മുസ്ലീം യുവാവിന്റെ മൃതദേഹവുമായുള്ള വിലാപയാത്രയ്ക്ക് വേണ്ടി കാവഡ് യാത്ര നിർത്തിവെച്ച് തീർഥാടകർ

#News Desk
കാവഡ് യാത്ര | Photo: PTI
കാവഡ് യാത്ര | Photo: PTI

മീററ്റ്: ശിവഭക്തരുടെ കാവഡ് യാത്രയ്ക്കിടെ (കൺവാർ യാത്ര) മതസൗഹാർദത്തിന്റെ ഹൃദയം നിറയ്ക്കുന്ന കാഴ്ചയ്ക്ക് സാക്ഷിയായി ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ സിവായ ഗ്രാമം. മുസ്‌ലിം യുവാവിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കടന്നുപോകാനായി കാവഡ് തീർഥാടകർ തങ്ങളുടെ യാത്ര നിർത്തിവെക്കുകയായിരുന്നു. ഡൽഹി-ഡറാഡൂൺ ദേശീയപാതയിൽ ഞായറാഴ്ചയായിരുന്നു സംഭവം. വിലാപയാത്ര ദേശീയപാത മുറിച്ച് കടക്കുമ്പോൾ ആയിരക്കണക്കിന് ശിവഭക്തരാണ് തങ്ങളുടെ കാവഡ് യാത്ര നിർത്തിവെച്ച് കാത്തുനിന്നത്. ഇതിനൊപ്പം വിലാപയാത്രയ്ക്ക് വഴിയൊരുക്കാനായി കാവഡ് തീർഥാടകർ മനുഷ്യചങ്ങല തീർത്തുകൊണ്ട് ദേശീയപാതയിലെ മറ്റ് യാത്രക്കാരെ നിയന്ത്രിക്കുകയും ചെയ്തു.

നിസാം എന്ന 40-കാരന്റെ മൃതദേഹമാണ് ഖബറടക്കാൻ വിലാപയാത്രയായി കൊണ്ടുപോയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നിസാമിന്റെ അന്ത്യമെന്ന് ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു. കാവഡ് യാത്രയുടെ അന്തിമഘട്ടമായതിനാൽ ഓരോ നിമിഷവും ആയിരക്കണക്കിന് തീർഥാടകരാണ് ഈ ദേശീയപാതയിലൂടെ കടന്നുപോകുന്നത്. കൂടാതെ മറ്റ് വാഹനങ്ങളുമുണ്ട്. ദേശീയപാതയുടെ മറുവശത്തായിരുന്നു ഖബർസ്ഥാൻ. ഗ്രാമവാസികൾ വിലാപയാത്ര നടത്താനായി പ്രാദേശിക പോലീസിന്റെ സഹായം തേടി. ദൗലത്താബാദ് പോലീസ് സ്‌റ്റേഷനിലെ ഇൻ-ചാർജായിരുന്ന സുമൻ കുമാർ സിങ് വിലാപയാത്രയ്ക്ക് വഴിയൊരുക്കാനായി മുന്നിട്ടിറങ്ങി.

പോലീസിന്റെ സാന്നിധ്യത്തിൽ വിലാപയാത്ര നടക്കുന്നത് കണ്ടതോടെ കാവഡ് തീർഥാടകർക്ക് എന്താണ് കാര്യമെന്ന് മനസിലായി. ഇതോടെ തീർഥാടകർ സ്വയം നിയന്ത്രിച്ച് വിലാപയാത്ര സുഗമമായി കടന്ന് പോകാൻ വഴിയൊരുക്കി. നിമിഷങ്ങൾക്കകം ആയിരക്കണക്കിന് കാവഡ് തീർഥാടകർ ദേശീയപാതയിൽ നിശ്ചലരായി നിന്നു. നിസാമിന്റെ ഭൗതികശരീരവുമായുള്ള വിലാപയാത്ര പൂർണമായി ദേശീയപാത മുറിച്ചുകടന്ന ശേഷം മാത്രമാണ് കാവഡ് തീർഥാടകർ തങ്ങളുടെ യാത്ര പുനരാരംഭിച്ചത്.

'ഹർ ഹർ മഹാദേവ്' എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് കാവഡ് യാത്ര നടത്തുന്ന തീർഥാടകർ മുന്നോട്ട് പോകുക. എന്നാൽ നിസാമിനോടുള്ള ആദരസൂചകമായി, വിലാപയാത്ര കഴിയുന്നതുവരെ തീർഥാടകർ നിശബ്ദരായി നിന്നതും മനസ് നിറയ്ക്കുന്ന കാഴ്ചയായി. ഇതര മതത്തോടുള്ള ബഹുമാനത്തിന്റേയും സാഹോദര്യത്തിന്റേയും അടയാളമായ ഈ സംഭവം ഇതിനകം വലിയ ചർച്ചയായി. കാവഡ് തീർഥാടകരുടെ പ്രവൃത്തിയെ ഒട്ടേറെ പേർ പ്രശംസിച്ചു. മാനവികതയുടെ മാതൃകയാണ് ഇതെന്നും സമൂഹത്തിന് ഈ സംഭവം പ്രചോദനമാകട്ടെയെന്നും പലരും അഭിപ്രായപ്പെട്ടു.

എന്താണ് കാവഡ് യാത്ര?

ഉത്തരേന്ത്യയിലെ ശിവഭക്തരുടെ പ്രധാന തീർഥാനടമാണ് കാവഡ് യാത്ര അഥവാ കൺവാർ യാത്ര. ഹരിദ്വാർ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിന്ന് ഗംഗാജലം കുടങ്ങളിൽ ശേഖരിച്ച ശേഷം 'കാവഡ്' എന്നറിയപ്പെടുന്ന തണ്ടിന്റെ ഇരുവശത്തും അവ തൂക്കി തോളിലേറ്റി കാൽനടയായാണ് തീർഥാടകരുടെ യാത്ര. സ്വന്തം നാട്ടിലെ ശിവക്ഷേത്രങ്ങളിലേക്കാണ് ഈ ഗംഗാജലം ഇവർ കൊണ്ടുപോകുന്നത്. ക്ഷേത്രത്തിലെത്തിച്ച ശേഷം ഗംഗാജലം അവിടെയുള്ള ശിവലിംഗത്തിൽ അഭിഷേകം ചെയ്യുന്നതോടെ കാവഡ് യാത്ര പൂർണമാകും. ഓരോ വർഷവും നാല് കോടിയിലേറെ പേരാണ് കാവഡ് യാത്ര നടത്തുന്നത് എന്നാണ് കണക്ക്.

Content Highlights: On Delhi-Dehradun highway in Meerut, thousands of Kanwar Yatra pilgrims halted their sacred journey and stood in respectful silence to allow a 40-year-old Muslim man's funeral procession to pass, exemplifying Hindu-Muslim unity and communal harmony.