സഹോദരന് രാഖി കെട്ടുന്നതിനിടെ പെൺകുട്ടി കുഴൽക്കിണറിൽ വീണു മരിച്ചു

കാൻപുർ (യു.പി): രക്ഷാബന്ധൻ ദിനത്തിൽ സഹോദരന് രാഖി കെട്ടുന്നതിനിടെ കുഴൽക്കിണറിൽ വീണ് സഹോദരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാൻപുരിൽ വെള്ളിയാഴ്ച രാവിലെ 6.40-നാണ് അപകടം.
ചുട്കി ശർമ്മ(16) ആണ് മരിച്ചത്. മഹാരാജ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുർവാമീർ ഗ്രാമത്തിലാണ് സംഭവം. വീടിന്റെ മുറ്റത്ത് സഹോദരന് രക്ഷാബന്ധൻ ആശംസകൾ കൈമാറുകയായിരുന്നു ചുട്കി. ഇതിനായി മുറ്റത്ത് മണ്ണുമൂടി കിടന്ന പഴയ കുഴൽക്കിണറിന് മുകളിലാണ് പെൺകുട്ടി നിന്നത്. രാഖി കെട്ടാനായി ഒരുങ്ങുന്നതിനിടെ പെൺകുട്ടി നിന്നിരുന്ന ഭാഗത്തെ മണ്ണ് ഇടിഞ്ഞുപോയി 20 അടി താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയുമായിരുന്നു. മൂന്ന് വർഷം മുൻപ് കുഴിച്ച ഈ കുഴൽക്കിണർ പണി പൂർത്തിയാകാഞ്ഞതിനെത്തുടർന്ന് ഉപേക്ഷിച്ചതായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് ഈ ഭാഗത്തെ മണ്ണ് ദുർബലമായതാണ് ഇടിഞ്ഞുതാഴാൻ കാരണം. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന എന്നിവയുടെ 60-ഓളം ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
Content Highlights: A 16-year-old girl, Chhutki Sharma, fell into an abandoned borewell in Kanpur., The incident occurred on Raksha Bandhan morning while she was tying a rakhi to her brother., Recent heavy rains caused the soil over the uncovered pit to weaken and collapse., NDRF, SDRF, and fire services launched a massive rescue operation involving 60 personnel, but she could not be saved.