'ഇവിടെ ഞാൻ മാസ് ആണ്, രാഹുലിന് ട്രെയിനിങ് വേണ്ടി വന്നേക്കാം'; വീണ്ടും ചലഞ്ചുമായി കിരൺ റിജിജു

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി, കിരൺ റിജിജു എക്സിൽ പങ്കുവെച്ച ചിത്രം
രാഹുൽ ഗാന്ധി, കിരൺ റിജിജു എക്സിൽ പങ്കുവെച്ച ചിത്രം

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും തമ്മിലുള്ള ഫിറ്റ്നസ് തർക്കങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകാറുണ്ട്. മാർഷൽ ആർട്സ് ആയ ജിയു-ജിറ്റ്‌സുവിൽ നിന്ന് തുടങ്ങിയ ഈ സൗഹൃദപരമായ ഫിറ്റ്നസ് പോര് ഇപ്പോൾ അരുണാചൽ പ്രദേശിലെ മലവെള്ളപ്പാച്ചിലുള്ള പുഴകളിലെ നീന്തലിൽ എത്തിനിൽക്കുകയാണ്.

അരുണാചൽ പ്രദേശിലെ കുത്തിയൊലിച്ചൊഴുകുന്ന പുഴയിൽ നീന്തുന്ന സ്വന്തം വീഡിയോ പങ്കുവെച്ചാണ് കിരൺ റിജിജു രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തിയത്. രാഹുൽ ഗാന്ധിക്ക് ഇത്തരം കാര്യങ്ങളിൽ പരിശീലനം ആവശ്യമായി വന്നേക്കാം, എന്നാൽ തനിക്കിത് കുട്ടിക്കാലം മുതലേയുള്ള ശീലമാണെന്ന് റിജിജു കുറിച്ചു.

'ഞാൻ ഇവിടുത്തെ കളിക്കാരനാണ് (Mein yahan ka khiladi hun). പലരും പറയുന്നു ഞാൻ രാഹുൽ ഗാന്ധിയെ അനുകരിക്കുകയാണെന്ന്. എന്നാൽ രാഹുലിന് ഇതിനുവേണ്ടി പ്രത്യേകം പരിശീലനം വേണ്ടിവന്നേക്കാം. എനിക്കിത് ജീവിതത്തിലെ സാധാരണ കാര്യങ്ങളിൽ ഒന്നാണ്. ചെറുപ്പം മുതലേ ഇതെനിക്ക് കുട്ടിക്കളിയായതിനാൽ പ്രത്യേകം ട്രെയിനിംഗിന്റെ ആവശ്യമില്ല'- റിജിജു എക്‌സിൽ കുറിച്ചു.

സ്വിമ്മിംഗ് പൂളുകളിലോ യമുന പോലെയുള്ള ശാന്തമായ നദികളിലോ നീന്തുന്നത് പോലെയല്ല അരുണാചലിലെ കുത്തിയൊഴുകുന്ന നദികളിൽ നീന്തുന്നതെന്ന് മറ്റൊരു പോസ്റ്റിൽ അദ്ദേഹം വിശദീകരിച്ചു. ഇത്തരം നദികളിൽ നീന്തുമ്പോൾ തല ഉയർന്ന നിലയിലും ശരീരം നീന്തൽ മത്സരങ്ങളിലേത് പോലെ നിവർന്നല്ലാതെ നേരെ നിർത്തിയുമാണ് സൂക്ഷിക്കേണ്ടത്. നീന്തൽ അറിയാത്തവർ ഇത്തരം ശക്തമായ ഒഴുക്കുള്ള ആഴമേറിയ പുഴകളിൽ ഇറങ്ങരുതെന്നും അപകടസാധ്യത കൂടുതലാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

നീന്തൽ അറിയില്ലെങ്കിൽ ഒരിക്കലും ആഴത്തിലുള്ള വെള്ളത്തിലേക്ക് ചാടരുത്. നിരവധിപേർ മുങ്ങിമരിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിലെ നദികൾ വലുതും ആഴമുള്ളതുമാണ് - കിരൺ റിജിജു കുറിച്ചു.

തുടക്കം പാർലമെന്റിലെ ചർച്ചയിൽ നിന്ന്

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇരുനേതാക്കളും തമ്മിലുള്ള ഈ ഫിറ്റ്നസ് സൗഹൃദം പരസ്യമാകുന്നത്. പാർലമെന്റിൽ വെച്ച് രാഹുൽ ഗാന്ധിയുമായി ഫിറ്റ്നസിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ റിജിജു പങ്കുവെച്ചിരുന്നു. രാഷ്ട്രീയം സംസാരിക്കാതെ ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിനെക്കുറിച്ചാണ് സംസാരിച്ചതെന്ന് റിജിജു അന്ന് വ്യക്തമാക്കിയിരുന്നു.

തുടർന്ന് ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിൽ ലോക്‌സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ഈ സംഭാഷണം ഓർത്തെടുക്കുകയും, താൻ അഭ്യസിക്കുന്ന ജിയു-ജിറ്റ്‌സു എന്ന മാർഷൽ ആർട്സിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇതിനുശേഷം ജൂണിൽ രാഹുൽ ഗാന്ധിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച റിജിജുവിനോട് "നമുക്ക് എപ്പോഴാണ് ജിയു-ജിറ്റ്‌സു സെഷൻ ഉള്ളത്?" എന്ന് രാഹുൽ തിരികെ ചോദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ മാർഷൽ ആർട്സ് മാറ്റി വെച്ച് മലയോര മേഖലയിലെ ശക്തമായ പുഴനീന്തലിൽ താനാണ് കൂടുതൽ പരിചയസമ്പന്നൻ എന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി രംഗത്തെത്തിയത്.

Content Highlights: Union Minister Kiren Rijiju posted a video of himself swimming in a turbulent Arunachal Pradesh river., Rijiju challenged Rahul Gandhi, stating he has been swimming in such rivers since childhood without special training., The leaders' fitness rivalry previously involved martial arts like jiu-jitsu and parliamentary discussions.