റോക്കറ്റ് നിർമാണം സ്വകാര്യമേഖലയ്ക്ക്, ശാസ്ത്രജ്ഞരുടെ കൂട്ടരാജി; ISRO ജീവനക്കാരുടെ ആശങ്കയ്ക്കുപിന്നിൽ

#സ്വന്തം ലേഖകൻ
ഐ.എസ്.ആര്‍.ഓയുടെ റോക്കറ്റ് വിക്ഷേപണം. File Photo - AFP
ഐ.എസ്.ആര്‍.ഓയുടെ റോക്കറ്റ് വിക്ഷേപണം. File Photo - AFP

ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആർ.ഒ. സ്വകാര്യവത്കരണ പാതയിലേക്ക് നീങ്ങുന്നതിൽ ആശങ്കയറിയിച്ച് ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയത് ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു തർക്കത്തിന് വഴിതുറക്കുന്നു. ജി.എസ്.എൽ.വി എഫ്-17/ഇ.ഒ.എസ്-05 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് തൊട്ടുപിന്നാലെയാണ് സ്വകാര്യവത്കരണത്തിൽ ജീവനക്കാർ ആശങ്ക ഉയർത്തിയത്. ഐ.എസ്.ആർ.ഒയിലെ ഒൻപത് സ്ഥാപനങ്ങളിലെ ജീവനക്കാർ ചേർന്ന് സംയുക്തമായി ഒപ്പിട്ട അഞ്ച് പേജുള്ള കത്ത് ഐ.എസ്.ആർ.ഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. വി. നാരായണന് സമർപ്പിച്ചിരിക്കുകയാണ്.

വിക്രം സാരാഭായി സ്പേസ് സെന്റർ, സതീഷ് ധവാൻ സ്പേസ് സെന്റർ, യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ തുടങ്ങി പ്രധാനപ്പെട്ട പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകൾ ചേർന്നാണ് കത്ത് നൽകിയത്. ഐ.എസ്.ആർ.ഒയുടെ ആകെ ജീവനക്കാരിൽ നാലിലൊന്നോളം പേരെ പ്രതിനിധീകരിക്കുന്നതാണ് ഈ സംഘടനകൾ. ദേശീയ താല്പര്യങ്ങൾ മുൻനിർത്തി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളും പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് പടുത്തുയർത്തിയ സ്ഥാപനത്തിന്റെ തന്ത്രപ്രധാനമായ ശേഷിയും സ്വകാര്യമേഖലയ്ക്ക് വിട്ടുനൽകുന്നതിലെ അപകടങ്ങളെക്കുറിച്ച് കത്തിൽ ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു. 

ആശങ്കകൾക്ക് തുടക്കമിട്ട പ്രസ്താവന

ഇൻ-സ്പേസ് ചെയർമാൻ ഡോ. പവൻ ഗോയങ്ക അടുത്തിടെ ഒരു പരിപാടിയിൽ നടത്തിയ പ്രസ്താവനയാണ് ജീവനക്കാരെ പരിഭ്രാന്തിയിലാക്കിയത്. ഭാവിയിൽ ഐ.എസ്.ആർ.ഒ സ്വന്തമായി റോക്കറ്റുകൾ നിർമിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഈ ജോലികളെല്ലാം പൂർണമായും സ്വകാര്യ മേഖലയോ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളോ ആയിരിക്കും നിർവ്വഹിക്കുക എന്നതുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ മാത്രമാകും ഐ.എസ്.ആർ.ഒ. ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ദേശീയ ബഹിരാകാശ ദൗത്യങ്ങളിൽ തങ്ങളുടെ കരിയർ സ്വപ്നംകണ്ട് കടന്നുവരുന്ന ആയിരക്കണക്കിന് യുവാക്കളുടെയും നിലവിലുള്ള ജീവനക്കാരുടെയും ആത്മവിശ്വാസത്തെ ഈ പ്രസ്താവന തകിടം മറിച്ചുവെന്ന് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ബഹിരാകാശ വകുപ്പിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നയപരമായ മാറ്റത്തെക്കുറിച്ച് ഇതുവരെ യാതൊരുവിധ ഔദ്യോഗിക വിശദീകരണങ്ങളും ജീവനക്കാർക്ക് ലഭിച്ചിട്ടില്ലെന്നാണ് അവർ ഉയർത്തുന്ന ആക്ഷേപം. സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും നിയമപരവും ഭരണപരവുമായ വിശദാംശങ്ങൾ വ്യക്തമാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.

ബഹിരാകാശ വകുപ്പിന്റെ നയപ്രകാരം ഇതിനകംതന്നെ പല സുപ്രധാന സാങ്കേതികവിദ്യകളും കൈമാറ്റംചെയ്യാനുള്ള നടപടികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ട്. എസ്‌എസ്‌എൽവി റോക്കറ്റിന്റെ നിർമ്മാണ സാങ്കേതികവിദ്യ ഇതിനകംതന്നെ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിന് വിറ്റുകഴിഞ്ഞു. ഇന്ത്യയുടെ ഏറ്റവുംവലിയ റോക്കറ്റായ എൽവിഎം 3-ന്റെ സാങ്കേതികവിദ്യ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനുള്ള ലേല നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവി-യുടെ സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങൾ സജീവമാണ്. ഉപഗ്രഹ നിർമ്മാണ മേഖലയും തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്ത് രൂപകൽപ്പന ചെയ്തിട്ടുള്ള 986 കോടി രൂപയുടെ 'സ്മോൾ സാറ്റലൈറ്റ് ലോഞ്ച് കോംപ്ലക്സും' സ്വകാര്യ ഓപ്പറേറ്റർമാർക്ക് വിട്ടുനൽകാൻ ഇൻ-സ്പേസ് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

സ്വകാര്യവത്കരണവും തന്ത്രപരമായ തിരിച്ചടികളും

ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനോ ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ എൻ.എസ്.ഐ.എൽ (NSIL) വഴിയുള്ള വാണിജ്യവത്കരണത്തിനോ തങ്ങൾ എതിരല്ലെന്ന് ജീവനക്കാരുടെ സംഘടനകൾ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതും ഐ.എസ്.ആർ.ഒയുടെ സ്വന്തം നിർമാണ-വിക്ഷേപണ ശേഷി പൂർണമായി ഇല്ലാതാക്കുന്നതും തമ്മിൽ കൃത്യമായ അതിർവരമ്പ് ഉണ്ടായിരിക്കണം. ഈ രണ്ടു കാര്യങ്ങൾക്കിടയിൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കുന്ന ഔദ്യോഗിക നയരേഖയുടെ അഭാവമാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം.

റോക്കറ്റ് നിർമാണം, സുരക്ഷാ പരിശോധനകൾ, വിക്ഷേപണ നിയന്ത്രണങ്ങൾ എന്നിവ വെറുമൊരു 'നിർമാണ കരാർ' മാത്രമല്ല. അവ ഈ വലിയ പ്രസ്ഥാനത്തിന്റെ കാതലായ പ്രവർത്തനശേഷിയും പരീക്ഷണ സമ്പത്തുമാണ്. വിക്ഷേപണ കേന്ദ്രങ്ങളുടെയും നിർമാണ പ്രക്രിയകളുടെയും നിയന്ത്രണം ലാഭംമാത്രം ലക്ഷ്യമിടുന്ന സ്വകാര്യ കമ്പനികളുടെ കൈകളിൽ എത്തുമ്പോൾ ആശങ്കകൾ ഏറെയാണ്.

പൊതുമേഖലയുടെ കണിശമായ ഗുണനിലവാര നിയമവും സുരക്ഷാ മാനണ്ഡങ്ങളും ലാഭത്തെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഓപ്പറേറ്റർമാരിലേക്ക് മാറുമ്പോൾ ദുർബലപ്പെടാൻ സാധ്യതയുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ പാർലമെന്റിനോ സി.എ.ജി പോലുള്ള സ്വതന്ത്ര ഓഡിറ്റ് സംവിധാനങ്ങൾക്കോ മറുപടി നൽകാൻ ബാധ്യസ്ഥരാണ്. എന്നാൽ, ഒരു സ്വകാര്യ പങ്കാളിക്ക് ഇത്തരം ജനാധിപത്യപരമായ ബാധ്യതകൾ ഉണ്ടാകില്ല. ഒരു സുരക്ഷാവീഴ്ചയോ വലിയ അപകടമോ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ആർക്കായിരിക്കും എന്നതിനെക്കുറിച്ച് യാതൊരു സുതാര്യതയുമില്ല.

മാത്രമല്ല, പ്രവർത്തനങ്ങൾ വലിയ തോതിൽ ചുരുങ്ങുമ്പോൾ നിലവിലുള്ള ജീവനക്കാർ അധികമാകാനും സാധ്യതയുണ്ട്. ശാസ്ത്ര-സാങ്കേതിക, ഭരണ വിഭാഗങ്ങളിലെ ഗ്രൂപ്പ് എ, ബി, സി തസ്തികകളിലേക്കുള്ള പുതിയ സ്ഥിര നിയമനങ്ങൾ പൂർണമായി ഇല്ലാതാകുമെന്നാണ് ആശങ്ക. ഇതോടെ രാജ്യത്തെ മിടുക്കരായ യുവതലമുറയ്ക്ക് ഐ.എസ്.ആർ.ഒയിലെ മികച്ച കരിയർ അവസരങ്ങൾ നിഷേധിക്കപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജീവനക്കാരുടെ കുറവും വർധിച്ചുവരുന്ന കൊഴിഞ്ഞുപോക്കും

ഐ.എസ്.ആർ.ഒയിൽ വൻതോതിലുള്ള ഒഴിവുകൾ നിലനിൽക്കുന്ന സമയത്താണ് ഈ സ്വകാര്യവത്കരണ നീക്കങ്ങൾ വേഗതയാർജ്ജിക്കുന്നത്. 2026 ഫെബ്രുവരിയിലെ പാർലമെന്റ് രേഖകൾ അനുസരിച്ച്, ശാസ്ത്ര-സാങ്കേതിക വിഭാഗത്തിൽ അനുവദിച്ചിട്ടുള്ള 14,108 തസ്തികകളിൽ 12,472 ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്. അതായത് 11 ശതമാനം ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു. ഭരണ വിഭാഗത്തിലാകട്ടെ അനുവദിക്കപ്പെട്ട 4,034 തസ്തികകളിൽ 3,057 പേർ മാത്രമാണുള്ളത്. ബഹിരാകാശ വകുപ്പിന്റെ ആകെ അനുവദിക്കപ്പെട്ട ജീവനക്കാരുടെ എണ്ണം പരിശോധിച്ചാൽ ഫിൽ റേറ്റ് വെറും 72 ശതമാനം മാത്രമാണ്. ഇത് കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നാണ് കണക്കുകൾ പറയുന്നത്.

ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളിലായി പരിചയസമ്പന്നരായ നൂറിലധികം ശാസ്ത്രജ്ഞർ സ്ഥാപനത്തിൽനിന്ന് കൂട്ടത്തോടെ രാജിവെച്ചത്. ഉയർന്ന ശമ്പളവും ഗവേഷണ സ്വാതന്ത്ര്യവും വാഗ്ദാനംചെയ്യുന്ന ബഹിരാകാശ സ്റ്റാർട്ടപ്പുകളിലേക്ക് ഇവരിൽ പലരും ചേക്കേറി. ഇതിൽ ഗഗൻയാൻ, ചന്ദ്രയാൻ-3, SpaDeX തുടങ്ങിയ സുപ്രധാന ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞരും ഉൾപ്പെടുന്നു എന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. വിദഗ്ധരുടെ ഈ പെട്ടെന്നുള്ള പിന്മാറ്റം പരിഹരിക്കാൻ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.

ബഹിരാകാശ രംഗത്തെ സുപ്രധാന സ്ഥാപനമായ ഐ.എസ്.ആർ.ഒയെ കേവലം ഒരു ഗവേഷണ സ്ഥാപനമായി ഒതുക്കി മാറ്റുന്നതിനെതിരെ വ്യത്യസ്ത കോളുകളിൽനിന്ന് ഇതിനകംതന്നെ എതിർപ്പുയർന്നു കഴിഞ്ഞു. ഇക്കാര്യത്തിൽ ജീവനക്കാർ ഉയർത്തുന്ന ജനാധിപത്യപരമായ ആവശ്യങ്ങളെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളുടെ സുസ്ഥിരതയെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ അടിയന്തരമായി ബഹിരാകാശ വകുപ്പ് ഒരു ഔദ്യോഗിക നയരേഖ പുറത്തുവിട്ട് ജീവനക്കാരുടെ ആശങ്കകൾ ദൂരീകരിക്കേണ്ടതുണ്ട്.

Content Highlights: ISRO employee unions have submitted a joint letter to the chairman expressing serious concern over the shifting of rocket and satellite manufacturing responsibilities to the private sector without an official policy framework.