യുവാക്കളിൽ HIV വ്യാപകം, കോളേജുകളിൽ സ്ക്രീനിങ് നടത്താൻ കർണാടക സർക്കാർ; തിരിച്ചറിയാതെ 54,000 പേർ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI
പ്രതീകാത്മക ചിത്രം | Photo: AI

ബെംഗളൂരു: എല്ലാ കോളേജ് വിദ്യാർഥികളിലും എച്ച്.ഐ.വി സ്‌ക്രീനിങ്ങും കൗൺസിലിങ്ങും നടത്താൻ കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി. കർണാടകയിലെ യുവാക്കൾക്കിടയിൽ എച്ച്.ഐ.വി രോഗബാധിതരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

എയിഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുംകൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ള മൂന്നാമത്തെ സംസ്ഥാനമാണ് കർണാടക. 2.60 ലക്ഷം എച്ച്ഐവി ബാധിതർ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഇതിൽ 54,000 പേരുടെ വിവരങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

18 മുതൽ 35 വയസ്സുവരേയുള്ള യുവാക്കളിലാണ് രോഗബാധ അതിവേഗം പടരുന്നതെന്നാണ് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2023-24 വർഷത്തിൽ ഈ പ്രായപരിധിയിലുള്ള രോഗബാധിതരുടെ എണ്ണം 44,500 ആയിരുന്നത് 2025-26 ആയപ്പോഴേക്കും 66,600 ആയി ഉയർന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ 18-നും 25-നും ഇടയിൽ പ്രായമുള്ള ഏഴായിരത്തിലധികം പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യം മുൻനിർത്തിയാണ് സർക്കാർ, എയ്ഡഡ്, സ്വകാര്യ, എഞ്ചിനീയറിംഗ് കോളേജുകളിൽ ഹെൽത്ത് ക്യാമ്പുകൾ വഴി സൗജന്യ പരിശോധനയും ബോധവത്കരണവും നടപ്പിലാക്കാൻ കെ.എസ്.എ.പി.എസ് കോളേജ് വിദ്യാഭ്യാസ വകുപ്പിനോടും വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയോടും  അഭ്യർത്ഥിച്ചിരിക്കുന്നത്.

പരിശോധനകളുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതിനും സ്വയം രോഗസാധ്യത വിലയിരുത്തുന്നതിനുമായി ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് സ്വന്തമായി വിവരങ്ങൾ നൽകി രോഗസാധ്യത അറിയാനും കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പാക്കാനും ഈ ആപ്പ് വഴി സാധിക്കും.

Content Highlights: Mandatory HIV screening and counseling for college students across Karnataka., Significant rise in HIV cases among the 18-35 age group from 44,500 to 66,600., Over 54,000 HIV-positive individuals currently untraced in the state., Implementation of QR-code based digital system for confidential self-assessment., Collaborative effort between KSAPS, VTU, and the Department of Collegiate Education.