ബാരിക്കേഡ് മറികടക്കാം, ഡൽഹി പോലീസിനെ വെട്ടിച്ച് മാർച്ച് നടത്താം; തരംഗമായി 'ജന്തർ മന്ദർ ചലോ' ഗെയിം

ന്യൂഡൽഹി: എസ്ഐആറിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരായി ഡൽഹിയിൽ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. ജന്തർ മന്തറിനെ സമരവേദിയുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതോടെ അവിടേക്ക് പ്രവേശിക്കുന്നവരെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന സ്ഥിതിയാണ്. ഈ തീമിലുള്ള ഒരു വീഡിയോ ഗയിം ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ തരംഗമായിരിക്കുന്നത്. ‘ജന്തർ മന്ദർ ചലോ’ എന്നാണ് ഈ രസകരമായ ഗെയിമിന്റെ പേര്.
ബറേലി സ്വദേശിയും ഐടി പ്രൊഫഷണലുമായ സുരാജ് കുശ്വാഹ് ആണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. ഡൽഹിയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് 'ജന്തർ മന്തർ ചലോ' (Jantar Mantar Chalo) എന്ന ഹാസ്യ ത്രീ ഡി വീഡിയോ ഗെയിം നിർമ്മിച്ചിരിക്കുന്നത്.
കളിക്കാർക്ക് ഒരു പ്രതിഷേധക്കാരനായോ അല്ലെങ്കിൽ 'ഡൽഹി പോലീസ്' ആയോ ഗെയിം കളിക്കാൻ സാധിക്കും. പോലീസിന്റെ കണ്ണുവെട്ടിച്ച്, ബാരിക്കേഡുകൾ തകർത്ത് ജന്തർ മന്ദറിലെത്തി ധർണയിരിക്കുക എന്നതാണ് ലക്ഷ്യം.
ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ച് പ്രതിഷേധക്കാരെ തടയാൻ പോലീസുകാർ വഴിയിൽ ഉണ്ടാകും. പ്രതിഷേധക്കാരെ പോലീസ് ബസ്സിൽ കസ്റ്റഡിയിലെടുത്ത് ദൂരസ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യും. വഴിയിലുള്ള ഗോൾഗപ്പ കഴിച്ചാൽ സമരംചെയ്യാൻ ഉൻമേഷം കൂടും. ചായക്കടകളിൽ വിശ്രമിക്കാം. തുണികൊണ്ട് മുഖം മറച്ചാൽ സിസിടിവി ക്യാമറകളിൽനിന്ന് രക്ഷപ്പെടാം. ഗെയിമിൽ 'ഗോദി മീഡിയ'യെ കണ്ടുമുട്ടിയാൽ സമരംചെയ്യുന്ന ആളുകളുടെ മനസ്സ് മാറി അവർ പ്രതിഷേധം ഉപേക്ഷിച്ചുപോകും. എന്നാൽ, സ്വതന്ത്ര മാധ്യമങ്ങളെ കണ്ടാൽ കൂടുതൽ ആളുകൾ സമരത്തിൽ പങ്കുചേരും. പ്രതിഷേധക്കാർക്കെതിരേ തിരിയുന്ന പോലീസിനെ ട്രോളുകയും ടിക്ക് സന്ദേശങ്ങളായി സ്ക്രീനിൽ അത് കാണിക്കുകയും ചെയ്യും.
ഇൻസ്റ്റഗ്രാമിൽ 'bugswriter' എന്ന പേരിൽ അറിയപ്പെടുന്ന സുരാജ്, വാർത്തകൾ കണ്ടതിൽനിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഗെയിം നിർമ്മിച്ചത്. നിലവിൽ ആയിരക്കണക്കിന് ആളുകളാണ് ഓൺലൈനായി ഈ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നത്.
സമരത്തിനിടെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) പ്രകാരം ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുമ്പോൾ, ഗെയിമിലെ മിനി-മാപ്പിലും "no signal u/s 163" എന്ന സന്ദേശം തെളിയും. പോലീസിന്റെ കസ്റ്റഡിയിലായാൽ നരേല സ്റ്റേഡിയം, കപഷേര ബോർഡർ തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ കൊണ്ടുപോയി ഇറക്കിവിടും. അവിടെനിന്ന് തിരികെ നടന്ന് വേണം വീണ്ടും ജന്തർ മന്തറിലെത്താൻ.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഗെയിമിന്റെ റീൽ പെട്ടെന്നുതന്നെ വൈറലായി. തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് mantarjantar.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി കളിക്കാൻ എത്തിയത്. രസകരമായ നിരവധി കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.
Content Highlights: Jantar Mantar Chalo is a viral 3D video game inspired by recent Delhi protests., Developed by Bareilly-based IT professional and Instagram creator Suraj Kushwaha (bugswriter)., Players can choose to play as a protestor trying to reach Jantar Mantar or as the Delhi police., Features humorous in-game elements like golgappas for stamina, media interactions, and BNSS internet shutdown references., Accessible online via mantarjantar.com with thousands of active players.