പിഎംശ്രീ തർക്കം: ജെഎൻയുവിൽ ഇടതുസഖ്യത്തിൽ ചേരാതെ എഐഎസ്എഫ്

ന്യൂഡൽഹി: പിഎംശ്രീ പദ്ധതിയിൽ കേരളസർക്കാർ ഒപ്പുവെച്ചതിനെച്ചൊല്ലി ജെഎൻയുവിലെ ഇടതുസഖ്യത്തിൽ ചേരാതെ എഐഎസ്എഫ്. നവംബർ നാലിനുനടക്കുന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനായി മറ്റ് ഇടതു വിദ്യാർഥിസംഘടനകളെല്ലാം വിയോജിപ്പുമറന്ന് ഒന്നിച്ചെങ്കിലും എഐഎസ്എഫ് മാറിനിൽക്കുകയാണ്.
സംസ്ഥാനത്ത് പിഎംശ്രീ വിഷയം പരിഹരിച്ചതോടെ സാഹചര്യം മാറിയെങ്കിലും ജെഎൻയുവിൽ സംഘടന നിലപാട് മാറ്റിയിട്ടില്ല. കേന്ദ്രപാനലിലേക്ക് തനിച്ച് മത്സരിക്കാനാണ് നീക്കം. എറണാകുളം സ്വദേശിയായ ഗവേഷകവിദ്യാർഥി യു. ഗോപീകൃഷ്ണൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. പ്രചാരണവും തുടങ്ങി. പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ സ്ഥാനാർഥികളെ പിൻവലിക്കാനാകില്ല. എങ്കിലും എബിവിപിക്കെതിരായ വോട്ടുകൾ ഭിന്നിച്ചുപോകുന്നത് ഒഴിവാക്കി ഇടതുസഖ്യത്തിന് പിന്തുണ നൽകണമെന്ന അഭിപ്രായവും എഐഎസ്എഫിലെ ഒരുവിഭാഗം പ്രവർത്തകർക്കുണ്ട്. ഇക്കാര്യത്തിൽ സംഘടനാനേതൃത്വം പരസ്യനിലപാട് സ്വീകരിച്ചിട്ടില്ല. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പദവികളാണ് കേന്ദ്രപാനലിലുള്ളത്. നാല് സ്ഥാനങ്ങളിലേക്കും ഇടതുസഖ്യത്തിന് സ്ഥാനാർഥികളുണ്ട്.
ഐസ, എസ്എഫ്‌ഐ, ഡിഎസ്എഫ് സംഘടനകളാണ് ഇടതുസഖ്യത്തിലുള്ളത്. കേരളവിഷയത്തിൽ എസ്‌എഫ്‌ഐയുമായി ഉടക്കിയാണ് എഐഎസ്എഫ് സഖ്യത്തിന്റെ ഭാഗമാകാതിരുന്നത്. കഴിഞ്ഞതവണ വിശാല ഇടതുസഖ്യമില്ലാതിരുന്നപ്പോൾപ്പോലും എഐഎസ്എഫും എസ്എഫ്‌ഐയും ഒന്നിച്ചാണ് മത്സരിച്ചിരുന്നത്.
Content Highlights: AISF opts out of JNU student union polls left alliance, citing Kerala`s PM Shri scheme. Contesting independently for central panel. Read details.