രാജ്യസഭാ തിരഞ്ഞെടുപ്പ്: ഝാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിൽ അട്ടിമറി,കോൺഗ്രസ് സ്ഥാനാർഥി തോറ്റു

റാഞ്ചി:രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഝാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിൽ അട്ടിമറി നടന്നതോടെ കോൺഗ്രസിന് തോൽവി. രണ്ട് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഭരണകക്ഷിയായ ജെഎംഎമ്മും രണ്ടാമത്തെ സീറ്റിൽ എൻഡിഎ പിന്തുണയുള്ള സ്വതന്ത്രനും വിജയിച്ചു. ഇന്ത്യ സഖ്യത്തിനുള്ളിൽനിന്ന് വോട്ടുകൾ ലഭിച്ചതോടെയാണ് എൻഡിഎ പിന്തുണയുള്ള പരിമൾ നത്വാനിക്ക് ജയിക്കാനായത്.
ഒഴിവ് വന്ന രണ്ട് സീറ്റുകളിലേക്ക് മൂന്ന് സ്ഥാനാർഥികൾ വന്നതോടെ ഝാർഖണ്ഡിൽ രാഷ്ട്രീയ ചരടുവലികൾ നടന്നിരുന്നു. 81 അംഗ ഝാർഖണ്ഡ് നിയമസഭയിൽ 28 ഫസ്റ്റ് വോട്ടുകളാണ് ഒരു സ്ഥാനാർഥിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഒരു സീറ്റിൽ ജെഎംഎമ്മും രണ്ടാമത്തെ സീറ്റിൽ കോൺഗ്രസും മത്സരിച്ചു. ഇന്ത്യ സഖ്യത്തിന് 56 എംഎൽഎമാരുണ്ട്. രണ്ട് സീറ്റുകളിലും ജയിക്കാൻ ഈ അംഗ സഖ്യ മതിയായിരുന്നു. ഇതിനിടയിലാണ് ഇന്ത്യ സഖ്യത്തിലെ വിള്ളൽ തിരിച്ചറിഞ്ഞ് ബിജെപി സ്വതന്ത്രനെ നിർത്തിയത്. എൻഡിഎയ്ക്ക് 24 എംഎൽഎമാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ എൻഡിഎ പിന്തുണച്ച പരിമൾ നത്വാനിക്ക് 28 വോട്ടുകൾ ലഭിച്ചു. ജെഎംഎമ്മിന്റെ ബെദ്യനാഥ് റാമിന് 30 വോട്ടുകളും ലഭിച്ചു. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി പ്രണവ് ഝായ്ക്ക് 20 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി.
ജെ.എം.എം, ആർ.ജെ.ഡി, ഇടതുപക്ഷ പാളയങ്ങളിൽ നിന്നുള്ള വോട്ടുകൾ എൻ.ഡി.എ പിന്തുണച്ച സ്ഥാനാർത്ഥിക്ക് ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പരിമൾ നത്വാനി ഇത് നാലാം തവണയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2008 നും 2020 നും ഇടയിൽ രണ്ട് തവണ ഝാർഖണ്ഡിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 2020-ൽ ആന്ധ്രയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം വീണ്ടും ഝാർഖണ്ഡിനെ പ്രതിനിധീകരിച്ചിരിക്കുകയാണ് പരിമൾ.
രാജ്യസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച സ്വതന്ത്ര അംഗങ്ങളിൽ ഒരാളെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
Content Highlights: Congress candidate Pranav Jha defeated in Jharkhand Rajya Sabha polls, NDA-backed independent Parimal Nathwani secured 28 votes, JMM candidate Baidyanath Ram won with 30 votes, Cross-voting from INDIA bloc led to the unexpected NDA victory, Three votes declared invalid during the counting process