താൻ മുഖ്യമന്ത്രിയല്ല, മുഖ്യ സേവകൻ, എതിരാളി ഡിഎംകെയെന്ന് വിജയ്; വരുന്നു സിംഗപ്പെൺ കാവൽപ്പട

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ ബഹുജന റാലി തൃച്ചിയിൽ ആവേശക്കടലായി മാറി. മെയ് 10-ന് അധികാരം ഏറ്റെടുത്ത ശേഷം ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്ത വിജയ്, പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച കുതിരക്കച്ചവട ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞു. തന്നെയും ജനങ്ങളെയും തമ്മിൽ അകറ്റാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, മറിച്ച് തമിഴ് ജനതയുടെ 'മുഖ്യ സേവകൻ' ആണെന്ന് വിജയ് സ്വയം വിശേഷിപ്പിച്ചു. 1977-ൽ എം.ജി.ആർ. പോലും നേടാത്ത വോട്ട് വിഹിതമാണ് 2026-ൽ തമിഴ് ജനത ടിവികെക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. പെരിയാർ, അണ്ണാ, എം.ജി.ആർ. എന്നിവരുടെ പാത പിന്തുടരുന്ന ഒരു സാധാരണക്കാരനാണ് താനെന്നും അദ്ദേഹം ആവർത്തിച്ചു.
ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്രയും കാലം മാറി മാറി ജനങ്ങളെ വഞ്ചിച്ച് ഭരിച്ച ഈ രണ്ട് പാർട്ടികളെയും തമിഴ് മക്കൾ ഇന്ന് കൈവിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാലിന്റെ കുടുംബ രാഷ്ട്രീയമാണ് ഡിഎംകെയുടെ തകർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
ഡിഎംകെ ഇപ്പോൾ വെറും 'തീയശക്തി' മാത്രമല്ല, ജനങ്ങളിൽ നിന്ന് ദൂരേക്ക് പോയ 'ദൂരശക്തി' കൂടിയാണെന്ന് വിജയ് പരിഹസിച്ചു. പണമോ സ്വാധീനമോ ഉപയോഗിച്ച് തന്നെ തടയാമെന്ന് ആരും കരുതേണ്ടെന്നും തമിഴ്നാട്ടിലെ യഥാർത്ഥ പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ തിരസ്കരിച്ചവരാണ് തനിക്കെതിരെ ഇപ്പോൾ ബഹളം വെക്കുന്നതെന്നും ടിവികെ ഭരണം വന്നാൽ തങ്ങളുടെ കൊള്ളയടിക്കൽ അവസാനിക്കുമെന്ന് ഭയന്നാണ് പഴയ ശക്തികൾ തനിക്കെതിരെ ഒന്നിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതിയും കൈക്കൂലിയുമില്ലാത്ത ഒരു ഭരണം ഉറപ്പാക്കുമെന്ന് വിജയ്‍ പറഞ്ഞു. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിനും പാവപ്പെട്ടവർക്കായി 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുന്നതിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ഭരണകാലത്ത് ഓരോ തെരുവിലും ലഹരി പടരുന്നത് തടയാൻ കഴിഞ്ഞില്ലെന്നും ഇത് മൂലം നിരവധി സ്ത്രീകൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലഹരി മാഫിയയെ വേരോടെ അറുക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജനങ്ങളെ തമിഴ്നാട്ടിൽ സുരക്ഷിതമായി ജീവിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷയ്ക്കായി 'സിംഗപ്പെൺ കാവൽപ്പട' അടുത്ത ആഴ്ച മുതൽ നിലവിൽ വരുമെന്ന് വിജയ് പ്രഖ്യാപിച്ചു. കുറ്റവാളികൾക്ക് ഏറ്റവും വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനായി കാര്യക്ഷമതയുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റപത്രം സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള കോടതി നടപടികൾ വേഗത്തിലാക്കാൻ കർശന നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Tamil Nadu CM Joseph Vijay hits back at DMK in his first Trichy rally. Learn about his plans for 2026, women's safety, and corruption-free governance.