കൊല്ലൂരമ്മയ്ക്ക് കാണിക്കയായി മൂന്നുകോടിയുടെ വെള്ളിരഥം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം/ ഫോട്ടോ: ഗോവിന്ദ്. കെ
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം/ ഫോട്ടോ: ഗോവിന്ദ്. കെ

മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെള്ളിരഥം സമർപ്പിച്ച് ബെംഗളൂരുവിലെ ആർ.എം.ബി. ആരാധ്യ ട്രസ്റ്റ്. ഏകദേശം മൂന്നുകോടി രൂപ വിലവരുന്ന വെള്ളിരഥമാണ് കൊല്ലൂരമ്മയ്ക്ക് കാണിക്കയായി നൽകിയത്. ട്രസ്റ്റ് ഭാരവാഹി രാകേഷ് ആരാധ്യ കഴിഞ്ഞദിവസം ക്ഷേത്ര ഭാരവാഹികൾക്ക് രഥം സമർപ്പിച്ചു. 106 കിലോ വെള്ളികൊണ്ടാണ് രഥം നിർമിച്ചത്.

ഇതോടെ ക്ഷേത്രത്തിൽ ദേവിയെ എഴുന്നള്ളിക്കാനുള്ള രഥങ്ങളുടെ എണ്ണം നാലായി. ഒരു സ്വർണരഥവും മരത്തിൽ തീർത്ത പുഷ്പരഥവും ബ്രഹ്മരഥവും നിലവിൽ ക്ഷേത്രത്തിലുണ്ട്. ഭക്തർ വഴിപാടായി ക്ഷേത്രത്തിനകത്ത് സ്വർണരഥം വലിക്കാറുണ്ട്. ഇതിന് 20,000 രൂപയാണ് ക്ഷേത്രം ഈടാക്കുന്നത്. പുതുതായി ലഭിച്ച വെള്ളിരഥം വഴിപാടായി വലിക്കാൻ 10,000 രൂപ ഈടാക്കുമെന്ന് ട്രസ്റ്റി അംഗമായ പി.വി.അഭിലാഷ് അറിയിച്ചു. പുഷ്പരഥത്തിൽ നവമിനാളിലും ബ്രഹ്മരഥത്തിൽ വാർഷികോത്സവത്തിനുമാണ് ദേവിയെ എഴുന്നള്ളിക്കാറ്.

Content Highlights: RMB Aradhya Trust donates a 3-crore silver chariot to Kollur Mookambika Temple.