ബംഗാളിൽ ടിഎംസി വിമതൻ ഋതബ്രതയ്ക്ക് പ്രതിപക്ഷനേതാവ് സ്ഥാനം നഷ്ടമായി; മമതയുടെ ക്യാമ്പിന് ആശ്വാസം

#ന്യൂസ് ഡെസ്‌ക്
മമത, ഋതബ്രത | Photo: PTI
മമത, ഋതബ്രത | Photo: PTI

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയുടെ പ്രതിപക്ഷ നേതാവായി ടിഎംസി വിമതൻ ഋതബ്രത ബാനർജിയെ നിയമിച്ച നടപടി റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. ഋതബ്രതയെ പ്രതിപക്ഷ നേതാവായി നിയമിച്ച സ്പീക്കറുടെ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.

വിമത ടിഎംസി എംഎൽഎമാരുടെ സംഘത്തിലെ അഖ്റുസ്മാനെ ചീഫ് വിപ്പായി നിയമിച്ച നടപടിയും കോടതി റദ്ദാക്കിയിട്ടുണ്ട്. ടിഎംസി എംഎൽഎ ശോഭൻദേബ് ചതോപാധ്യായ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ ഉത്തരവ്. തീരുമാനം പുനഃപരിശോധിച്ച് 10 ദിവസത്തിനുള്ളിൽ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് സ്പീക്കറോട് കോടതി നിർദേശിച്ചിട്ടുമുണ്ട്. 

2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷത്തെത്തിയതോടെയാണ് സംഭവവികാസങ്ങൾ. ശോഭൻദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി നിയമിക്കാനായിരുന്നു മമതയുടെ തീരുമാനം. ഇക്കാര്യം നിയമസഭാ സ്പീക്കറെ അറിയിക്കുകയും ചെയ്തു. എന്നാൽ, ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പ്രതിപക്ഷ നേതൃസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു.

ജൂൺ മൂന്നാം തീയതിയാണ് ഋതബ്രതാ ബാനർജിയെ നിയമസഭാ സ്പീക്കർ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത്. ഇതിനെ ചോദ്യംചെയ്ത് ശോഭൻദേബ് ചതോപാധ്യായ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി ആദ്യം ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും പരിഗണിച്ചു.

ഓഗസ്റ്റിൽ, ഇടക്കാല ക്രമീകരണമെന്ന നിലയിൽ ഋതബ്രത ബാനർജിയുടെ നിയമനം രണ്ടുമാസത്തേക്കുകൂടി തുടരാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അതേസമയം, നിയമനത്തെ ചോദ്യംചെയ്തുകൊണ്ടുള്ള ഹർജിയിലെ അടിസ്ഥാന വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സിംഗിൾ ബെഞ്ചിനോട് നിർദേശിക്കുകയും ചെയ്തു. വിമതർക്ക് കോടതിയിൽനിന്നേറ്റ തിരിച്ചടി മമതാ ബാനർജിയുടെ ക്യാമ്പിന് ആശ്വാസം പകരുന്നതാണ്.

Content Highlights: Calcutta High Court annulled the appointment of TMC rebel Ritabrata Banerjee as Opposition Leader., The appointment of Akhur Rasman as Chief Whip of the rebel MLA faction was also cancelled., The ruling comes as a major relief to Mamata Banerjee's TMC camp following the 2026 assembly elections.