ഡിഎംകെയുമായി ബന്ധമെന്ന് അണ്ണാമലൈയുടെ ആരോപണം; തമിഴ്‌നാട്ടിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ റെയ്ഡ്

എം.കെ. സ്റ്റാലിന്‍, അണ്ണാമലൈ | Photo: PTI, ANI
എം.കെ. സ്റ്റാലിന്‍, അണ്ണാമലൈ | Photo: PTI, ANI

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ജി സ്‌ക്വയറിന്റെ വിവിധ ഓഫീസുകളിലും  കെട്ടിടങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. തമിഴ്‌നാട്ടില്‍  ഈ കമ്പനിയുമായി ബന്ധമുള്ള 30 സ്ഥാപനങ്ങളിലും കര്‍ണാടകയിലേയും തെലങ്കാനയിലേയും വിവിധ ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് പരിശോധന തുടങ്ങിയത്.

കമ്പനി ഉടമ ബാല എന്നറിയപ്പെടുന്ന രാമജയം എന്ന വ്യക്തിയുടെ വസതിയിലും പരിശോധന നടക്കുന്നുണ്ട്. നികുതിവെട്ടിപ്പ് ആരോപണത്തിലാണ് റെയ്‌ഡെന്നാണ് വിശദീകരണം. ഡി.എം.കെ. നേതാക്കള്‍ അഴിമതിയിലൂടെ 1.34 ലക്ഷം കോടിയുടെ സ്വത്ത് സമ്പാദിച്ചുവെന്ന് കഴിഞ്ഞദിവസം തമിഴ്‌നാട് ബി.ജെ.പി. പ്രസിഡന്റ് അണ്ണാമലൈ ആരോപിച്ചിരുന്നു. ഡി.എം.കെ. ഫയല്‍സ് എന്നപേരില്‍ സ്വത്ത് വിവരങ്ങളും പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് റെയ്ഡ്.

ഡി.എം.കെ. നേതാക്കളുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ജി സ്‌ക്വയറിന്റെ ആസ്തികളില്‍ 2019 മുതല്‍ ക്രമാതീതമായ വര്‍ധനയുണ്ടായെന്നാണ്‌ അണ്ണാമലൈയുടെ ആരോപണം. എന്നാല്‍, ഡി.എം.കെയും ജി. സ്‌ക്വയറും ആരോപണം നിഷേധിച്ചിരുന്നു.

Content Highlights: IT raids on several properties of real estate firm G Square allegedly close to CM Stalin DMK