എസ്.ഐ.ആർ സുതാര്യം; കേരളത്തിലെ തിരഞ്ഞെടുപ്പ് ലോകത്തിനുമാതൃകയാവും- മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ

കൊച്ചി: സുപ്രീംകോടതിയുടെ പരിപൂർണമായ മേൽനോട്ടത്തിലാണ് എസ്.ഐ.ആ.ർ നടക്കുന്നതെന്നും എല്ലാം സുതാര്യമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പ് ലോകത്തിനുതന്നെ മാതൃകയാവും. ഉദ്യോഗസ്ഥർക്ക് വിപുലമായ പരിശീലനവും ഒരുക്കങ്ങളും നടക്കുകയാണ്. ലോകത്തിലെതന്നെ ഏറ്റവും വിപുലമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്ത്യയിലേത്. ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചത് പറവൂർ മണ്ഡലത്തിലാണെന്നതും ചരിത്രത്തിലുണ്ട്-കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
അർഹരായവർക്ക് വോട്ടുചെയ്യാൻ കഴിയും. അർഹതയുള്ള ആരും പുറത്തുപോകില്ലെന്ന് ഉറപ്പാക്കും. ശുദ്ധമായ വോട്ടർപട്ടികയാണ് ജനാധിപത്യത്തിന് അടിത്തറ. നിർദിഷ്ട ഫോമിൽ രേഖകൾ നൽകിയാൽ ഇനിയും പരാതികൾ തീർക്കാൻ കഴിയും-ഗ്യാനേഷ്‌കുമാർ പറഞ്ഞു.
പരിശീലനത്തിനെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പരിചയപ്പെട്ട് ഗ്രൂപ്പ് ഫോട്ടോ എടുത്തശേഷമാണ് ഗ്യാനേഷ്‌കുമാർ പത്രസമ്മേളനത്തിനെത്തിയത്. ജില്ലാ കളക്ടർ ജി. പ്രിയങ്ക, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽകർ, അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ പാർവതിഗോപകുമാർ, സബ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ തുടങ്ങിയവരും സംബന്ധിച്ചു.
പുതുമകൾ ഇവ
പോളിങ്ങ് സ്റ്റേഷന് പുറത്തായി മൊബൈൽ സൂക്ഷിക്കാനുള്ള സൗകര്യം, സ്ഥാനാർഥികളുടെ കളർഫോട്ടോകൾ ഉള്ള വോട്ടിങ് യന്ത്രങ്ങൾ, എല്ലാ ബൂത്തിലും വെബ്കാസ്റ്റിങ്, ബി.എസ്‍.ഒ.മാർക്ക് നല്ല തിരിച്ചറിയൽ കാർഡ് തുടങ്ങിയവ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പുതുമയാണ്. ഭിന്നശേഷിക്കാരെയും പ്രായമുള്ളവരെയും പരിഗണിച്ച് താഴത്തെ നിലയിലാവും പോളിങ്ങ് ബൂത്തുകൾ. വീൽച്ചെയർസൗകര്യവും വൊളന്റിയർമാരും സജ്ജമാണ്.
2,69,53,644 വോട്ടർമാർ
ഇത്തവണ ആകെ വോട്ടർമാർ 2,69,53,644 ആണ്. സ്ത്രീകൾ-1,38,27,319, പുരുഷന്മാർ-1,31,26,048, ട്രാൻസ്ജെൻഡർ-277. 18 മുതൽ 19 വരെ പ്രായമുള്ള വോട്ടർമാർ ഇത്തവണ 4.24 ലക്ഷമുണ്ട്. 20 മുതൽ 29 വരെ പ്രായമുള്ളവർ 45 ലക്ഷവും. ചെറുപ്പക്കാരിൽ ജനാധിപത്യബോധവും വോട്ടുചെയ്യുന്നതിന്റെ പ്രാധാന്യവും എത്തിക്കാൻ ബോധവത്കരണ പരിപാടികൾ നടത്തി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരിശീലനപരിപാടികൾ നടത്തി. 11 മാസത്തിനിടെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ 4,719 യോഗങ്ങൾ നടത്തി. 28,000 പാർട്ടിപ്രതിനിധികൾ അവയിൽ പങ്കെടുത്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
Content Highlights: Supreme Court-monitored transparent election process, New initiatives: Mobile storage, color photos on EVMs, and webcasting, Inclusive polling: Ground-floor booths with wheelchair access, Total voter count in Kerala stands at 2.69 crore