കർണാടക വനത്തിൽ 3 പേരെ വെടിവെച്ചു കൊന്നു, വേട്ടക്കാരെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ; നിഷേധിച്ച് കുടുംബം

ബെംഗളൂരു: കർണാടകയിലെ വനത്തിൽ വനപാലകരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകർ അവകാശപ്പെടുന്നത്. എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപണം നിഷേധിച്ച് പ്രതിഷേധവുമായി എത്തിയത് സംഘർഷത്തിന് വഴിവെച്ചു.
ചാമരാജനഗർ ജില്ലയിലെ ഹാനൂരിലാണ് സംഭവം. രോഷാകുലരായ ഗ്രാമവാസികളും മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് കാവേരി വൈൽഡ് ലൈഫ് സാങ്ച്വറി ഓഫീസ് ആക്രമിച്ചു തകർത്തു. ഓഫിസിലുണ്ടായിരുന്ന ഫർണിച്ചറുകളും മറ്റും റോഡിലേക്ക് വലിച്ചെറിഞ്ഞു.
ഓഫീസിന് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി പോലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അനാവശ്യ സംഭവങ്ങൾ ഒഴിവാക്കാൻ ഹാനൂരിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
കാവേരി വന്യജീവി സങ്കേതത്തിന് കീഴിലുള്ള വനത്തിൽ മൂന്ന് പേരും ചേർന്ന് വന്യമൃഗങ്ങളെ വേട്ടയാടുകയും മാംസം വേർതിരിക്കുകയും ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്ന് കർണാടക ഫോറസ്റ്റ് അധികൃതർ പറയുന്നത്.
ആയുധങ്ങൾ താഴെവെച്ച് കീഴടങ്ങാൻ വനപാലകർ ആവശ്യപ്പെട്ടെങ്കിലും അവർ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ വെടിവെപ്പിൽ മൂന്നുപേരും കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കൊല്ലപ്പെട്ടവരെല്ലാം ഹാനൂർ താലൂക്കിലെ തോമിയാർപാളയം സ്വദേശികളാണ്.
മൃതദേഹങ്ങൾ മൈസൂരുവിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
Content Highlights: Three individuals killed in a forest clash with forest guards in Chamarajanagar district., Forest officials claimed the victims were hunting wildlife in Kaveri Wildlife Sanctuary., Relatives and villagers denied poaching allegations and vandalized the sanctuary office., Police deployed additional forces in Hanur to maintain law and order., Bodies shifted to Mysuru hospital for post-mortem examination.