ഉന്നാവോ കേസിൽ മുൻ ബിജെപി നേതാവിന് ജാമ്യം; ശിക്ഷ സസ്പെൻഡ് ചെയ്തു

ന്നാവ് ബലാത്സംഗ കേസിലെ പ്രതിയായ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ താൽക്കാലികമായി നിർത്തിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഉന്നാവ് ബലാത്സംഗ കേസിലെ ഇരയും അമ്മയും വനിതാ ആക്ടിവിസ്റ്റുമായ യോഗിത ഭയാന ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിക്കുന്നു
ന്നാവ് ബലാത്സംഗ കേസിലെ പ്രതിയായ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ താൽക്കാലികമായി നിർത്തിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഉന്നാവ് ബലാത്സംഗ കേസിലെ ഇരയും അമ്മയും വനിതാ ആക്ടിവിസ്റ്റുമായ യോഗിത ഭയാന ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിക്കുന്നു

ന്യൂഡൽഹി: 2017-ൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസിൽ മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്പെൻഡ്ചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിധി ചോദ്യംചെയ്ത് സേംഗർ നൽകിയ അപ്പീലിൽ തീർപ്പാകുംവരെയാണ് ശിക്ഷ സസ്പെൻഡ് ചെയ്തത്.

അതിജീവിതയുടെ ഡൽഹിയിലെ വീടിന്റെ അഞ്ചുകിലോമീറ്റർ പരിധിയിൽ പോകരുതെന്നും എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിന് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട്ചെയ്യണമെന്നും ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദും ഹരീഷ് വൈദ്യനാഥൻ ശങ്കറുമടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. പാസ്പോർട്ട് വിചാരണക്കോടതിയിൽ കെട്ടിവെക്കണം. അപ്പീൽ തീർപ്പാക്കുംവരെ സേംഗർ ഡൽഹിയിൽ തുടരണം. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്റെയും തത്തുല്യമായ മൂന്ന് ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം. അതിജീവിതയെയോ അവരുടെ അമ്മയെയോ ഭീഷണിപ്പെടുത്തരുതെന്ന് നിർദേശിച്ച ഹൈക്കോടതി, വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പുനൽകി. സേംഗറിന്റെ അപ്പീൽ ജനുവരി 16-ന് ഹൈക്കോടതി പരിഗണിക്കും.

സംഭവബഹുലമായ കേസ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ 2017 ജൂൺ 11-നും 20-നുമിടയിൽ സേംഗർ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്യുകയും പിന്നീട് 60,000 രൂപയ്ക്ക് വിൽക്കുകയും ചെയ്തെന്നാണ് കേസ്. അലഹബാദ് ഹൈക്കോടതി ഇടപെട്ടതിനെത്തുടർന്നാണ് പോക്സോ കേസിൽ സേംഗർ അറസ്റ്റിലായത്.

2019-ൽ അതിജീവിത അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് കത്തെഴുതി. ഇതോടെ സുപ്രീംകോടതി കേസിന്റെ വിചാരണ ലഖ്‌നൗവിൽനിന്ന് ഡൽഹിയിലേക്ക് മാറ്റി. 2019 ഡിസംബറിൽ സേംഗറിന് വിചാരണക്കോടതി ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചു.

പിന്നീട് അതിജീവിതയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറിലേക്ക് നമ്പർ പ്ലേറ്റില്ലാത്ത ലോറി ഇടിച്ചുണ്ടായ അപകടവും രാജ്യശ്രദ്ധ നേടിയിരുന്നു. കേസിൽ പ്രതിക്ക് ബന്ധമുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കണ്ടെത്തി വിചാരണക്കോടതി 2021 ഡിസംബറിൽ സേംഗറിനെ വെറുതേവിട്ടു.

പോലീസ് ഉദ്യോഗസ്ഥരുമായി കൂട്ടുചേർന്ന് അതിജീവിതയുടെ അച്ഛനെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയെന്ന കേസിലും സേംഗറിന് പത്തുവർഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു.

സുരക്ഷയിൽ ആശങ്കയെന്ന് അതിജീവിത

: ബലാത്സംഗക്കേസിൽ ബിജെപി മുൻ നേതാവ് കുൽദീപ് സിങ് സേംഗറിന് ജാമ്യം നൽകിയതിൽ ആശങ്കയറിയിച്ച് അതിജീവിത. ഭർത്താവും ചെറിയ കുട്ടികളും ഭിന്നശേഷിക്കാരിയായ ഭർതൃമാതാവുമടങ്ങുന്ന തന്റെ കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അതിജീവിത പറഞ്ഞു. കുടുംബത്തിന് നൽകിയിരുന്ന സുരക്ഷയും നിയമസഹായവും പിൻവലിച്ചു. തന്നെ ബലാത്സംഗം ചെയ്യുകയും പിതാവിനെ കൊലപ്പെടുത്തുകയും ചെയ്ത പ്രതിക്ക് ജാമ്യം നൽകുമ്പോൾ എന്തുതരം നീതിയാണിതെന്ന ചോദ്യമാണ് ഉയരുന്നതെന്നും അതിജീവിത വാർത്താ ഏജൻസിയോട് പറഞ്ഞു.

Content Highlights: Delhi High Court suspends former BJP leader Kuldeep Singh Sengar`s life sentence and grants bail in the 2017 Unnao minor`s rape case. Appeals pending.