‘മുന്നറിയിപ്പുകള്‍ അവഗണിക്കുന്നു’, റഷ്യന്‍ സൈന്യത്തില്‍ 44 ഇന്ത്യക്കാര്‍ സേവനമനുഷ്ഠിക്കുന്നതായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൗരരുടെ എണ്ണം 44 ആയി ഉയർന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. സമീപമാസങ്ങളിലെ റിക്രൂട്ട്‌മെൻ്റിലൂടെയാണ് ഇത്രയും പേർ റഷ്യൻ സൈന്യത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചും റഷ്യൻ സൈന്യത്തിൽ ചേരുന്നവരുടെ എണ്ണം വർധിക്കുന്നതായും ഈ രീതി അവസാനിപ്പിക്കുന്നതിനായി റഷ്യൻ അധികൃതരുമായി വിഷയം ചർച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
നിലവിൽ റഷ്യൻ സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വേഗത്തിലുള്ള മോചനം ഉറപ്പാക്കാൻ ഇന്ത്യൻ അധികൃതർ റഷ്യയുമായി ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
"കഴിഞ്ഞ കുറച്ച് മാസങ്ങളായി, നിരവധി ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്യപ്പെട്ടതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ലഭ്യമായ വിവരമനുസരിച്ച് നിലവിൽ 44 ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്", ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനും ഈ രീതി അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് ഇന്ത്യൻ അധികൃതർ റഷ്യയുമായി വിഷയം വീണ്ടും ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞങ്ങൾ റഷ്യൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ഈ ആളുകളുടെ കുടുംബങ്ങളുമായും ഞങ്ങൾ ബന്ധപ്പെടുകയും വിഷയത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ അവരെ അറിയിക്കുകയും ചെയ്യുന്നുണ്ട്, റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാനുള്ള വാഗ്ദാനങ്ങളിൽ നിന്ന് ഇന്ത്യക്കാർ വിട്ടുനിൽക്കണം, കാരണം ഇത് ജീവന് ഭീഷണിയായ അപകടം നിറഞ്ഞ ഒന്നാണ്. ഞങ്ങൾ ഇത് പലതവണ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് ആളുകൾ സൈന്യത്തിൽ ചേരുന്നത് തുടരുകയാണ്. ആരെങ്കിലും അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾക്ക് അവരെ തടയാൻ കഴിയില്ല, എന്നാൽ ഇത്തരം ജോലികളിൽ ചേർന്നാലുള്ള അപകടങ്ങളെക്കുറിച്ച് നിങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് ഞങ്ങൾ തുടർന്നും നിർബന്ധിക്കുന്നു," ജയ്‌സ്വാൾ പറഞ്ഞു.
റഷ്യൻ സൈന്യത്തിൽ 27 ഇന്ത്യക്കാർ സേവനമനുഷ്ഠിക്കുന്നുണ്ടെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സമീപ മാസങ്ങളിൽ കൂടുതൽ റിക്രൂട്ട്‌മെൻ്റുകൾ നടന്നതായി ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുത്ത് 12 ഇന്ത്യക്കാരെങ്കിലും കൊല്ലപ്പെട്ടതോടെ ഈ വിഷയത്തിന് അടിയന്തര പ്രാധാന്യം കൈവന്നു. കശ്മീർ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഡസനിലധികം ഇന്ത്യക്കാരെ യുക്രെയ്‌നുമായുള്ള യുദ്ധത്തിൻ്റെ മുൻനിരയിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ സൈനിക യൂണിറ്റുകളിൽ ചേരാൻ നിർബന്ധിതരാക്കിയതായി സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ഇവരിൽ ഭൂരിഭാഗം പേരും സ്റ്റുഡൻ്റ്, ബിസിനസ് വിസകളിലാണ് റഷ്യയിലേക്ക് യാത്ര ചെയ്തത്. ഇന്ത്യൻ സർക്കാർ ഈ വിഷയം മോസ്കോയിലെ ഉന്നത നേതൃത്വവുമായി ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്, ഏറ്റവും ഒടുവിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഓഗസ്റ്റിൽ റഷ്യ സന്ദർശിച്ചപ്പോഴും ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരുടെ എണ്ണം ഇപ്പോൾ 170 ആയിട്ടുണ്ട്. അടുത്തിരിക്കുന്നു. ഇതിൽ 96 പേരെ റഷ്യൻ അധികൃതർ മോചിപ്പിച്ചപ്പോൾ, മറ്റ് 16 പേരെ കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: India confirms 44 citizens are serving in the Russian military. Ministry of External Affairs engages with Russia for their swift release and warns against joining.