കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം, പ്രോബ-3 വിക്ഷേപിച്ച് ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട : പ്രോബ 3 ദൗത്യവുമായി പി.എസ്.എല്‍.വി സി 59 വിക്ഷേപിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.04 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി 59 കുതിച്ചുയര്‍ന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ 3 ദൗത്യത്തില്‍ രണ്ട് ഉപഗ്രഹങ്ങളാണുള്ളത്. ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയത്തെക്കുറിച്ച്(കൊറോണ) പഠിക്കാനുള്ള ദൗത്യമാണ് പ്രോബ-3. യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇ.എസ്.എ.) നടത്തുന്ന ഇന്‍ ഓര്‍ബിറ്റ് ഡെമോണ്‍സ്ട്രേഷന്‍ (ഐ.ഒ.ഡി.) ദൗത്യമാണിത്. 2001-ന് ശേഷം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയ്ക്ക് വേണ്ടി നടത്തുന്ന ആദ്യവിക്ഷേപണമാണിത്. 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക.
രണ്ട് ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിക്കുന്ന ദൗത്യമാണ് പ്രോബ-3. ഒക്യുല്‍റ്റര്‍ (200 കിലോഗ്രാം), കൊറോണഗ്രാഫ് (340 കിലോഗ്രാം) എന്നിവയാണ് ഉപഗ്രഹങ്ങള്‍. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ച് പഠിക്കുന്ന വിധത്തിലാണ് ദൗത്യം രൂപകല്പന ചെയ്തിരിക്കുന്നത്. ഏകദേശം 1680 കോടി രൂപ ചെലവുള്ള ദൗത്യത്തിന് രണ്ടുവര്‍ഷമാണ് കാലാവധി. ഭൂമിയില്‍നിന്ന് കുറഞ്ഞ അകലം 600 കിലോമീറ്ററും കൂടിയ അകലം 60,530 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും പേടകങ്ങളെ എത്തിക്കുക. ഐ.എസ്.ആര്‍.ഒ. 2001-ല്‍ വിക്ഷേപിച്ച പ്രോബ-1, 2009-ല്‍ വിക്ഷേപിച്ച പ്രോബ-2 എന്നിവയുടെ തുടര്‍ദൗത്യമാണ് പ്രോബ-3.
Content Highlights: ISRO successfully launched ESA`s PROBA-3 mission from Sriharikota, studying the Sun`s corona