IRCTC അഴിമതി: ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും റാബ്റി ദേവിക്കുമെതിരെ കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവ്

ന്യൂഡൽഹി: റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐ.ആർ.സി.ടി.സി) രണ്ട് ഹോട്ടലുകൾ പാട്ടത്തിന് നൽകിയതിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കെതിരെ കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവിട്ടു. ഒമ്പത് പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയത്. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്. ഒക്ടോബർ 3-ന് കേസിൽ ഔദ്യോഗികമായി കുറ്റം ചുമത്തുമെന്ന് പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ അറിയിച്ചു. കേസിൽ ഉൾപ്പെട്ടിരുന്ന മറ്റ് ഏഴ് പേരെ കോടതി വെറുതെ വിട്ടു.
പട്നയിൽ തങ്ങൾക്ക് കൈമാറിക്കിട്ടിയ വഴിവിട്ട സ്വത്തുക്കൾ അനുഭവിക്കുന്നത് വഴി റാബ്റി ദേവിയും തേജസ്വി യാദവും പദവി ദുരുപയോഗം ചെയ്തതായും അതിലൂടെ ലഭിച്ച അനധികൃത വരുമാനം കൈവശം വെച്ചതായും സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ പാട്ടക്കരാറുമായി ബന്ധപ്പെട്ട് റെയിൽവേ ഉദ്യോഗസ്ഥർ ടെൻഡർ നടപടികളിൽ തിരിമറി നടത്തിയതായി പ്രാഥമികമായി തെളിഞ്ഞിട്ടുണ്ട്. ഈ ഹോട്ടലുകളുടെ ഡയറക്ടർമാർ ബിഹാറിലെ പട്നയിലുള്ള വിലയേറിയ ഭൂമി ലാലുവിന്റെ അടുത്ത അനുയായിയായ സർള ഗുപ്തയ്ക്ക് കൈമാറുകയും, തുടർന്ന് അവർ ആ ഓഹരികൾ തുച്ഛമായ തുകയ്ക്ക് റാബ്റി ദേവിക്ക് കൈമാറിയെന്നുമാണ് ആരോപണം.
സി.ബി.ഐയും എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റും (ഇ.ഡി) നൽകിയ വിവരമനുസരിച്ച്, വിജയ് കൊച്ചാർ, വിനയ് കൊച്ചാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള എം/എസ് സുജാത ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പുരി, റാഞ്ചി എന്നിവിടങ്ങളിലെ രണ്ട് ഹോട്ടലുകളുടെ ഉപപാട്ടാവകാശം നൽകുന്നതിനായി ലാലു പ്രസാദും ഐ.ആർ.സി.ടി.സി ഉദ്യോഗസ്ഥരും തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയായിരുന്നു. പൊതു കരാറുകൾ നൽകിയതിന് പകരം സ്വകാര്യ സ്വത്തുക്കളും ഭൂമിയും കമ്പനി ഓഹരികളും യാദവ് കുടുംബത്തിന് നിസ്സാര വിലയ്ക്ക് കൈമാറിയ ഒരു പരസ്പര സഹായ ക്രമീകരണമായിരുന്നു ഇതെന്നാണ് കണ്ടെത്തൽ. 2005 ഫെബ്രുവരിയിൽ പാട്നയിലുള്ള 358 ഡെസിമൽ വിലപിടിപ്പുള്ള ഭൂമി പി.സി. ഗുപ്തയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡി ലൈറ്റ് മാർക്കറ്റിങ് കമ്പനിക്ക് കൈമാറി. ഈ കമ്പനി റാബ്റി ദേവിയും തേജസ്വിയും പിന്നീട് നാമമാത്രമായ തുകയ്ക്ക് ഓഹരികൾ വാങ്ങി കൈവശപ്പെടുത്തുകയായിരുന്നു.
2018-ലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഈ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ഭൂമി വാങ്ങാൻ ഉപയോഗിച്ച പണം സംശയാസ്പദമായ ഉറവിടത്തിൽ നിന്നുള്ളതാണെന്നും എം/എസ് അഭിഷേക് ഫിനാൻസ് കമ്പനി ലിമിറ്റഡ് എന്ന എൻ.ബി.എഫ്.സി ഉപയോഗിച്ച് പി.സി. ഗുപ്തയുമായി ബന്ധപ്പെട്ട 151 ഗ്രൂപ്പ് കമ്പനികളിലൂടെ ഈ പണം വെളുപ്പിച്ചെടുക്കുകയായിരുന്നുവെന്നും ഇ.ഡി ആരോപിക്കുന്നു. റാബ്റി ദേവി ഓഹരികൾ വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ സ്രോതസ്സും വ്യക്തമല്ല. കൂടാതെ, തേജസ്വി യാദവ് ഓഹരികൾ വാങ്ങിയതായി പറയപ്പെടുന്ന വ്യക്തികൾ തങ്ങൾക്ക് അത്തരം ഓഹരികൾ കൈവശമുള്ള കാര്യം അറിയില്ലെന്ന് വ്യക്തമാക്കിയതായും ഇഡി കണ്ടെത്തി.