുധങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 'ഹൈബ്രിഡ് ഭീകരരുടെ' (hybrid terrorists) പ്രവർത്തന ശൈലിയാണ് സൂചിപ്പിക്കുന്നത്. ആക്രമണം നടത്തിയ ശേഷം സാധാരണക്കാർക്കിടയിൽ ഒളിച്ചു കഴിയുന്ന, പ്രാദേശികമായി റിക്രൂട്ട് ചെയ്യപ്പെട്ട ഓവർ ഗ്രൗണ്ട് വർക്കർമാരാണിവർ.

ലഷ്‌കറെ തൊയ്ബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (TRF) പ്രവർത്തനരീതിയുമായി ഈ ആക്രമണങ്ങൾക്ക് സാമ്യമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

'പെട്ടെന്ന് പിസ്റ്റൾ ഉപയോഗിച്ച് ആക്രമണം നടത്തുകയും പിന്നീട് ജനക്കൂട്ടത്തിനിടയിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്ന രീതിയാണ് ടിആർഎഫിന്റേത്. വലിയ ആയുധങ്ങളോ വലിയ അടയാളങ്ങളോ അവശേഷിപ്പിക്കില്ല. ഇങ്ങനെയാണ് അവർ പിടിക്കപ്പെടാതെ രക്ഷപ്പെടുന്നത്.' ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ജനങ്ങൾക്കിടയിൽ ഭീതി പടർത്തുക, സാധാരണ ജീവിതത്തെ തകർക്കുക, കശ്മീരിലെ സമാധാനം ഇപ്പോഴും ദുർബലമാണെന്ന സന്ദേശം നൽകുക എന്നിവയാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ രണ്ട് ഭീകരർക്കായി സുരക്ഷാ ഏജൻസികൾ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഷോപ്പിയാൻ ഏറ്റുമുട്ടലിന് ശേഷമാണ് ലഷ്‌കർ കമാൻഡറായ ലത്തീഫ് ഭട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. അന്ന് പ്രമുഖ ലഷ്‌കർ കമാൻഡർ സാക്കിർ ഗാനായിക്കൊപ്പം ഭട്ടും കുടുങ്ങിയിരുന്നു. അഞ്ച് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷാ സേന സാക്കിറിനെ വധിച്ചെങ്കിലും ഭട്ട് രക്ഷപ്പെട്ടു.

അതിനുശേഷം, നിർദ്ദേശങ്ങൾക്കനുസരിച്ച് അതിർത്തി കടന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും ഇതര സംസ്ഥാനക്കാരെയും ലക്ഷ്യമിട്ട് കൊലപാതകങ്ങൾ നടത്താൻ ഭട്ട് സ്ലീപ്പർ സെല്ലുകളെ സജീവമാക്കിയതായും ഏജൻസികൾ സംശയിക്കുന്നു.

Content Highlights: Lashkar-e-Taiba commander Latif Bhat and aide Waris Shah suspected in Kulgam migrant killings. Attacks involved small-caliber weapons, characteristic of TRF hybrid terrorists. Second targeted attack in J&K within 10 days. Security agencies are actively tracking the suspects to prevent further incidents.