അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

#ന്യൂസ് ഡെസ്ക്
കെ. അണ്ണാമലൈ | Photo: ANI
കെ. അണ്ണാമലൈ | Photo: ANI

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ ഏതാണ്ട് ഉറപ്പായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബിജെപിയിൽനിന്ന് രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, ജൂൺ രണ്ടിന് അണ്ണാമലൈ ന്യൂഡൽഹിയിൽവെച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി വിടാനുള്ള തന്റെ തീരുമാനം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ചർച്ചകൾക്ക് ശേഷം വിഷയങ്ങൾ പരിഗണിച്ച് ഉടൻ മറുപടി നൽകാമെന്ന് പാർട്ടി അണ്ണാമലൈക്ക് ഉറപ്പ് നൽകിയതായാണ് വിവിരം.

30 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, രാജിവെക്കാനുള്ള നീക്കം തൽക്കാലം മുന്നോട്ട് കൊണ്ടുപോകരുത് എന്നാണ് പാർട്ടി വൃത്തങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് എന്നാണ്. പാർട്ടിയിൽനിന്നുള്ള തന്റെ വേർപിരിയൽ സൗഹൃദപരമായിരിക്കണമെന്നും പരസ്യമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്നുമാണ് അണ്ണാമലൈ ആഗ്രഹിക്കുന്നത്. ഇക്കാര്യവും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം, അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നാണ് നിലവിൽ കൊടുംപിരി കൊള്ളുന്ന ചർച്ച. റിപ്പോർട്ടുകൾ പ്രകാരം, മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ മാസങ്ങൾക്കു മുമ്പേ പാർട്ടി വിടാൻ പദ്ധതിയിട്ടിരുന്നു. നടൻ വിജയ് ഒരു രാഷ്ട്രീയ ശക്തിയായി ഉയർന്നുവന്നതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ വന്നതായി അദ്ദേഹം വിശ്വസിക്കുന്നതായി അടുപ്പമുള്ളവർ പറയുന്നു.

അണ്ണാമലൈ ഒരു ജനകീയ മുന്നേറ്റം (people's movement) ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അത് പിന്നീട് ഒരു രാഷ്ട്രീയ പാർട്ടിയായി മാറുമോ എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണെന്നും സൂചനയുണ്ട്‌. പുതിയ രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങുമോ എന്ന ചോദ്യങ്ങൾക്കിടെ, കാര്യങ്ങളിൽ ഉടൻ വ്യക്തത വരുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ഡൽഹിയിലേക്ക് പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ, 'ദയവായി കാത്തിരിക്കൂ, രണ്ട് ദിവസത്തിനുള്ളിൽ നമ്മൾ സംസാരിക്കും' എന്നും തന്റെ നിലപാട് ഉടൻ വ്യക്തമാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബിജെപി  സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് അണ്ണാമലൈയെ മാറ്റി നൈനാർ നാഗേന്ദ്രനെ നിയമിച്ചതിലും, 2026 നിയമസഭാ തിരഞ്ഞെടുപ്പിനായി എഐഎഡിഎംകെയുമായി ബിജെപി സഖ്യമുണ്ടാക്കിയതിലും പാർട്ടിയിൽ ആഭ്യന്തര അസ്വസ്ഥതകൾ നിലനിന്നിരുന്നു. ഇവയാണ് പാർട്ടി വിടാനുള്ള അണ്ണാമലൈയുടെ തീരുമാനത്തെ സ്വാധീനിച്ച പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ട അണ്ണാമലൈ, ഏറ്റവും ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിക്കുകയും പാർട്ടിയുടെ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് ചെയ്തത്. പ്രസംഗങ്ങളിലെ അദ്ദേഹത്തിന്റെ ആക്രമണാത്മക രാഷ്ട്രീയശൈലി തമിഴ്നാട്ടിലെ ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയുമായുള്ള ബന്ധം വഷളാക്കാൻ കാരണമായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എംജിആർ, ജയലളിത എന്നിവരെക്കുറിച്ചുള്ള അണ്ണാമലൈയുടെ കടന്നാക്രമണങ്ങൾ എഐഎഡിഎംകെയുമായുള്ള ബന്ധം വഷളാക്കുകയും ഇരു പാർട്ടികൾക്കും തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇന്ന് പിറന്നാളാഘോഷിക്കുന്ന 42-കാരനായ അണ്ണാമലൈ, 2020-ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. തമിഴ്‌നാട്ടിലെ ഏറ്റവും പ്രായംകുറഞ്ഞ ബിജെപി അധ്യക്ഷനായി തമിഴകത്ത് നിറഞ്ഞ അണ്ണാമലൈയുടെ നാളത്തെ പ്രഖ്യാപനത്തിനായാണ് ഏവരും ഉറ്റുനോക്കുന്നത്.

Content Highlights: Confirmed reports of K. Annamalai's departure from the Tamil Nadu BJP. Major political announcement expected in Chennai on June 5. Internal party tensions linked to the 2026 AIADMK-BJP alliance. Speculation regarding the launch of a new political movement or party.