'രാഹുല്‍ നമ്മുടെ നേതാവ്, ജോഡോ യാത്രയില്‍ അണിചേരൂ'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കമല്‍നാഥ്

ഭോപ്പാല്‍: ബി.ജെ.പിയിലേക്ക് പോകുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധിയെ 'നമ്മുടെ നേതാവെ'ന്ന് വിശേഷിപ്പിച്ചും ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സ്വാഗതമോതിയും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും അതില്‍ ഭാഗമാകണമെന്നും കമല്‍നാഥ്, എക്‌സില്‍ കുറിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയിൽ പരമാവധിപേര്‍ പങ്കാളികളായി രാഹുൽ ഗാന്ധിയുടെ ശക്തിയും ധൈര്യവും ആകണമെന്നും അനീതിയ്ക്കെതിരെയുള്ള മഹത്തായ യാത്രയെ ഒത്തൊരുമിച്ച് വിജയിപ്പിക്കാമെന്നും കമല്‍നാഥ് എക്സിൽ കുറിച്ചു.
രാജ്യസഭാ സീറ്റ് നിരസിക്കപ്പെട്ടതിന് പിന്നാലെയാണ് കമല്‍നാഥ് ബി.ജെ.പിയിലേക്ക് പോകുന്നതായുള്ള വാര്‍ത്തകള്‍ ശക്തമായത്. അദ്ദേഹവും മകനും എം.പിയുമായ നകുല്‍നാഥും പിന്നീട് ഡല്‍ഹിയിലുമെത്തിയിരുന്നു. ഇവര്‍ ബി.ജെ.പി. ഉന്നതനേതൃത്വവുമായി ചര്‍ച്ചകള്‍ക്ക് എത്തിയതാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമൽനാഥിനെ തള്ളി ദിഗ്‌വിജയ് സിങ് പക്ഷക്കാരനായ അശോക് സിങ്ങിനെയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് മധ്യപ്രദേശിൽ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
പാർട്ടിവിടുമെന്ന പ്രചാരണം നിഷേധിക്കാതെ, അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ ആദ്യം മാധ്യമങ്ങളെ അറിയിക്കുമെന്ന കമല്‍നാഥിന്റെ പ്രതികരണവും അദ്ദേഹം ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. എന്നാൽ താൻ ബി.ജെ.പി.യിൽ ചേരില്ലെന്ന് കമൽനാഥ് തിങ്കളാഴ്ച ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഇതിനെ ഊട്ടിയുറപ്പിക്കുന്നതാണ് ഭാരത് ജോഡോ ന്യായ് യാത്രയെ പിന്തുണച്ചുകൊണ്ടുള്ള എക്സിലെ പോസ്റ്റ്.
Content Highlights: kamal nath calls rahul gandhi as our leader