ജബല്‍പുരില്‍ പുരോഹിതര്‍ക്കെതിരായ ആക്രമണം: നാലുദിവസത്തിന് ശേഷം കേസെടുത്ത് പോലീസ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ രണ്ട് കത്തോലിക്കാ പുരോഹിതര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേസെടുത്ത് പോലീസ്. സംഭവം നടന്ന നാലുദിവസങ്ങള്‍ക്ക് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പുരോഹിതരെ ആക്രമിക്കുന്ന ദൃശ്യത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജബല്‍പുര്‍ സിറ്റി പോലീസ് കമ്മിഷണര്‍ സതിഷ് കുമാര്‍ സോഹി വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചു. കേസിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കേസില്‍ ഇതുവരെ അറസ്റ്റുകളൊന്നുമില്ല.
രണ്ട് മലയാളി വൈദികള്‍ ഉള്‍പ്പെട്ട സംഘത്തിന് നേരെയാണ് കഴിഞ്ഞ ചൊവ്വാഴ്ച അക്രമമുണ്ടായത്. ജൂബിലി 2025 ആഘോഷങ്ങളുടെ ഭാഗമായി പള്ളികള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ജബല്‍പുര്‍ രൂപതാ വികാരി ജനറല്‍ ഫാ. ഡേവിസിനെയും രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജിനെയും ക്രൈസ്തവവിശ്വാസികളെയും പോലീസ് സ്റ്റേഷന്‍ മുറ്റത്ത് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് ആരോപണം.
സംഭവത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചിരുന്നു. സഭയില്‍ വിഷയം ഉന്നയിക്കാന്‍ അനുവദിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ അവസരം നല്‍കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും അംഗങ്ങള്‍ വഴങ്ങിയില്ല. പിന്നീട് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ശൂന്യവേളയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി വിഷയം ഉന്നയിച്ചിരുന്നു.
Content Highlights: Four days after `attack’ on Christian priests in Jabalpur, FIR registered