'Respect all, Suspect all' കമൻ പോസ്റ്റിലെ ബോർഡ്; ഗേറ്റ് വല്ലപ്പോഴും തുറക്കുന്നത് മൃതദേഹങ്ങൾ കൈമാറാൻമാത്രം

ശ്രീനഗർ: ഇന്ത്യ - പാക് നിയന്ത്രണ രേഖയോട് ചേർന്നുള്ള കമൻ പോസ്റ്റ് ഇപ്പോൾ ശാന്തമാണെങ്കിലും അതിർത്തിപ്രദേശമായ ഇവിടെ നിതാന്ത ജാഗ്രതയിലാണ്. ബാരമുള്ള ജില്ലയുടെ അതിർത്തിയിലാണ് ഡാഗ്ഗർ ഡിവിഷന്റെ നിയന്ത്രണത്തിലുള്ള കമൻ പോസ്റ്റ്. 1947-ൽ വിഭജന സമയത്ത് ഇന്ത്യയുടേയും പാകിസ്താന്റേയും സൈനികർ പരസ്പരം അറിയുന്നവരും ബന്ധുക്കളുമായിരുന്നു. ആ കാലത്ത് നിയന്ത്രണരേഖയിൽ തർക്കമുണ്ടാവുമ്പോൾ പരിഹരിക്കാൻ യു.എൻ. സംഘം എത്തിയിരുന്നു. യു.എൻ. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കമൻ പോസ്റ്റിൽ ചർച്ചകൾ നടക്കുമ്പോൾ പാകിസ്താൻ സൈനികർ ഇന്ത്യൻ സേനയ്ക്ക് അവരുടെ ഇഷ്ടഭക്ഷണം കൊണ്ടുവന്നു കൈമാറുമായിരുന്നു. തിരിച്ച് ഇന്ത്യൻ സേനയും മധുരം കൈമാറും. പിന്നീട് സ്ഥിതിഗതികൾ മാറി.
നീണ്ട സംഭാഷണങ്ങൾക്കുശേഷം 2005-ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയും മുഫ്തി മുഹമ്മദ് സെയ്ദ് കശ്മീർ മുഖ്യമന്ത്രിയുമായ വേളയിലാണ് കമൻ പോസ്റ്റ്‌വഴി പാകിസ്താനിലേക്ക് ബസ് സർവീസ് ആരംഭിച്ചത്. ശ്രീനഗറിൽനിന്ന് മുസഫറബാദിലേക്ക് എല്ലാ തിങ്കളാഴ്ചകളിലുമാണ് ബസ് സർവീസുണ്ടായിരുന്നത്. നിയന്ത്രണരേഖയ്ക്ക് ഇരുവശത്തുമായി രണ്ടുരാജ്യങ്ങളിലായി കഴിയുന്ന പ്രദേശവാസികൾ ഏറെയും ബന്ധുക്കളാണ്. പരസ്പരം കാണാനും സൗഹൃദം പുതുക്കാനും ഇവർ ബസ് സർവീസ് നന്നായി പ്രയോജനപ്പെടുത്തിയിരുന്നതായി കമൻ പോസ്റ്റിലെ ആളുകൾ പറയുന്നു. 2019-ൽ പുൽവാമ ഭീകരാക്രമണം നടക്കുന്നതുവരെ ബസ്സോട്ടം തുടർന്നു. യാത്രക്കാരെ തിങ്കളാഴ്ചകളിൽ കൊണ്ടുപോയ ബസ് സർവീസിന് പുറമെ ചൊവ്വമുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ചരക്കുകയറ്റിയുള്ള ലോറികളും ഓടിയിരുന്നു.
പാകിസ്താന്റെ ദുഷ്ടലക്ഷ്യങ്ങൾ തുറന്നുകാട്ടിയ 2019-ലെ ഭീകരാക്രമണം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സൗഹൃദത്തിന്റേയും പരസ്പര ധാരണയുടേയും വേരുകൾ അറുത്തു. പാകിസ്താന്റെ പിന്നിൽനിന്നുള്ള കുത്തിൽ ഇപ്പോൾ കുഴങ്ങിയത് ഇവിടത്തെ പാവപ്പെട്ട സാധാരണക്കാരാണ്. 2019-നുശേഷം ഇവർ ബന്ധുക്കളെ കണ്ടിട്ടില്ല. അത്യാവശ്യത്തിനു ആർക്കെങ്കിലും വരണമെങ്കിൽ അതതു രാജ്യത്തുനിന്ന് വിസയെടുത്ത് ഡൽഹി, ഇസ്ലാമാബാദ് വഴി വേണം വരാൻ. അതിനൊന്നും സാധിക്കുന്നവരല്ല തനി ഗ്രാമീണരായ ഇവർ.
ഇപ്പോൾ കമൻ അതിർത്തിയിലെ കൂറ്റൻ കവാടം വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. അതിർത്തിയിലൂടെ ഒഴുകുന്ന നദിയിൽ അബദ്ധത്തിൽ ഒഴുക്കിപ്പെട്ട് ചിലപ്പോൾ മൃതദേഹം രാജ്യാതിർത്തി കടന്നുപോകും. അപ്പോൾ അതിൽ മറ്റു ദുരൂഹതകൾ ഒന്നുമില്ലെങ്കിൽ ഈ കവാടംവഴി മൃതദേഹം കൈമാറും. അതിനുമാത്രമാണ് വല്ലപ്പോഴും ഈ ഗേറ്റ് തുറക്കുന്നത്.
2019-ൽ കമൻ ഗേറ്റ് അടച്ചശേഷവും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദീപാവലി തുടങ്ങിയ വിശേഷദിനങ്ങളിൽ സൈനികർ മധുരം കൈമാറിയിരുന്നു. രണ്ടുവർഷമായി ആ ചടങ്ങും മുടങ്ങി. പാക് അധീന കശ്മീർ ചുറ്റും വളയപ്പെട്ടതിന് നാടുവിലാണ് കമൻ പോസ്റ്റ്. ഇപ്പോൾ ശാന്തമാണെങ്കിലും സൈന്യത്തിന്റെ ജാഗ്രതയിൽ നിലനിൽക്കുന്ന സമാധാനമാണെന്ന് ഇവിടെ എത്തുന്നവർക്ക് എളുപ്പം മനസ്സിലാവും. ബാരമുള്ളയിൽനിന്ന് കമൻ പോസ്റ്റിലേക്കുള്ള യാത്രയിൽ കണ്ട ഒരു ബോർഡിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, 'Respect all, Suspect all' എല്ലാവരെയും ബഹുമാനിക്കുക, എല്ലാവരെയും സംശയിക്കുക. സൈനികർ എത്ര കരുതലോടെയാണ് ജോലിചെയ്യുന്നതെന്ന് ഒരിക്കൽക്കൂടി വെളിവാക്കുന്ന സന്ദേശം.