കേരളത്തിനും ഉത്തർപ്രദേശിനും സഹകരിച്ച് പ്രവർത്തിക്കാൻ ഒട്ടേറെ സാധ്യതകളുണ്ടെന്ന് ഇൻവെസ്റ്റ് യുപി സിഇഒ

#ന്യൂസ് ഡെസ്ക്

ലഖ്‌നൗ: കേരളത്തിനും ഉത്തർപ്രദേശിനും ടൂറിസം, നിക്ഷേപം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഒട്ടേറെ സാധ്യതയുണ്ടെന്ന് ഇൻവെസ്റ്റ് യുപി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിജയ് കിരൺ ആനന്ദ്. കേരളത്തിൽ നിന്നെത്തിയ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ ടൂറിസം ഉൾപ്പെടെ മാതൃകയാക്കാവുന്ന പദ്ധതികൾ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിന്റെ വ്യാവസായിക മാറ്റങ്ങൾ, നിക്ഷേപ അവസരങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം, നൈപുണ്യ വികസനം, കേരളവുമായുള്ള സഹകരണ സാധ്യതകൾ എന്നിവയിലായിരുന്നു മാധ്യമപ്രവർത്തകരുമായി ചർച്ച.

വിജയ് കിരൺ ആനന്ദ് പറഞ്ഞ പ്രധാനകാര്യങ്ങൾ

നിലവിൽ എട്ട് എക്സ്പ്രസ് വേകൾ പ്രവർത്തനക്ഷമമാണ്; എട്ടെണ്ണം നിർമാണ ഘട്ടത്തിലുമാണ്. എക്സ്പ്രസ്വേകൾ, റെയിൽവേ, വ്യാവസായിക മേഖലകൾ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി ഏകദേശം രണ്ടുലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ മൊത്ത പ്രാദേശിക ഉത്പാദനം (ജിഎസ്ഡിപി) ഒൻപത് വർഷത്തിനിടെ 12 ലക്ഷം കോടി രൂപയിൽ നിന്ന് 33 ലക്ഷം കോടി രൂപയോളമായി ഉയർന്നു. ഇത് ഉടൻ തന്നെ 36 ലക്ഷം കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണമേഖല കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 15 മുതൽ 20 ശതമാനം വരെ വളർച്ച രേഖപ്പെടുത്തി. പത്ത് വർഷം മുൻപ് പ്രതിവർഷം 500 ഓളം ഫാക്ടറികൾ സ്ഥാപിതമായിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം അത് 4,300 ആയി ഉയർന്നു. അതുപോലെ, കയറ്റുമതി രണ്ടുലക്ഷം കോടി രൂപ കടന്നു.

ഏകദേശം 96 ലക്ഷം എംഎസ്എംഇ യൂണിറ്റുകളുള്ള ഉത്തർപ്രദേശിന് ഫുഡ് പ്രൊസസിങ്, അഗ്രോ പ്രൊസസിങ്, ക്ഷീരമേഖല, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ വികസന സാധ്യതകളുണ്ട്.

വ്യാവസായിക വികസനത്തിനായി ക്ലസ്റ്റർ അധിഷ്ഠിത സമീപനമാണ് സംസ്ഥാനം സ്വീകരിക്കുന്നത്. എക്സ്പ്രസ് വേകൾക്ക് സമീപം വ്യാവസായിക ക്ലസ്റ്ററുകൾക്കായി 12,500 ഏക്കറും ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോറിന് കീഴിൽ 5,000 ഏക്കറും വികസിപ്പിക്കുന്നുണ്ട്. കൂടാതെ ബുന്ദേൽഖണ്ഡിൽ 50,000 ഏക്കർ വ്യാവസായിക മേഖലയും വികസനത്തിലാണ്. ജേവാർ വിമാനത്താവളത്തിന് സമീപമുള്ള യമുന എക്സ്പ്രസ്വേ അതോറിറ്റി പ്രദേശം പ്രധാന വ്യാവസായിക ഹബ്ബായി ഉയർന്നുവരികയാണ്. ഇവിടെ മൂവായിരത്തോളം വ്യാവസായിക യൂണിറ്റുകൾ അനുവദിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇലക്ട്രോണിക്സ്, ഐടി, ഡാറ്റാ സെന്ററുകൾ, എഐ, ഡീപ് ടെക്നോളജി, റോബോട്ടിക്സ്, സെമി കണ്ടക്ടറുകൾ, ഫാർമസ്യൂട്ടിക്കൽസ്, ടെക്‌സ്‌റ്റൈൽസ്, ലെതർ, പാദരക്ഷകൾ, ഓട്ടോമൊബൈൽ, ഇലക്ട്രിക് വാഹനങ്ങൾ, പ്രതിരോധ മേഖല എന്നിവയാണ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ.

നോയിഡയിൽ 200 ഓളം ജിസിസികളും 200 ഐടി കമ്പനികളുമുണ്ട്. ഐബിഎം, എച്ച്‌സിഎൽ, ജെൻപാക്ട്, ടിസിഎസ് എന്നീ മുൻനിര കമ്പനികളുടെ സാന്നിധ്യത്തോടെ ലഖ്നൗവും മറ്റൊരു സർവീസ് ഹബ്ബായി വളരുകയാണ്.

പി. പി. പി. മാതൃകയിൽ എല്ലാ ജില്ലകളിലും മെഡിൽ കോളേജുകൾ സ്ഥാപിക്കുന്നു. നഴ്‌സിങ് പരിശീലനം മെച്ചപ്പെടുത്തി പല ഗ്രൂപ്പുകളും മെഡിക്കൽ ടൂറിസത്തിനു മുന്നോട്ടു വരുന്നു. കേരളത്തിലെ സർക്കാർ ആരോഗ്യമേഖല ശക്തമാണ്.

കേരളവും ഉത്തർപ്രദേശും തമ്മിലുള്ള സഹകരണത്തിന് ഏറ്റവും അനുയോജ്യമായ മേഖലയായി ടൂറിസത്തെ സിഇഒ വിലയിരുത്തി. വാരാണസി, അയോധ്യ, പ്രയാഗ്രാജ്, ചിത്രകൂട്, ആഗ്ര, ലഖ്നൗ തുടങ്ങിയ തീർഥാടന, ബുദ്ധമത കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ടുകൾ സംസ്ഥാനം വികസിപ്പിക്കുന്നുണ്ട്. പ്രാദേശിക സംരംഭകത്വവും അനുഭവങ്ങളും അടിസ്ഥാനമാക്കിയുള്ള കേരളത്തിന്റെ ടൂറിസം മാതൃകകൾ ഉത്തർപ്രദേശ് പഠിച്ചുവരികയാണെന്നും കേരളത്തിലെ ടൂർ ഓപ്പറേറ്റർമാരുമായും ഹോസ്പിറ്റാലിറ്റി മേഖലയുമായും കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നതായും സിഇഒ വ്യക്തമാക്കി.

നൈപുണ്യ വികസനമാണ് സഹകരണത്തിനുള്ള മറ്റൊരു മേഖല. ഇൻവെസ്റ്റ് യുപിയുടെ 'സ്‌കിൽ കണക്ട്', 'കരിയർ കൗൺസിലിങ് സെല്ലുകൾ' എന്നിവ വ്യവസായ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധവും വിദഗ്ദ്ധ തൊഴിലാളികളുടെ ലഭ്യതയും ഉറപ്പാക്കുന്നു. ജപ്പാൻ, ജർമ്മനി, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് നൈപുണ്യമുള്ള തൊഴിൽ ശക്തിയെ അയക്കുന്നതിനായി സംസ്ഥാനം പ്രവർത്തിക്കുന്നുണ്ട്.

36 മേഖലാ കേന്ദ്രീകൃത നയങ്ങളുള്ള ഉത്തർപ്രദേശ്, 300 ശതമാനം വരെ നികുതി തിരികെ നൽകലും (Tax Reimbursement) 42 ശതമാനം വരെ മൂലധന തിരികെ നൽകലും (Capital Reimbursement) ഉൾപ്പെടെയുള്ള മികച്ച നിക്ഷേപ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനത്തിന്റെ ഇൻഡസ്ട്രിയൽ പോളിസി പ്രകാരം 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് ഉച്ചകോടികളിലൂടെയും മറ്റ് പ്രചാരണ പരിപാടികളിലൂടെയും 50 ലക്ഷം കോടി രൂപയുടെ നിക്ഷേപ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി സിഇഒ. അറിയിച്ചു. നാല് ഗ്രൗണ്ട് ബ്രേക്കിങ് ചടങ്ങുകളിലായി 10-12 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്ക് തുടക്കമായി, അഞ്ചാമത്തെ ചടങ്ങിൽ 7.5 ലക്ഷം കോടി രൂപയുടെ പദ്ധതികൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലഖ്നൗവിൽ തങ്ങളുടെ ഏറ്റവും വലിയ പ്രോപ്പർട്ടികളിലൊന്ന് ലുലു സ്ഥാപിച്ചുകഴിഞ്ഞു. നോയിഡ, പ്രയാഗ്രാജ് തുടങ്ങിയ സ്ഥലങ്ങളിലും പുതിയവ ആരംഭിക്കാൻ അവർ പദ്ധതിയിടുന്നു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാരാണസി മുതൽ ഹാൽദിയ വരെയും വാരാണസി മുതൽ പ്രയാഗ്രാജ് വരെയും വാട്ടർ ടെർമിനലുകൾ തങ്ങൾക്കുണ്ട്. എങ്കിലും വാട്ടർ മെട്രോയുടെ കാര്യത്തിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. ഇത് നഗരങ്ങൾക്കിടയിലാണോ (inter-city) അതോ നഗരത്തിന് ഉള്ളിലാണോ (intra-city) എന്ന് നോക്കണം.

ഇവിടുത്തെ പ്രധാന വെല്ലുവിളി നദിയിലെ ആഴം കൂട്ടൽ ആണ്. കടൽതീരമുള്ള സ്ഥലങ്ങളിൽ ആഴം ഉണ്ടാകും, എന്നാൽ നദികളിൽ വേനൽക്കാലത്ത് വെള്ളം വറ്റാൻ സാധ്യതയുണ്ട്. കൂടാതെ വലിയ നഗര ജലാശയങ്ങൾ ഇവിടെ കുറവാണ്. എങ്കിലും മറ്റ് പല നഗരങ്ങളിലും പുതിയ മെട്രോ സ്റ്റേഷനുകൾ ഞങ്ങൾ കൊണ്ടുവരുന്നുണ്ട് -സിഇഒ പറഞ്ഞു

തിരുവനത്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച മാധ്യമ പ്രവർത്തകരുടെ ഉത്തർപ്രദേശ് സന്ദർശനത്തിന് ഡയറക്ടർ വി. പാർവതി, കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ എസ്.എസ്. ലക്ഷ്മി പ്രിയ എന്നിവർ നേതൃത്വം നൽകി.

Content Highlights: Invest UP CEO Vijay Kiran Anand highlighted significant collaboration potential between Kerala and Uttar Pradesh in tourism, healthcare, and skill development, while showcasing UP's major infrastructure and industrial growth.