ടിവികെയുടെ പരിപാടിക്കിടെ നേതാക്കളെ തടഞ്ഞ 'ലേഡി സിങ്കം'; ഐപിഎസ് ഉദ്യോഗസ്ഥ ഇഷയെ സ്ഥലം മാറ്റി

തമിഴക വെട്രി കഴകത്തി(ടിവികെ)ന്റെ പൊതുയോഗത്തിനിടെ നേതാക്കളെ തടഞ്ഞ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ഇഷാ സിങ്ങിനെ ഡൽഹിയിലേക്ക് സ്ഥലം മാറ്റി. പുതുച്ചേരിയിൽ നടന്ന പരിപാടിയിൽ വേദിയിലേക്ക് കൂടുതൽ പ്രവർത്തകരെ കയറ്റാൻ ശ്രമിച്ച നേതാക്കളെയാണ് ഇഷാ സിങ്ങ് തടഞ്ഞത്. കരൂർ സംഭവത്തിനുശേഷം കർശന നിയന്ത്രണത്തോടെ നടന്ന യോഗത്തിനിടെയായിരുന്നു ഈ സംഭവം.
ഉപ്പളം എക്‌സ്‌പോ ഗ്രൗണ്ടിലായിരുന്നു അന്ന് പൊതുയോഗം നടന്നിരുന്നത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് സ്റ്റേജിൽ കയറി കൂടുതൽ പ്രവർത്തകരോട് വേദിയിലേക്ക് കയറി ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാളിൽനിന്ന് മൈക്ക് വാങ്ങിയ ഇഷാ സിങ്ങ് പ്രസംഗം നിർത്തിവെയ്ക്കാൻ പറഞ്ഞു.
'നിങ്ങളുടെ കൈയിൽ ഒരുപാട് പേരുടെ രക്തം പുരണ്ടിട്ടുണ്ട്. 40 പേർ മരിച്ചു. ഇപ്പോഴും നിങ്ങൾ എന്താണ് ചെയ്യുന്നത്' എന്ന് ഇഷാ സിങ്ങ് സംഘാടകരോട് ചോദിക്കുകയും ചെയ്തു. അനുവദിച്ച പരിധിക്കപ്പുറം ഒരാളെപ്പോലും വേദിയിലേക്ക് വരാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിയൽ പ്രചരിച്ചു. ഇഷാ സിങ്ങിനെ അഭിനന്ദിച്ച് ഒട്ടേറെപ്പേർ പോസ്റ്റുകളും പങ്കുവെച്ചു. അവരെ 'ലേഡി സിങ്കം' എന്നാണ് ആളുകൾ വിശേഷിപ്പിച്ചത്.
1998-ൽ മുംബൈയിൽ ജനിച്ച ഇഷാ സിങ്ങിന്റെ പിതാവും ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. 1985 ബാച്ച് ഐപിഎസ് ഓഫീസറായ യോഗേഷ് പ്രതാപ് സിങ്ങാണ് ഇഷയുടെ അച്ഛൻ. അഴിമതി തുറന്നുകാണിച്ചതിന് നിരന്തരം പണിഷ്‌മെന്റ് പോസ്റ്റിങ് ലഭിച്ചതോടെ യോഗേഷ് രാജിവെയ്ക്കുകയായിരുന്നു. ഇന്ത്യൻ പോസ്റ്റൽ സർവീസിൽ ഉദ്യോഗസ്ഥയായിരുന്ന ഇഷയുടെ അമ്മ അബാ സിങ് ആ ജോലി രാജി വെച്ച് അഭിഭാഷകയായി. സൽമാൻ ഖാന്റെ 'ഹിറ്റ് ആന്റ് റൺ' കേസ് ഉൾപ്പെടെയുള്ള പ്രധാന പൊതുതാത്പര്യ കേസുകൾ വാദിക്കുകയും ചെയ്തു.
Content Highlights: isha singh who confronted tvk leader seeking more crowd at rally transferred