ജാമിയയിലെ വിദ്യാർത്ഥി പ്രക്ഷോഭവും നിരാഹാര സമരവും അവസാനിച്ചു

ന്യൂഡൽഹി: വിദ്യാർത്ഥികൾ ഉന്നയിച്ച മൂന്ന് പ്രധാന ആവശ്യങ്ങളും സർവകലാശാല ഭരണകൂടം തത്ത്വത്തിൽ അംഗീകരിച്ചതിനെ തുടർന്ന് ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിൽ നടന്നു വന്ന പ്രതിഷേധ സമരവും അനിശ്ചിതകാല നിരാഹാര സമരവും പിൻവലിച്ചു.
വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കുന്നതിനുള്ള വ്യക്തമായ സമയക്രമം പ്രഖ്യാപിക്കുക, യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുക, സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെയെടുത്ത അച്ചടക്ക നടപടികൾ പൂർണ്ണമായി റദ്ദാക്കുക എന്നിവയായിരുന്നു പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങൾ.
ഒക്ടോബർ 12-നാണ് ജാമിയ മില്ലിയ ഇസ്ലാമിയ സ്റ്റുഡന്റ്‌സ് യൂണിയൻ (JMISU) പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർത്ഥി സമരം ആരംഭിച്ചത്. സമരം ദിവസങ്ങൾ പിന്നിട്ടതോടെ നിരാഹാര സമരത്തിലേക്ക് വഴിമാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളമായി സർവകലാശാലയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി യൂണിയൻ നിലവിലുണ്ടായിരുന്നില്ല.
വ്യാഴാഴ്ച സർവകലാശാല രജിസ്ട്രാർ പ്രൊഫ. എം.എം. റിസ്‌വി പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, 2027 മേയ് 15-നകം വിദ്യാർത്ഥി യൂണിയൻ ഭരണഘടനയ്ക്ക് അംഗീകാരം നൽകി നടപ്പിലാക്കും. അടുത്ത അക്കാദമിക് സെഷൻ ആരംഭിച്ച് ആറാഴ്ചയ്ക്കുള്ളിൽ ലിംഗ്ദോ കമ്മിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.
ഇതിനുപുറമേ, സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസുകൾ, സസ്പെൻഷനുകൾ, ക്യാമ്പസ് വിലക്കുകൾ തുടങ്ങിയ എല്ലാ നടപടികളും സർവകലാശാല പിൻവലിച്ചു. ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കപ്പെട്ടതോടെ പ്രക്ഷോഭം അവസാനിപ്പിക്കുകയാണെന്ന് വിദ്യാർത്ഥി പ്രതിനിധികൾ അറിയിച്ചു.