വഡോദരയിൽ ജെയ്ഷെ മുഹമ്മദ് തീവ്രവാദി അറസ്റ്റിൽ; വ്യോമസേനാ താവളം ആക്രമിക്കാനുള്ള പദ്ധതി തകർത്തു

#ന്യൂസ് ഡെസ്ക്

അഹമ്മദാബാദ്: വഡോദരയിലെ വ്യോമസേനാ താവളത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 22 വയസ്സുകാരൻ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായി. അസം സ്വദേശിയായ മുഹമ്മദ് സഹാറുൾ ഇസ്ലാം ആണ് പിടിയിലായത്. ഇയാൾ പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് സംഘടനയിലെ അംഗമാണെന്നാണ് വിവരം. ഇയാൾ ഒറ്റയ്ക്ക് ആക്രമണം നടത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് എടിഎസ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സുനിൽ ജോഷി അറിയിച്ചത്.

സഹാറുൾ ഇസ്ലാം വ്യോമസേനാ താവളം നിരീക്ഷിക്കുകയും ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തതായി സുനിൽ ജോഷി വ്യക്തമാക്കി. പാകിസ്താനിലെ ഹാൻഡ്ലറിൽ നിന്നാണ് ഇയാൾക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതെന്നും ആക്രമണത്തിന് ശേഷം പാകിസ്താനിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് ഒരു എകെ-47 റൈഫിളും 23 തിരകളും കുറച്ച് പണവും പിടിച്ചെടുത്തതായി അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഒരു വർഷമായി ജെയ്ഷെ ഹാൻഡ്ലർമാരുമായി ഇയാൾ സജീവ ബന്ധത്തിലായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഗുജറാത്ത് എടിഎസും കഴിഞ്ഞ ആറ് മാസമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ആക്രമണ പദ്ധതി നടപ്പാക്കാനായി ഇയാൾ ഗുജറാത്തിലേക്ക് യാത്ര തിരിക്കുകയാണെന്ന വിവരം ലഭിച്ചതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

സുരക്ഷാ നിരീക്ഷണം ഒഴിവാക്കാനും പിന്തുടരുന്നത് തടയാനും പ്രതി അസമിൽ നിന്ന് ഗുജറാത്തിലേക്ക് നേരിട്ടുള്ള യാത്ര ഒഴിവാക്കി ഒന്നിലധികം ട്രെയിനുകളും ബസുകളും ഉപയോഗിച്ച് ചുറ്റിവളഞ്ഞാണ് എത്തിയത്. ഗുജറാത്തിലേക്കുള്ള ഇയാളുടെ ആദ്യ യാത്രയായിരുന്നില്ല ഇതെന്നും ആസൂത്രിത ആക്രമണത്തിനായി നിരീക്ഷണം നടത്താനും ഗുജറാത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും പലതവണ വഡോദര സന്ദർശിച്ചിരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

പിടിച്ചെടുത്ത റൈഫിൾ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന. പ്രതിയുടെ മൊബൈൽ ഫോണിൽ നടത്തിയ ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ ജെയ്ഷെ-ഇ-മുഹമ്മദുമായി ബന്ധപ്പെട്ട കുറിപ്പുകൾ കണ്ടെത്തിയതായും ഇത് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കുന്നതായുമാണ് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നത്. അതിർത്തി കടന്നുള്ള ഹാൻഡ്ലർമാരെ കണ്ടെത്താനും എകെ-47 തോക്കിന്റെ ഉറവിടം പരിശോധിക്കാനും ഗുജറാത്തിൽ പ്രാദേശിക സ്ലീപ്പർ സെല്ലുകളോ സഹായികളോ ഉണ്ടോ എന്ന് കണ്ടെത്താനുമായി സുരക്ഷാ ഏജൻസികൾ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.

Content Highlights: A 22-year-old Assam native, Muhammad Saharul Islam, arrested by Gujarat ATS., Suspect was planning an attack on the Vadodara Air Force base., Linked to Pakistan-based Jaish-e-Mohammed terror outfit and received instructions from handlers., Recovered an AK-47 rifle, 23 rounds of ammunition, and cash from the suspect., Suspect traveled using multiple trains and buses to evade security agencies.