ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത് പാക് ചാരസംഘടനയോ? അന്വേഷിക്കാൻ ഇന്ത്യ

ന്യൂഡൽഹി: മൂന്ന് ഇന്ത്യക്കാരെ ഇറാനിൽ നിന്ന് തട്ടിക്കൊണ്ടുപോയതിന് പിന്നിൽ പാകിസ്താന്റെ ചാര സംഘടനായ ഐ.എസ്.ഐയ്ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നു. പഞ്ചാബിൽ നിന്നുള്ള മൂന്ന് പേരെയാണ് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് മേയ് ഒന്നിന് തട്ടിക്കൊണ്ടുപോയത്. ഈ മൂന്ന് പേരും പാകിസ്താനിൽ ചാര പ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് തെളിയിക്കാൻ ഐ.എസ്.ഐ. ശ്രമിക്കുമെന്നാണ് ഇന്ത്യൻ ഏജൻസികളുടെ വിലയിരുത്തൽ.
ഹുഷൻപ്രീത് സിങ്, ജസ്പാൽ സിങ്, അമൃത് പാൽ സിങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. പഞ്ചാബിലെ സൻഗ്രുർ, ഹോഷ്യപുർ, എസ്ബിഎസ് നഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. മോചനദ്രവ്യം ആവശ്യപ്പെട്ട് ഇവരുടെ കുടുംബാംഗങ്ങൾക്ക് ഫോൺ കോളുകൾ ലഭിച്ചിരുന്നു. പാകിസ്താനിലെ ഫോൺ നമ്പറുകളിൽ നിന്നായിരുന്നു കോളുകൾ. ഇതിനെത്തുടർന്നാണ് അന്വേഷണം ഐ.എസ്.ഐയിലേക്ക് നീട്ടാൻ അന്വേഷണ ഏജൻസികൾ തീരുമാനിച്ചത്.
ദുബായ് വഴി ഓസ്‌ട്രേലിയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്ത് ഒരു ഏജന്റാണ് ഇവരെ കൊണ്ടുപോയത്. നിലവിൽ ഒളിവിൽ കഴിയുന്ന ഈ ഏജന്റിന് പാക് ചാര സംഘടനായ ഐ.എസ്.ഐയുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. മൂന്ന് പേരെയും കണ്ടെത്താൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി ഇറാൻ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.
Content Highlights: Three Indians abducted from Iran; Indian agencies suspect ISI involvement