മുംബൈ ഭീകരാക്രമണം; അന്നത്തെ സര്‍ക്കാര്‍ മറുപടി നല്‍കിയില്ല, എന്നാല്‍ ഞങ്ങള്‍ കൊടുത്തു- എസ് ജയശങ്കര്‍

Photo: Mathrubhumi
Photo: Mathrubhumi

മുംബൈ: സ്വയം പ്രതിരോധിക്കുന്ന കാര്യത്തില്‍ ഇന്ത്യ മുമ്പത്തെ പോലെയല്ലെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. എന്‍ഡിടിവി ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്സ് 2024 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2008 നവംബര്‍ 26-ന് നടന്ന മുംബൈ ഭീകരാക്രമണത്തിന് അന്നത്തെ ഭരണകൂടം മറുപടി നല്‍കിയില്ല. എന്നാല്‍ ഉറി ആക്രമണത്തിനും പുല്‍വാമ അക്രമണത്തിനും ഞങ്ങള്‍ മറുപടി നല്‍കിയെന്ന് ജയശങ്കര്‍ പറഞ്ഞു. 

2016-ല്‍ ജമ്മു കശ്മീരിലെ ഉറിയിലെ  ഇന്ത്യന്‍ സൈനിക താവളത്തില്‍ പാകിസ്താനി ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. 2019-ല്‍ നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യുവരിച്ചു. 

ഉറി ആക്രമണത്തിന് പിന്നാലെയാണ് പാക് അധീന കശ്മീരില്‍ കടന്നുകയറി ഇന്ത്യന്‍ പ്രത്യേക സേന ഭീകരത്താവളങ്ങളില്‍ ആക്രമണം നടത്തിയത്. 150-ഓളം ഭീകരര്‍ ഇതില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. പുല്‍വാമയില്‍ നടന്ന ആക്രമണത്തിന് മറുപടിയെന്നോണമാണ് വ്യോമസേന ബാലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്.  

പാകിസ്താനില്‍ നിന്നെത്തിയ ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ മുംബൈയിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും 26 വിദേശികളും അടക്കം 166 ആളുകളാണ് കൊല്ലപ്പെട്ടത്. 300-ലേറെ പേര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തിന് പിന്നാലെയാണ് ഇന്ത്യ തീരദേശ സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്. നാവികസേനയും കോസ്റ്റ് ഗാര്‍ഡും സ്‌റ്റേറ്റ് മാറൈന്‍ പോലീസും മറ്റ് കേന്ദ്ര സംസ്ഥാന ഏജന്‍സികളുമാണ് തീരദേശ സുരക്ഷ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. 

Content Highlights: S Jaishankar highlights India`s stronger response to terrorism citing Uri and Pulwama as examples.