ജാക്വലിന്‍ രാജ്യംവിടാന്‍ ശ്രമിച്ചെന്ന് ഇ.ഡി; അവര്‍ ചെയ്ത തെറ്റെന്തെന്ന് സുകേഷ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കവെ പ്രതിയായ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് രാജ്യം വിടാന്‍ ശ്രമിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നടിയുടെ ജാമ്യഹര്‍ജി പരിഗണിക്കവെ ഡല്‍ഹി കോടതിയിലാണ് ഇ.ഡി. ഇക്കാര്യം അറിയിച്ചത്. അന്വേഷണം പുരോഗമിക്കവെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത നടി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇ.ഡി. കോടതിയില്‍ പറഞ്ഞു.
'ജാക്വലിന്‍ ഫെര്‍ണാണ്ടസ് അന്വേഷണവുമായി സഹകരിക്കുന്നില്ല. അവര്‍ രാജ്യം വിടാന്‍ ശ്രമിച്ചു. എന്നാല്‍, ലുക്ക്ഔട്ട് നോട്ടീസില്‍ പേരുണ്ടായിരുന്നതിനാല്‍ അവര്‍ക്ക് അതിന് സാധിച്ചില്ല. തെളിവുകള്‍ നിരത്തി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റൊരാള്‍ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അവര്‍ ആവശ്യം നിരസിച്ചു. അന്വേഷണത്തെ സഹായിക്കുന്ന പെരുമാറ്റമായിരുന്നില്ല നടിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്.'- ഇ.ഡി. കോടതിയെ അറിയിച്ചു.
ജാക്വലിനും മറ്റൊരു നടി നോറാ ഫതേഹിക്കും സുകേഷ് ചന്ദ്രശേഖറില്‍ നിന്നും ആഡംബര കാറുകളും മറ്റ് വിലകൂടിയ സമ്മാനങ്ങളും ലഭിച്ചിരുന്നതായും ഇ.ഡി. പറഞ്ഞു. 'സുകേഷ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി നടിക്ക് അറിയാമായിരുന്നു. തുടര്‍ന്നും അവര്‍ ഇയാളുമായി സാമ്പത്തിക ഇടപാടുതുടര്‍ന്നു'- ഇ.ഡി. ആരോപിക്കുന്നു.
അതേസമയം, കേസില്‍ ജാക്വലിനെ പ്രതിചേര്‍ത്തത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞു. ജാക്വലിനെ പ്രതിരോധിച്ച് പുറത്തുവിട്ട കത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. 'ഞങ്ങള്‍ ബന്ധത്തിലായിരുന്നു. ഞാന്‍ അവര്‍ക്കും കുടുംബത്തിനും സമ്മാനങ്ങള്‍ നല്‍കിയിരുന്നു. അതില്‍ അവര്‍ ചെയ്ത തെറ്റ് എന്താണ്. നേരായ മാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ച കാശല്ലാതെ ഒരു രൂപപോലും ഞാന്‍ അതിനായി ചെലവഴിച്ചിട്ടില്ല. സ്‌നേഹിക്കുക, ഒപ്പം നില്‍ക്കുക എന്നതിനപ്പുറത്ത് അവര്‍ ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. തനിക്കെതിരായ കേസ് വലിയ ഗൂഢാലോചനയുടെ മറയാണ്.'- കത്തില്‍ സുകേഷ് പറഞ്ഞു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും ആവര്‍ത്തിച്ചു.
ജാക്വലിന് സുകേഷ് പത്തുകോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയിരുന്നതായി ഇ.ഡി. കണ്ടെത്തി. ഇതില്‍ 52 ലക്ഷം രൂപ വിലവരുന്ന കുതിരയും ഒന്‍പത് ലക്ഷം വിലവരുന്ന പേര്‍ഷ്യന്‍ പൂച്ചയും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടിയുടെ ഏഴ് കോടി രൂപയുടെ വസ്തുക്കള്‍ ഇഡി കണ്ടെത്തിയിരുന്നു. ചെന്നൈയില്‍ വച്ച് രണ്ടുതവണയേ തങ്ങള്‍ നേരിട്ടുകണ്ടിട്ടുള്ളൂവെന്നും ആറുമാസത്തോളം ഫോണിലായിരുന്നു ബന്ധമെന്നും ഇരുവരും ഇ.ഡിയോട് പറഞ്ഞിരുന്നു. എന്നാല്‍, ഇരുവരും പറഞ്ഞ തീയതികളില്‍ പൊരുത്തക്കേടുണ്ടെന്ന് ഇ.ഡി. അറിയിച്ചു.
Content Highlights: Jacqueline Fernandez Sukesh Chandrashekhar Conman ED