പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം തൂണിലിടിച്ചു; നേരിയ കേടുപാട്

#ന്യൂസ് ഡെസ്ക്

ശ്രീനഗർ: വിമാനത്താവളത്തിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തൂണിലിടിച്ച് ഇൻഡിഗോ വിമാനത്തിന് നേരിയ കേടുപാട്. നവി മുംബൈയിൽനിന്ന് ശ്രീനഗറിലെത്തിയ വിമാനമാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

ബേ നമ്പർ ആറിൽ പാർക്ക് ചെയ്യുന്നതിനിടെയായിരുന്നു മെറ്റൽ തൂണിലിടിച്ചത്. വിമാനം ഇടിച്ചതിനെത്തുടർന്ന് കുത്തനെയുള്ള മെറ്റൽ പോസ്റ്റ് ഒരു വശത്തേക്ക് ചരിഞ്ഞുപോയി. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഗോവണി സ്ഥാപിച്ചാണ് യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽനിന്ന് സുരക്ഷിതമായി പുറത്തിറക്കിയത്. ജീവനക്കാർക്കോ യാത്രക്കാർക്കോ പരിക്കില്ല.

സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വിശദമായ പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഔദ്യോഗിക അന്വേഷണം പൂർത്തിയായതിനുശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളൂ.

Content Highlights: An Indigo flight experienced a minor accident at Srinagar airport, striking a metal pole. Authorities are investigating the incident's cause.