'അമിതാഭ് ബച്ചന്റെ ഭാര്യയായതുകൊണ്ട് മാത്രം സഹിക്കുന്നു, അത് കോഴിപ്പൂവ് പോലെ'; ജയാ ബച്ചനെതിരേ കങ്കണ

ജയ ബച്ചന്‍, കങ്കണ റണൗട്ട് | Photo: PTI
ജയ ബച്ചന്‍, കങ്കണ റണൗട്ട് | Photo: PTI

ന്യൂഡല്‍ഹി: സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ പിടിച്ചുതള്ളിയ സംഭവത്തില്‍ നടിയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയ ബച്ചനെതിരേ കങ്കണ റണൗട്ട്. ജയ ബച്ചന്‍ ഏറ്റവും ദുഷ്ടയായ സ്ത്രീയാണെന്നും അമിതാഭ് ബച്ചന്റെ ഭാര്യയായതുകൊണ്ട് മാത്രമാണ് ആളുകള്‍ അവരുടെ കോപവും വിവരമില്ലായ്മയും സഹിക്കുന്നതെന്നും നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. 

ആളെ പിടിച്ചുതള്ളിയ വീഡിയോയിലുള്ള ജയ ബച്ചന്റെ വസ്ത്രധാരണത്തെയും കങ്കണ പരിഹസിച്ചു. ജയ ബച്ചന്‍ ഒരു പോരുകോഴിയെ പോലെയാണെന്നും അവരുടെ തലയിലെ സമാജ് വാദി തൊപ്പി കോഴിപൂവ് പോലെയുണ്ടെന്നുമാണ് കങ്കണ പറഞ്ഞത്. ഇത് എന്തൊരു നാണക്കേടാണെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു. 

കഴിഞ്ഞദിവസമാണ് ജയ ബച്ചന്‍ തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ പിടിച്ചുതള്ളുന്ന വീഡിയോ പുറത്തുവന്നത്. എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ചായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ തൊപ്പിയണിഞ്ഞെത്തിയ ജയ ബച്ചന്‍ ഇയാളെ തള്ളിമാറ്റിയത്. ഈ സമയം ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും ജയ ബച്ചന് സമീപത്തുണ്ടായിരുന്നു.

Content Highlights: Actress Kangana Ranaut criticizes Jaya Bachchan`s behavior towards a man seeking a selfie