പണത്തിന്റെ ഉറവിടം വിശദീകരിക്കാനായില്ല, തെളിവുകളിൽ കൃത്രിമം; യശ്വന്ത് വർമ കുറ്റക്കാരൻ- അന്വേഷണസമിതി

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് കണക്കിൽപെടാത്ത കെട്ട് കണക്കിന് പണം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് അന്വേഷണസമിതി കണ്ടെത്തി. സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുളള സംഘം തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ലോക്സഭയിൽ വെച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന യശ്വന്ത് വർമ്മയുടെ ആരോപണം അന്വേഷണസമിതി തള്ളി.
2025 മാർച്ച് 14, 15 തീയതികളിലെ രാത്രിയിൽ ജഡ്ജിയുടെ ഔദ്യോഗിക വസതിയായ ന്യൂഡൽഹിയിലെ 30, തുഗ്ലക് ക്രസന്റിലെ സ്റ്റോർ റൂമിലുണ്ടായ തീപ്പിടിത്തമാണ് വിവാദത്തിന് തുടക്കമിട്ടത്. രക്ഷാപ്രവർത്തകർ സ്ഥലത്ത് നിന്ന് വലിയ തോതിൽ 500 രൂപാ നോട്ടുകൾ കണ്ടെത്തിയിരുന്നു.
കണ്ടെത്തിയ പണത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകുന്നതിൽ ജസ്റ്റിസ് വർമ പരാജയപ്പെട്ടതായും സമിതി ചൂണ്ടിക്കാട്ടി. പണത്തിന്റെ ഉറവിടത്തെക്കുറിച്ചോ ഉടമസ്ഥാവകാശത്തെക്കുറിച്ചോ തൃപ്തികരമായ വിശദീകരണം നൽകാൻ ജഡ്ജിക്ക് കഴിഞ്ഞില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത് ഒരു ഹൈക്കോടതി ജഡ്ജിയിൽ നിന്ന് പ്രതീക്ഷിക്കുന്ന ധാർമിക നിലവാരത്തിന് വിരുദ്ധമാണെന്ന് സമിതി കണ്ടെത്തി. തീപിടിത്തത്തിന് ശേഷം പ്രധാന തെളിവായ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിലോ സംരക്ഷിക്കുന്നതിലോ ജഡ്ജി പരാജയപ്പെട്ടു. പരിശോധനകൾക്കായി സ്ഥലം സീൽ ചെയ്യുന്നതിന് മുമ്പ് ജഡ്ജിയുടെ ജീവനക്കാർ സ്റ്റോർ റൂം വൃത്തിയാക്കുകയും പണം അപ്രത്യക്ഷമാവുകയും ചെയ്തു.
ഇത് ജഡ്ജിയുടെ നിർദേശപ്രകാരമോ അറിവോടുകൂടിയോ ആണെന്ന് സമിതി വിലയിരുത്തി. അന്വേഷണത്തിലുടനീളം ജഡ്ജി നൽകിയ മറുപടികൾ ഒഴിഞ്ഞുമാറുന്നതും അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു.
പണം അവിടെ ഉണ്ടായിരുന്നു എന്ന വസ്തുത ആദ്യം നിഷേധിച്ച അദ്ദേഹം, പിന്നീട് വീഡിയോ തെളിവുകൾ പുറത്തുവന്നപ്പോൾ സാങ്കേതികമായ ന്യായങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചുവെന്ന് അന്വേഷണ സമിതി കണ്ടെത്തി. വീഡിയോ തെളിവുകൾ പുറത്തുവന്നതോടെ ജസ്റ്റിസ് വർമ്മയുടെ പ്രതിരോധ നിലപാട് ആദ്യം നടത്തിയ പൂർണമായ നിഷേധത്തിൽ നിന്ന് സാങ്കേതിക വാദങ്ങളിലേക്ക് മാറിയതായും സമിതി നിരീക്ഷിച്ചു.
ഭരണഘടനാപരമായ പദവി വഹിക്കുന്ന ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്ന സുതാര്യതയ്ക്ക് വിരുദ്ധമായ നിലപാടാണ് ഇതെന്നും സമിതി വിലയിരുത്തി. പിന്നീട് ജസ്റ്റിസ് വർമ അന്വേഷണ നടപടികളിൽ നിന്ന് പിന്മാറുകയും തന്റെ ഭാഗത്തുനിന്ന് തെളിവുകൾ ഹാജരാക്കാതിരിക്കുകയും ചെയ്തു.
സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവർ ഉൾപ്പെട്ട മൂന്നംഗ ഉന്നതതല സമിതിയാണ് അന്വേഷണം നടത്തിയത്.
മൂന്ന് കുറ്റാരോപണങ്ങളും പൂർണമായും തെളിയിക്കപ്പെട്ടതായി കണ്ടെത്തിയതോടെ, സമിതിയുടെ റിപ്പോർട്ട് ഇനി പാർലമെന്റിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ നീക്കം ചെയ്യുന്നതിനുള്ള ഇംപീച്ച്മെന്റ് നടപടികൾക്ക് വസ്തുതാപരമായ അടിത്തറയാകും.
Content Highlights: Supreme Court panel finds Justice Yashwant Varma guilty in the cash fire controversy. The judge failed to explain the source of the burnt cash found at his official residence. The probe report rejected the judge's conspiracy claims and evidence tampering allegations. The findings set the factual ground for impeachment proceedings in Parliament.