റീഫണ്ടിങ് നടപടികള്‍ ഞായറാഴ്ച രാത്രിക്കകം പൂര്‍ത്തിയാക്കണം; ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

മുംബൈ: ഇന്‍ഡിഗോയിലെ പ്രതിസന്ധികള്‍ക്കിടെ വിമാനം റദ്ദാക്കലുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍ കമ്പനിക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. പ്രവര്‍ത്തന തടസ്സങ്ങള്‍ കാരണം വിമാനം റദ്ദാക്കുകയോ തടസ്സപ്പെടുകയോ ചെയ്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്കുള്ള റീഫണ്ടിങ് നടപടികള്‍ ഞായറാഴ്ച രാത്രിക്കകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കി.
'റദ്ദാക്കിയതോ തടസ്സപ്പെട്ടതോ ആയ എല്ലാ വിമാനങ്ങള്‍ക്കുമുള്ള പണം തിരികെ നല്‍കുന്ന പ്രക്രിയ ഡിസംബര്‍ ഏഴ്, ഞായറാഴ്ച രാത്രി 8:00 മണിയോടെ പൂര്‍ണ്ണമായി പൂര്‍ത്തിയാക്കണം' വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയ യാത്രക്കാരില്‍ നിന്ന് റീ ഷെഡ്യൂളിംഗ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണം തിരികെ നല്‍കുന്നതില്‍ എന്തെങ്കിലും കാലതാമസമോ ചട്ടലംഘനമോ ഉണ്ടായാല്‍ 'ഉടനടി നിയന്ത്രണ നടപടികള്‍' സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡിഗോയിലെ പ്രതിസന്ധി തുടരുന്നതിനിടെ ശനിയാഴ്ചയും നിരവധി യാത്രക്കാര്‍ക്കാണ് ദുരിതം നേരിട്ടത്. ശനിയാഴ്ച മാത്രം 500ലധികം സര്‍വീസുകള്‍ രാജ്യത്ത് റദ്ദാക്കപ്പെട്ടു. ബെംഗളൂരു റൂട്ടിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ടത്.
വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതിനാല്‍ യാത്രക്കാര്‍ക്ക് ലഭിക്കേണ്ട ബാഗേജുകള്‍ 48 മണിക്കൂറിനുള്ളില്‍ യാത്രാക്കാരുടെ വിലാസത്തില്‍ എത്തിക്കാന്‍ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രാക്കാര്‍ക്ക് ട്രാക്കിംഗ്, ഡെലിവറി എന്നിവ സംബന്ധിച്ച് വ്യക്തമായ ആശയവിനിമയം നടത്താനും ആവശ്യമായ നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിമാനത്താവള അധികൃതരുമായും സുരക്ഷാ ഏജന്‍സികളുമായും ചേര്‍ന്ന് ക്രമീകരണം നടത്താനും നിര്‍ദേശിച്ചു.
Content Highlights: Ministry directs IndiGo to complete all flight cancellation refunds by Sunday night